Skip to main content

പ്രളയ-ഉരുള്‍പൊട്ടല്‍ മോക്ക്ഡ്രില്‍:  ജില്ലാ ദുരന്ത നിവാരണ അതോറിറ്റി  യോഗം ചേര്‍ന്നു

 

    സംസ്ഥാനത്തൊട്ടാകെ ഡിസംബര്‍ 29ന് സംഘടിപ്പിക്കുന്ന പ്രളയ - ഉരുള്‍പൊട്ടല്‍ മോക്ക് ഡ്രില്ലിനോട് അനുബന്ധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം ചേര്‍ന്നു. ജില്ലാ കളക്ടര്‍ ഡോ. രേണു രാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മോക്ക് ഡ്രില്ലിനായുള്ള മുന്നൊരുക്കങ്ങളും ക്രമീകരണങ്ങളും ചര്‍ച്ച ചെയ്തു. താലൂക്ക് അടിയന്തരകാര്യ നിര്‍വഹണ കേന്ദ്രങ്ങളാണ് മോക്ക് ഡ്രില്ലില്‍ പ്രധാന ചുമതല വഹിക്കേണ്ടതെന്ന് കളക്ടര്‍ പറഞ്ഞു.

    ജില്ലയില്‍ അഞ്ചു സ്ഥലങ്ങളിലാണ് മോക്ക് ഡ്രില്‍ നടത്തുക. താലൂക്ക് പരിധിയിലെ തിരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലായിരിക്കും മോക്ക് ഡ്രില്‍ സംഘടിപ്പിക്കുന്നത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നേതൃത്വത്തിലാണ് മോക്ക് ഡ്രില്‍ നടത്തുക. മോക്ക് ഡ്രില്ലിന് മുന്നോടിയായി ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ഡിസംബര്‍ 27ന് വീണ്ടും യോഗം ചേരും.

    ജില്ലാ അടിയന്തരകാര്യ നിര്‍വഹണ കേന്ദ്രത്തില്‍ നടന്ന യോഗത്തില്‍ ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടര്‍ ഉഷ ബിന്ദുമോള്‍, താലൂക്ക് തഹസീല്‍ദാര്‍മാര്‍, അഗ്‌നി രക്ഷ, ആരോഗ്യം, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

     14 ജില്ലകളും ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട മറ്റു വകുപ്പുകളും മോക്ക്ഡ്രില്ലില്‍ പങ്കെടുക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍,  മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പ്രളയ സാധ്യത മോക്ക് ഡ്രില്ലും പാലക്കാട്, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളില്‍ ഉരുള്‍പൊട്ടല്‍ സാധ്യതാ മോക്ക്ഡ്രില്ലുമാണ് നടത്തുന്നത്.

    ദുരന്ത മുന്നറിയിപ്പ് ലഭിക്കുന്ന ഘട്ടത്തില്‍ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടിരിക്കുന്ന ഇന്‍സിഡന്റ് റെസ്‌പോണ്‍സ് സിസ്റ്റത്തിന്റെ പ്രവര്‍ത്തനം, കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനം, വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം, ആശയവിനിമയോപാധികളുടെ കൃത്യമായ ഉപയോഗം, അപകട സ്ഥലത്ത് നടത്തുന്ന പ്രതികരണ-രക്ഷാപ്രവര്‍ത്തനങ്ങളുടെ ഏകോപനം തുടങ്ങിയ സുപ്രധാന കാര്യങ്ങള്‍ വിലയിരുത്തപ്പെടും. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നുള്ള പ്രത്യേക നിരീക്ഷകന്‍ സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററില്‍ ഇരുന്ന് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കും. എല്ലാ ജില്ലയിലും ഏഴ് വീതം ദേശീയ പ്രതിരോധ സേനകളുടെ ഉദ്യോഗസ്ഥര്‍ നടപടികള്‍ നിരീക്ഷിക്കും.

date