Skip to main content

ഹാപ്പിനസ് ഫെസ്റ്റിവൽ ഡിസംബർ 24 മുതൽ  31 വരെ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ജനങ്ങളുടെ ജീവിത നിലവാരത്തിന്റെയും സന്തോഷത്തിന്റെയും സൂചികയായ 'ഹാപ്പിനസ് ഇൻഡക്‌സ്' എന്ന ആശയത്തെ അടിസ്ഥാനമാക്കി തളിപ്പറമ്പ് മണ്ഡലത്തിലെ ധർമ്മശാലയിൽ സംഘടിപ്പിക്കുന്ന ജനകീയോത്സവം ഹാപ്പിനസ് ഫെസ്റ്റിവൽ ഡിസംബർ 24ന് വൈകീട്ട് ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആന്തൂർ നഗരസഭാ സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിന് ശേഷം അതുൽ നറുകരയും സംഘവും അവതരിപ്പിക്കുന്ന ഫോക് മ്യൂസിക് ബാൻഡ് ഷോ 'സോൾ ഓഫ് ഫോക്' അരങ്ങേറും. ഡിസംബർ 31 വരെ നടക്കുന്ന ഫെസ്റ്റിവലിന്റെ ഭാഗമായി എക്‌സിബിഷൻ, പുസ്തകോത്സവം, ചിൽഡ്രൻസ് അമ്യൂസ്‌മെന്റ് പാർക്ക്, ഫ്‌ളവർ ഷോ, ഫുഡ് കോർട്ട്, കൈത്തറിമേള എന്നിവ ധർമ്മശാലയിലെ കണ്ണൂർ ഗവ. എൻജിനീയറിംഗ് കോളജ് ഗ്രൗണ്ടിലാണ് സജ്ജമാക്കിയിരിക്കുന്നത്. എല്ലാ ദിവസവും വൈകീട്ട് ആന്തൂർ നഗരസഭാ സ്റ്റേഡിയത്തിലും ഗവ. എൻജിനീയറിംഗ് കോളജ് ഓഡിറ്റോറിയത്തിലുമായി കലാ സാംസ്‌കാരിക പരിപാടികൾ നടക്കും.
ഹാപ്പിനസ് ഇൻഡക്‌സിൽ 146 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 131 ആണെന്ന് ഗോവിന്ദൻ മാസ്റ്റർ ചൂണ്ടിക്കാട്ടി. സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഇൻഡക്‌സാണിത്. ഇന്ത്യയിലെ ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട് വളരെ പരിതാപകരമായ അവസ്ഥയാണിത് കാണിക്കുന്നത്. ഈ സൂചികയുടെ അടിസ്ഥാനത്തിൽ പ്രവർത്തനം നടത്താൻ കഴിയുന്ന, ഇന്നത്തെ ഇന്ത്യയിലെ ഒരേയൊരു സംസ്ഥാനം കേരളമാണ്. ജനജീവിതവുമായി ബന്ധപ്പെട്ട സൂചികയിൽ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാജ്യങ്ങളുടെ പട്ടികയിൽ, അവർ കണക്കാക്കുന്ന സൂചിക വെച്ചുനോക്കിയാൽ പത്തിൽ മൂന്ന് നാലെണ്ണത്തിൽ കേരളം അവർക്കൊപ്പമാണ്. കുറേക്കൂടി ഫലപ്രദമായി മുന്നോട്ടുപോയാൽ കേരളത്തിന് ലോകത്തെ ഒന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്തുമുള്ള രാജ്യങ്ങളുടെ ഇൻഡക്‌സിനോടൊപ്പം എത്താൻ സാധിക്കും. ആ പുതിയ ദിശാബോധത്തോടെ അതിന് തുടക്കം കുറിക്കാനാണ് സർവതല സ്പർശിയായ മേഖലകളിൽ വളരെ ഫലദ്രപമായ ഹാപ്പിനസ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
25ന് വൈകിട്ട് 6.30ന് ശരീര സൗന്ദര്യ പ്രദർശനം നടക്കും. രാത്രി ഏഴിന് ക്രിസ്മസ് ആഘോഷം എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്യും. എട്ട് മണിക്ക് ഊരാളി ബാന്റിന്റെ ആട്ടവും പാട്ടും പരിപാടി. 26ന് വൈകീട്ട് അഞ്ചിന് സാംസ്‌കാരിക സായാഹ്നം മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യും. കവി ബാലചന്ദ്രൻ ചുള്ളിക്കാടും ജിഎസ് പ്രദീപും സംസാരിക്കും. 6.30ന് ജി. എസ് പ്രദീപിന്റെ ഷോ അറിവുത്സവം. എട്ട് മണിക്ക് കലാമണ്ഡലം കലാകാരികളുടെ നൃത്ത പരിപാടി.
27ന് വൈകീട്ട് അഞ്ച് മണിക്ക് സാസ്‌കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ ഉദ്ഘാടനം ചെയ്യും. നഗരസഭാ സ്റ്റേഡിയത്തിൽ ആറ് മണിക്ക് ഫാഷൻ ഷോ, തുടർന്ന് ഉത്തരേന്ത്യൻ കലാകാരന്മാരുടെ നാടോടി നൃത്തോത്സവം, എട്ട് മണിക്ക് എൻജിനീയറിങ് കോളേജ് ഓഡിറ്റോറിയത്തിൽ ചങ്ങനാശ്ശേരി അണിയറ തിയറ്ററിന്റെ നാടകം 'നാലുവരിപ്പാത'.
28ന് വൈകിട്ട് ആറിന് സാംസ്‌കാരിക സായാഹ്നം മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. 6.30ന് നഗരസഭാ സ്റ്റേഡിയത്തിൽ നടൻ സന്തോഷ് കീഴാറ്റൂർ അവതരിപ്പിക്കുന്ന ഏകാംഗ നാടകം 'പെൺനടൻ' എട്ടിന് റായും ബീഗവും ഒരുക്കുന്ന ഗസൽ രാവ്.
29ന് വൈകീട്ട് 6.30ന് പട്ടുറുമാൽ റീലോഞ്ചിംഗ് അരങ്ങേറും. മന്ത്രി പി എ മുഹമ്മദ് റിയാസ് സാംസ്‌കാരിക സായാഹ്നം ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6.30ന് എഞ്ചിനീയറിങ് കോളേജ് ഓഡിറ്റോറിയത്തിൽ കൊച്ചി ചൈത്രതാര തിയേറ്ററിന്റെ നാടകം 'ഞാൻ'. രാത്രി 8:30 ന് മുരുകൻ കാട്ടാക്കടയും സംഘവും അവതരിപ്പിക്കുന്ന മെഗാ കാവ്യാവതരണ നൃത്ത പരിപാടി 'മനുഷ്യനാകണം'.
30ന് രാത്രി ഏഴിന് നഗരസഭാ സ്റ്റേഡിയത്തിൽ ഗുരു ഗോപിനാഥ് നടന ഗ്രാമത്തിലെ കലാകാരികളുടെ കേരള നടനം. സമ്മാന സായാഹ്നവും മണ്ഡലത്തിന്റെ വെബ്‌സൈറ്റ് ഉദ്ഘാടനവും മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിക്കും. ഒമ്പത് മണിക്ക് നഗരസഭ സ്റ്റേഡിയത്തിൽ നടി നവ്യ നായരുടെയും സംഘത്തിന്റെയും നൃത്ത പരിപാടി.
31ന് വൈകിട്ട് ആറിന് പുതുവത്സരാഘോഷം എം വി ഗോവിന്ദൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. രാത്രി ഒമ്പതിന് പിന്നണിഗായകൻ സച്ചിൻ വാര്യരും സംഘവും അവതരിപ്പിക്കുന്ന മെഗാ സംഗീത പരിപാടി പുതുവർഷപ്പിറവിയിൽ അവസാനിക്കും. ഫെസ്റ്റിവലിന്റെ ഭാഗമായി അന്താരാഷ്ട്ര ചലച്ചിത്ര മേള 19, 20, 21 തീയ്യതികളിൽ നടന്നു.
സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്രയും വിപുലമായ ഒരു കലാ കായിക സാംസ്‌കാരിക വിനോദ മാമാങ്കം നടക്കുന്നതെന്ന് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. പത്ത് ലക്ഷത്തിലേറെ പേർ പങ്കെടുക്കും. 20 രൂപയാണ് പ്രവേശന ഫീസ്. മണ്ഡലത്തിലെ പത്താം തരം വരെയുള്ള വിദ്യാർഥികൾക്ക് പ്രവേശനത്തിന് സൗജന്യ പാസ് നൽകി.
ഫെസ്റ്റിവലിന്റെ ഭാഗമായി മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലും കലാ കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. കായിക മത്സരങ്ങളുടെ മണ്ഡല തല ഫൈനൽ പൂർത്തിയായി. കലാ മത്സരങ്ങളുടെ അവസാന റൗണ്ട് 25 മുതൽ 29 വരെ എൻജിനീയറിങ് കോളജ് ഗ്രൗണ്ടിലാണ്.
വാർത്താസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ പി മുകുന്ദൻ, സന്തോഷ് കീഴാറ്റൂർ, ഷെറി ഗോവിന്ദ്, കെ എം അജയകുമാർ എന്നിവരും പങ്കെടുത്തു.

date