Skip to main content
കേരള നോളജ് ഇക്കോണമി മിഷൻ സാമൂഹ്യ നീതി വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന വൈജ്ഞാനിക തൊഴിൽ പദ്ധതിയുടെ ആശയരൂപീകരണ യോഗം  സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു. സാമൂഹ്യ നീതി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ പവിത്രൻ തൈക്കണ്ടി,നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ.പി.എസ് ശ്രീകല എന്നിവർ സമീപം

സാമൂഹിക നീതിയില്‍ അധിഷ്ഠിതമായ  നവകേരളം സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി ആര്‍.ബിന്ദു

 

    സാമൂഹിക നീതിയില്‍ അധിഷ്ഠിതമായി സമൂഹത്തിന്റെ സമഗ്ര വികസനമുറപ്പാക്കുകയെന്നതാണ് നവ കേരള നിര്‍മിതിയുടെ ലക്ഷ്യമെന്ന് സാമൂഹ്യ നീതി, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. കേരള നോളജ് ഇക്കോണമി മിഷന്‍ സാമൂഹ്യ നീതി വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന വൈജ്ഞാനിക തൊഴില്‍ പദ്ധതിയുടെ ആശയരൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. 

    വൈജ്ഞാനിക സമൂഹ നിര്‍മാണം വഴി സമ്പദ്ഘടനയുടെ വിപുലീകരണം സാധ്യമാകണം. കേരള മോഡലിന്റെ ഗുണഫലങ്ങള്‍ കടന്നു ചെല്ലാത്ത സമൂഹത്തിന് ഇതര സമൂഹങ്ങള്‍ക്ക് ലഭ്യമായ എല്ലാ സൗകര്യവും ഉറപ്പാക്കേണ്ടതുണ്ട്. ഈ വിഭാഗത്തിന് വരുമാനദായകമായ തൊഴില്‍ ഉറപ്പാക്കുകയെന്നതാണ് വൈജ്ഞാനിക തൊഴില്‍ പദ്ധതിയുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

    കേരള നോളജ് ഇക്കോണമി മിഷന്‍, കെ-ഡിസ്‌ക് എന്നിവ വഴി കേരളത്തില്‍ 20 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മുന്നില്‍ നില്‍ക്കുമ്പോഴും തൊഴില്‍ അവസരങ്ങള്‍ കുറവുള്ള സ്ഥിതിയാണുള്ളത്. ഈ അന്തരത്തിനു കാരണം അഭിരുചിയിലെ അന്തരമാണ്. ഇത് ഒഴിവാക്കുകയാണു ലക്ഷ്യം. ഭിന്നശേഷിക്കാരുടെ അഭിരുചികള്‍ മെച്ചപ്പെടുത്തുന്നതിനായി പ്രാദേശിക തലത്തില്‍ കേന്ദ്രങ്ങള്‍ ആരംഭിക്കും. കൂടുതലാളുകളെ ഇത്തരം കേന്ദ്രങ്ങളിലേക്ക് എത്തിക്കുമെന്നും മന്ത്രി പറഞ്ഞു. 

    പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തു ഭിന്ന ശേഷി തൊഴില്‍ മേള സംഘടിപ്പിക്കും. സ്വന്തമായി സംരംഭങ്ങള്‍ ആരംഭിക്കാനാഗ്രഹിക്കുന്നവര്‍ക്ക് കൈവല്യം പോലുള്ള പദ്ധതികള്‍ വഴി സഹായമുറപ്പാക്കും. സമൂഹത്തിനു ഗുണകരമായ ഉല്‍പന്നങ്ങളും സേവനങ്ങളും നിര്‍മ്മിക്കപ്പെടേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. 

    എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ നോളജ് ഇക്കോണമി മിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ് ശ്രീകല അധ്യക്ഷത വഹിച്ചു. വികലാംഗ ക്ഷേമ കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ.ജയ ഡാലി, സാമൂഹ്യ നീതി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ പവിത്രന്‍ തൈക്കണ്ടി, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ കെ.കെ. ഉഷ, നോളജ് ഇക്കോണമി മിഷന്‍ പ്രോഗ്രാം മാനേജര്‍ ടി. എസ് നിധീഷ്, അസിസ്റ്റന്റ് പി. കെ പ്രജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

date