Skip to main content
തലശ്ശേരി മലബാർ ക്യാൻസർ സെന്ററിൽ  നവീകരിച്ച ഒ.പി.ബ്ലോക്ക്, വിപുലീകരിച്ച ഹോസ്റ്റൽ, ഡിജിറ്റൽ പത്തോളജി യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുന്നു

സംസ്ഥാനത്ത് സമഗ്ര കാൻസർ നിയന്ത്രണ പദ്ധതി നടപ്പാക്കും: മുഖ്യമന്ത്രി

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംസ്ഥാനത്ത് സമഗ്ര കാൻസർ നിയന്ത്രണ പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തലശ്ശേരി മലബാർ കാൻസർ സെൻററിൽ നവീകരിച്ച ഒ പി സമുച്ചയത്തിന്റെയും നഴ്‌സ് ആൻഡ് സ്റ്റുഡൻസ് ഹോസ്റ്റൽ കെട്ടിടത്തിന്റെയും ഡിജിറ്റൽ പാത്തോളജി സംവിധാനത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ കാൻസർ നിയന്ത്രണ പരിപാടി വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. പദ്ധതി സംസ്ഥാനത്താകെ നടപ്പാക്കാൻ കേരള കാൻസർ കൺട്രോൾ സ്ട്രാറ്റജി എന്ന കർമ്മ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. പ്രാരംഭ ദശയിൽ തന്നെ കാൻസർ കണ്ടെത്താനുള്ള സൗകര്യം ഗവ. ആശുപത്രികളിൽ ഒരുക്കും. എല്ലാ ഗവ. ആശുപത്രികളിലും ആഴ്ചയിൽ ഒരു ദിവസം പ്രാരംഭ കാൻസർ പരിശോധനാ ക്ലിനിക്കുകൾ ആരംഭിക്കും. കാൻസർ സെൻററുകൾ, മെഡിക്കൽ കോളേജുകൾ, ജില്ല, താലൂക്ക് ആശുപത്രികൾ എന്നിവ ഉൾപ്പെടുത്തി കാൻസർ കെയർ ബിഡ് രൂപീകരിച്ച് ചികിത്സ വികേന്ദ്രീകരിക്കും. കാൻസർ ബോധവത്കരണ പരിപാടികളും ഗൃഹസന്ദർശനങ്ങളും വിവരശേഖരണവും ഇതിന്റെ ഭാഗമായി നടത്തും. ജീവിതശൈലീ രോഗങ്ങൾ സ്‌ക്രീൻ ചെയ്യാൻ പ്രത്യേക ആപ്പ്, കാൻസർ രജിസ്ട്രി, കാൻസർ പോർട്ടൽ, ബോൺമാരോ രജിസ്ട്രി എന്നിവയും തയ്യാറാക്കും.
2021ലാണ് മലബാർ കാൻസർ സെന്ററിനെ പി ജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസ് ആൻഡ് റിസർച്ച് എന്ന് പുനർനാമകരണം ചെയ്തത്. ഇതിന്റെ ഭാഗമായി വിവിധ സൗകര്യങ്ങൾ ഒരുക്കാനുള്ള കർമ്മ പദ്ധതിയുടെ ഭാഗമായാണ് മൂന്ന് പദ്ധതികളും ഉദ്ഘാടനം ചെയ്തത്. ലോകത്തിലെ തന്നെ മുൻനിര കാൻസർ ചികിത്സാ സ്ഥാപനമായി എം സി സിയെ ഉയർത്തിക്കൊണ്ടുവരികയാണ് ലക്ഷ്യം. അർബുദ രോഗ സംബന്ധമായ കൃത്യമായ കണക്കുകൾ ലഭ്യമാക്കാൻ കേരള കാൻസർ രജിസ്ട്രി രൂപീകരിക്കാനും അതിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാനും എം സി സിയാണ് നേതൃത്വപരമായ പങ്കുവഹിക്കുന്നത്. കാൻസർ രജിസ്ട്രിയിലേക്ക് കണ്ണൂർ, കാസർഗോഡ്, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലയിലെ അർബുദ രോഗികളുടെ വിവരശേഖരണം നടന്നുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 8.54 കോടി രൂപ ചെലവിലാണ് ഒ പി സമുച്ചയം നവീകരിച്ചത്. ആധുനിക സൗകര്യങ്ങളോടു കൂടിയ ശീതികരിച്ച 34 ഒ പി റൂമുകൾ, അനുബന്ധ സൗകര്യങ്ങൾ, സെമിനാർ ഹാൾ, കഫെറ്റീരിയ എന്നിവയാണ് ഒരുക്കിയത്. പ്ലാൻ ഫണ്ടിൽ നിന്ന് 1.2 കോടി രൂപ ചെലവിലാണ് ഡിജിറ്റൽ പാത്തോളജി സംവിധാനം ഒരുക്കിയത്. ഒരു പൂർണ സ്ലൈഡ് ഇമേജ് സ്‌കാനർ ഉപയോഗിച്ച് ഗ്ലാസ് സ്ലൈഡുകളിലൂടെ കാൻസർ കോശങ്ങളെ ഡിജിറ്റൈസ് ചെയ്യുന്ന പ്രക്രിയയാണ് ഡിജിറ്റൽ പാത്തോളജിയിൽ നടക്കുക. ഡിജിറ്റൽ പാത്തോളജി സിസ്റ്റത്തിലൂടെ  പാത്തോളജിസ്റ്റിന് കൂടുതൽ കാര്യക്ഷമമായി വേഗത്തിൽ റിപ്പോർട്ടുകൾ തയ്യാറാക്കാൻ സാധിക്കും.
4.3 കോടി പ്ലാൻ ഫണ്ട് പുതുതായ നിർമിച്ച ഹോസ്റ്റലിൽ 58 റൂമുകളാണ് നിലവിലുള്ളത്. 153 പേർക്ക് താമസിക്കാവുന്ന സൗകര്യമുണ്ട്.  
മലബാർ കാൻസർ സെൻററിൽ നടന്ന പരിപാടിയിൽ നിയമസഭാ സ്പീക്കർ അഡ്വ. എ എൻ ഷംസീർ അധ്യക്ഷത വഹിച്ചു. എം സി സി ക്ലിനിക്കൽ ലാബ് സർവീസസ് ആൻഡ് ട്രാൻസ്റ്റേഷണൽ റിസർച്ച് വിഭാഗം മേധാവി ഡോ. സംഗീത കെ നായനാർ റിപ്പോർട്ട് അവതരിപ്പിച്ചു. തലശ്ശേരി നഗരസഭ അധ്യക്ഷ ജമുനാ റാണി, തലശ്ശേരി നഗരസഭ കൗൺസിലർ പി വസന്ത, മലബാർ കാൻസർ സെന്റർ ഡയറക്ടർ ഡോ. ബി സതീശൻ, എം സി സി ക്ലിനിക്കൽ ഹെമറ്റോളജി ആൻഡ് മെഡിക്കൽ കോളേജ് വിഭാഗം മേധാവി ചന്ദ്രൻ കെ നായർ എന്നിവർ പങ്കെടുത്തു.

 

date