Skip to main content

ഗ്രീന്‍ഫീല്‍ഡ് ഹൈവേ: ആശങ്കക്ക് അടിസ്ഥാനമില്ലെന്ന് റവന്യൂ മന്ത്രി

ഗ്രീന്‍ഫീല്‍ഡ് ഹൈവേ സ്ഥലമേറ്റെടുക്കല്‍ സംബന്ധിച്ച് ജനങ്ങളുടെ ആശങ്ക അകറ്റുന്നത് സംബന്ധിച്ച് സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും സാധ്യമായതെല്ലാം ചെയ്യുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ അറിയിച്ചു. ഭൂമിയേറ്റെടുക്കുമ്പോള്‍ നല്‍കുന്ന നഷ്ടപരിഹാരം സംബന്ധിച്ച് എഎല്‍എമാരും, എംപിമാരും ഉന്നയിച്ച ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തില്‍ മാത്രമാണ് 25 ശതമാനം സംസ്ഥാന വിഹിതം കൂടി ചേര്‍ത്ത് ഭൂമി ഏറ്റെടുക്കുന്നതെന്നും മറ്റ് സംസ്ഥാനങ്ങളില്‍ ഭൂമി ഏറ്റെടുക്കലിന് വേണ്ടി വരുന്ന തുകയുടെ 17 ഇരട്ടി തുകയാണ് കേരളത്തില്‍ നല്‍കേണ്ടി വരുന്നതെന്നും മന്ത്രി പറഞ്ഞു.

 

ഗ്രീന്‍ഫീല്‍ഡ് ഹൈവേക്കായി ഭൂമി ഏറ്റെടുക്കലിന് വിധേയമാകുന്ന സ്ഥലത്തുള്ള നിര്‍മ്മിതികളുടെ മൂല്യ നിര്‍ണ്ണയത്തിന് മൂല്യത്തകര്‍ച്ച ഒഴിവാക്കണമെന്ന അംഗങ്ങളുടെ ആവശ്യം ദേശീയ പാത അതോറിറ്റിയുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന് മന്ത്രി അറിയിച്ചു. ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ട സര്‍വ്വേ നമ്പറുകളില്‍ ഉള്‍പ്പെട്ടവര്‍ അപേക്ഷിച്ചുള്ള പട്ടയങ്ങളുടെ കാര്യത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്നും പ്രസ്തുത സര്‍വ്വേ നമ്പറുകളില്‍ ഉള്‍പ്പെട്ട നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരമുള്ള തരം മാറ്റ അപേക്ഷകള്‍ മുന്‍ഗണന നല്‍കി തീര്‍പ്പാക്കുമെന്നും മന്ത്രി പറഞ്ഞു. വിജ്ഞാപനത്തില്‍ ഉള്‍പ്പെടുന്ന ലക്ഷം വീട് കോളനിക്കാരുടെ പട്ടയം നല്‍കുന്ന വിഷയം അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്നും വിലനിര്‍ണ്ണയം സംബന്ധിച്ച മള്‍ട്ടിപ്പിള്‍ ഫാക്ടര്‍ ദൂരപരിധിക്കനുസരിച്ച് ഇപ്പോള്‍ തന്നെ ഇരട്ടിവരെ ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ എംഎല്‍എമാരായ പി.ടി.എ റഹീം, ടി.വി ഇബ്രാഹീം, കെ.പി അനില്‍കുമാര്‍, പി.കെ ബഷീര്‍, എന്‍. ഷംസുദ്ധീന്‍, യു.എ ലത്തീഫ് എന്നിവരും കോങ്ങാട് എംഎല്‍എ ശാന്തകുമാരിയുടെ പ്രതിനിധികളും പങ്കെടുത്തു.

 

 

 

 

 

 

date