Skip to main content
വിഷൻ -2030  ധർമ്മടം  മണ്ഡലം വികസനസെമിനാർ പിണറായി കൺവെൻഷൻ   സെന്ററിൽ  മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു

വികസനം താൽക്കാലിക പ്രതിഭാസമല്ല: മുഖ്യമന്ത്രി

വികസനമെന്നത് താൽക്കാലിക പ്രതിഭാസമല്ലെന്നും നാളേക്കുള്ള കരുതലാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ധർമടം മണ്ഡലം വികസന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃത്യമായും സുസ്ഥിര സ്വഭാവമുള്ളതായിരിക്കണം വികസന പദ്ധതികൾ. നാളെയെ കണ്ടുകൊണ്ടാണ് വികസനത്തിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുന്നത്. നവകേരളമെന്ന കാഴ്ചപ്പാടിലൂടെ വികസിത രാഷ്ട്രങ്ങളിലെ, മധ്യവരുമാന രാഷ്ട്രങ്ങളിലേതിന് തുല്യമായ ജീവിത നിലവാരം കേരളത്തിലും ആർജ്ജിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. പൊതുവേ കേരളത്തിലെ വികസനം സർവ്വതല സ്പർശിയും സാമൂഹ്യ നീതിയിൽ അധിഷ്ഠിതവുമാണ്.
പൊതുപണവും വിഭവങ്ങളുമാണ് വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നത്. അതുകൊണ്ട് ഓരോരുത്തർക്കും തികഞ്ഞ ഉത്തരവാദിത്തബോധം ഉണ്ടാകുക പ്രധാനമാണ്. പൊതുപണം ഫലപ്രദമായാണോ വിനിയോഗിച്ചത്, എവിടെയെങ്കിലും ചോർച്ചയുണ്ടായോ, ഉദ്ദേശിച്ച ഫലം കൈവന്നോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കപ്പെടണം. ഇതിനായി തദ്ദേശസ്ഥാപനങ്ങളിൽ മോണിറ്ററിങ്ങ് സംവിധാനം ഉറപ്പാക്കണം-മുഖ്യമന്ത്രി നിർദേശിച്ചു.
കഴിഞ്ഞ വർഷങ്ങളിൽ ധർമടം മണ്ഡലത്തിൽ അടിസ്ഥാന സൗകര്യം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ വലിയ മാറ്റം സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്. കാർഷിക രംഗവും അഭിവൃദ്ധിപ്പെട്ടു. ഇതിന്റെ ഫലമായി തരിശ് രഹിത മണ്ഡലമെന്ന അഭിമാനകരമായ നേട്ടം കൈവരിക്കാൻ കഴിഞ്ഞു. സ്പർശം പദ്ധതിയിലൂടെ പാലിയേറ്റീവ് രംഗത്തും നന്നായി മുന്നോട്ടുപോകാനായി. സമ്പൂർണ പാലിയേറ്റീവ് മണ്ഡലമായി ധർമടത്തെ പ്രഖ്യാപിക്കാനായി. ജനങ്ങളുടെ ജീവിത നിലവാരം പടിപടിയായി ഉയർത്തുകെയന്നതാണ് വികസനത്തിന്റെ അർഥം.
മണ്ഡലത്തിന്റെ വിവിധ മേഖലകളിലെ വികസന സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ ഉതകുന്ന പദ്ധതികൾ ആവിഷ്‌ക്കരിക്കപ്പെടണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ഉന്നത വിദ്യാഭ്യാസം, വിനോദ സഞ്ചാരം തുടങ്ങിയ രംഗങ്ങളിൽ മണ്ഡലത്തിന് സവിശേഷ സാധ്യതയുണ്ട്. ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബ് എന്ന നിലയിലേക്ക് ധർമടത്തെ മാറ്റാനുള്ള വിഭവങ്ങൾ നിലവിലുണ്ട്. ഗവ. ബ്രണ്ണൻ കോളേജ്, പാലയാട് യൂനിവേഴ്‌സിറ്റി സെന്റർ, എകെജി നഴ്‌സിങ്ങ് കോളേജ്, ഡയറ്റ് തുടങ്ങിയവയാണത്. ഇതിനുപുറമെ 245 കോടി ചെലവിൽ ഉന്നത വിദ്യാഭ്യാസ സമുച്ചയം സ്ഥാപിക്കാൻ പോകുന്നു.
വിനോദ സഞ്ചാര മേഖലയിലും നല്ല സാധ്യതയുണ്ട്. അഞ്ചരക്കണ്ടി പുഴ ഉൾപ്പെടെ വരുന്ന മലനാട് മലബാർ റിവർ ക്രൂയിസ് ടൂറിസം പദ്ധതി, ഹെറിറ്റേജ് ടൂറിസം പദ്ധതി തുടങ്ങിയവ വലിയ സാധ്യതയാണ് തുറന്നിടുന്നത്. കാർഷിക രംഗത്തെ സാധ്യതയും പ്രയോജനപ്പെടുത്താൻ കഴിയണം. നെല്ലിനൊപ്പം മറ്റ് ധാന്യങ്ങളും കൃഷി ചെയ്യുന്ന രീതി തിരിച്ചുകൊണ്ടുവരണം. പരമ്പരാഗത വ്യവസായത്തിൽ ചില പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ട്. ബോധപൂർവ്വം ഇടപെട്ട് പരിശ്രമിച്ചാൽ നല്ല പുരോഗതി ഉണ്ടാക്കാൻ സാധിക്കും.
വെള്ളവും വായുവും ശുദ്ധമാണെന്ന് ഉറപ്പാക്കാനുള്ള പരിശ്രമങ്ങളും പ്രധാനമാണ്. ഇതിനായി ശാസ്ത്രീയമായ മാലിന്യ നിർമാർജനം ആവശ്യമാണ്. മാലിന്യ നിർമാർജന പരിപാടികളിൽ സംസ്‌കരണം പ്രധാനമാണ്. എന്തിനെയും എതിർക്കുന്ന ഒരു പ്രവണത കേരളത്തിലുണ്ട്. മാലിന്യസംസ്‌ക്കരണ കേന്ദ്രം വരുമ്പോൾ വലിയതോതിൽ എതിർപ്പുമായി ചിലർ കച്ചകെട്ടി ഇറങ്ങുകയാണ്. പ്രദേശത്തുകാരായ ചിരരൊക്കെ ഇവരുടെ പ്രചാരണത്തിൽ കുടുങ്ങിപോവുകയും ചെയ്യും. എല്ലാവർക്കും ശുദ്ധമായ വെള്ളം ലഭിക്കുന്ന സ്ഥിതിയിലേക്ക് നമ്മുടെ ജലാശയങ്ങൾ മാലിന്യമുക്തമാക്കാനുള്ള ഇടപെടലുകൾ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഉണ്ടാവണം. വായുവിന്റെ ശുദ്ധത ഉറപ്പു വരുത്തണം. മുതിർന്ന പൗരന്മാരുടെ സംരക്ഷണം സർക്കാരിന്റെ പരിഗണനയിലാണ്. ലഹരി മാഫിയകളിൽ നിന്നും നമ്മുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കണം. ലഹരിക്കെതിരെയുള്ള ക്യാമ്പയിൻ ശക്തമാക്കണം. ഇത്തരം സമഗ്രമായ ഇടപെടലുകളിലൂടെ നമ്മുടെ നാടിനെ വിജ്ഞാന സമൂഹമായി പരിവർത്തിപ്പിക്കാനാണ് നാം ശ്രമിക്കേണ്ടത്. ആ പരിവർത്തനത്തിന് നല്ല പങ്ക് ധർമ്മടം മണ്ഡലത്തിന് വഹിക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പിണറായി കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ മുൻ എം എൽ എ കെ കെ നാരായണൻ അധ്യക്ഷത വഹിച്ചു. കില ഡയറക്ടർ ഡോ. ജോയ് ഇളമൺ ആമുഖം അവതരിപ്പിച്ചു. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി മേജർ ദിനേഷ് ഭാസ്‌കരൻ മണ്ഡലം വികസനത്തിന്റെ പുതിയ തലം, ഡി പി സി അംഗം കെ വി ഗോവിന്ദൻ വികസന രേഖയുടെ പ്രാധാന്യം, മണ്ഡലം ചുമതലയുള്ള പേഴ്‌സണൽ സ്റ്റാഫ് അംഗം കെ പ്രദീപൻ വികസന പ്രവർത്തനങ്ങൾ 2016-2022 എന്നിവയിൽ വിഷയാവതരണങ്ങൾ  നടത്തി.
മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ കെ രാജീവൻ സി പി അനിത, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ എൻ കെ രവി, കെ ഗീത, കെ ദാമോദരൻ, എ വി ഷീബ, കെ പി ലോഹിതാക്ഷൻ, ടി സജിത, പി വി പ്രേമവല്ലി, ജില്ലാ പഞ്ചായത്തംഗം കോങ്കി രവീന്ദ്രൻ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം സി എം സജിത, സി എൻ ചന്ദ്രൻ, വി എ നാരായണൻ തുടങ്ങിയവർ സംബന്ധിച്ചു.
ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം 2022 വരെ മണ്ഡലത്തിൽ നടന്ന വികസന പ്രവർത്തനങ്ങൾ സെമിനാറിൽ ചർച്ച ചെയ്തു. 2030 വരെ ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങളെ കുറിച്ചുള്ള വിശദമായ വികസന രേഖയും അവതരിപ്പിച്ചു. ഒൻപത് ഗ്രൂപ്പുകളായി തിരിഞ്ഞാണ് ചർച്ചകൾ നടത്തിയത്. മണ്ഡലത്തിലെ ജനപ്രതിനിധികൾ, ഗ്രാമപഞ്ചായത്ത് നിർവ്വഹണ സമിതി ഉദ്യോഗസ്ഥർ, മണ്ഡലം റിസോഴ്‌സ് പേഴ്‌സൺമാർ, പഞ്ചായത്തിലെ വർക്കിംഗ് ഗ്രൂപ്പ് ഉപാധ്യക്ഷർ, സി ഡി എസ് ചെയർപേഴ്‌സൺമാർ, പ്രത്യേക ക്ഷണിതാക്കൾ തുടങ്ങി 550 പ്രതിനിധികൾ സെമിനാറിൽ പങ്കെടുത്തു.
 

date