Skip to main content
ടി.ജെ വിനോദ് എം.എല്‍.എയുടെ ഗുഡ് മോര്‍ണിങ്ങ് എറണാകുളം പദ്ധതി മേയര്‍ എം.അനില്‍കുമാര്‍ ഉദ്ഘാടനം ചെയുന്നു. ടി.ജെ വിനോദ് എം.എല്‍.എ, ഡോ.റോബിന്‍ രാധാകൃഷ്ണന്‍, ബി.പി.സി.എല്‍.ജനറല്‍ മാനേജര്‍ ജോര്‍ജ് തോമസ്, പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേഷ്, വി.എ ശ്രീജിത്ത്, ഡി.ഡി.ഇ ഹണി.ജി.അലക്സാണ്ടര്‍, എ.ഇ.ഒ സതീഷ് കുമാര്‍ തുടങ്ങിയവര്‍ സമീപം.

ഗുഡ് മോര്‍ണിങ്ങ് എറണാകുളം പ്രഭാതഭക്ഷണ  പദ്ധതി ഉദ്ഘാടനം ചെയ്തു

 

    എറണാകുളം നിയമസഭാ നിയോജകമണ്ഡലത്തിലെ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ടി.ജെ.വിനോദ് എം.എല്‍.എ വിഭാവനം ചെയ്ത പ്രഭാത ഭക്ഷണ പദ്ധതി ഗുഡ് മോര്‍ണിങ്ങ് എറണാകുളം എന്ന പദ്ധതി  കൊച്ചി  മേയര്‍ അഡ്വ.എം.അനില്‍കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.  എറണാകുളം ഗവ.ഗേള്‍സ് ഹൈസ്‌കൂളില്‍ നടന്ന ചടങ്ങില്‍ ബിഗ് ബോസിലൂടെ പ്രശസ്തനായ ഡോ.റോബിന്‍ രാധാകൃഷ്ണന്‍ മുഖ്യാതിഥിയായി. 

    നിയോജകമണ്ഡലത്തിലെ 38 വിദ്യാലയങ്ങളിലായി ഏഴായിരത്തോളം വിദ്യാര്‍ഥികള്‍ പദ്ധതിയുടെ ഗുണഭോകതാക്കളാണ്. ബി.പി.സി.എല്ലിന്റെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ടി.ജെ വിനോദ് എം.എല്‍.എ പറഞ്ഞു.

    കക്ഷി രാഷ്ട്രീയത്തിനതീമായി ജനപ്രതിധിനിധികള്‍ തമ്മിലുള്ള സഹകരണവും ആശയവിനിമയവും കൊച്ചി നഗരത്തിന്റെ വികസനത്തിനുള്ള ചാലക ശക്തിയാകുമെന്നും ഇത്തരത്തിലുള്ള ഇഴയടുപ്പത്തിന് ഉത്തമ ഉദാഹരണമാണ് ഈ പദ്ധതിയെന്നും മേയര്‍ പറഞ്ഞു. 

    ചേരാനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേഷ്, ബി.പി.സി.എല്‍ ജനറല്‍ മാനേജര്‍ ജോര്‍ജ് തോമസ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഹണി ജി അലക്സാണ്ടര്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സതീഷ്‌കുമാര്‍, ടി.യു സാദത്ത്, ഹെഡ്മാസ്റ്റര്‍ സാബു ജേക്കബ്, ഹെഡ്മിസ്‌ട്രെസ്  കെ.കെ ജയ തുടങ്ങിയവര്‍ പ്രസംഗിച്ചു.

date