Skip to main content

തലശ്ശേരി എം ജി റോഡ് നവീകരണ പ്രവൃത്തി ജനുവരി രണ്ടിന് തുടങ്ങും

തലശ്ശേരി പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ എം ജി റോഡ് നവീകരണ പ്രവൃത്തി ജനുവരി രണ്ടിന് ആരംഭിക്കും. നഗരസഭ ചെയർപേഴ്സൻ കെ എം ജമുനാറാണിയുടെ അധ്യക്ഷതയിൽ നഗരസഭ ഓഫീസിൽ ചേർന്ന വ്യാപാരികളുടെ യോഗത്തിലാണ് തീരുമാനം.
സംസ്ഥാന സർക്കാർ തുറമുഖ വകുപ്പിന്റെ സഹകരണത്തോടെ രണ്ടര കോടി രൂപ ചെലവിലാണ് റോഡ് നവീകരിക്കുക. പൂർണമായും കോൺക്രീറ്റ് ചെയ്യുന്ന പ്രവൃത്തി രണ്ടു ഘട്ടമായി നടത്തും. ഒന്നാം ഘട്ടത്തിൽ ജനറൽ ആശുപത്രി മുതൽ കെ ആർ ബിസ്‌ക്കറ്റ് ബേക്കറി ജംഗ്ഷൻ വരെയും രണ്ടാം ഘട്ടത്തിൽ ശാരദ കൃഷ്ണയ്യർ ഓഡിറ്റോറിയം മുതൽ കെ ആർ ജംഗ്ഷൻ വരെയുമാണ് പ്രവൃത്തി നടത്തുക. രണ്ടു മാസം കൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യം. ഇതിനാവശ്യമായ ഗതാഗത ക്രമീകരണം ഏർപ്പെടുത്താൻ ചെയർപേഴ്ണൻ പൊലീസിനോട് നിർദേശിച്ചു. തീരുമാനത്തിന് വ്യാപാരികൾ പൂർണ പിന്തുണ അറിയിച്ചു. നവീകരണത്തിന്റെ ഭാഗമായി നഗരസഭ അഗ്ലോമറേഷൻ ഫണ്ട് ഉപയോഗിച്ച് ഒന്നേമുക്കാൽ കോടി രൂപയുടെ ഡ്രൈനേജ് നവീകരണ പ്രവൃത്തി എം ജി റോഡിൽ നടത്തിയിരുന്നു. യോഗത്തിൽ വൈസ് ചെയർമാൻ വാഴയിൽ ശശി, തുറമുഖവകുപ്പ് എഞ്ചിനീയർ, വ്യാപാരികൾ, നഗരസഭ  ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.  

date