Skip to main content
കുന്നന്താനം പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ അംഗന്‍വാടിയുടെ പുതിയ കെട്ടിടം പാലയ്ക്കല്‍തകിടിയില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

എല്ലാ അംഗന്‍വാടികളേയും സ്മാര്‍ട്ട് അംഗന്‍വാടികളാക്കും: മന്ത്രി വീണാ ജോര്‍ജ്

എല്ലാ അംഗന്‍വാടികളേയും സ്മാര്‍ട്ട് അംഗന്‍വാടികളാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കുന്നന്താനം ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ അംഗന്‍വാടിയുടെ പുതിയ കെട്ടിടം പാലയ്ക്കല്‍തകിടിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. 250 സ്മാര്‍ട്ട് അംഗന്‍വാടികള്‍ ഈ സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. കുട്ടികളുടെ ചിന്തയേയും മനസിനേയും ഉദ്ദീപിപ്പിക്കുന്ന രീതിയില്‍ അംഗന്‍വാടികള്‍ മാറണം. കുഞ്ഞുങ്ങള്‍ ആദ്യമായി സാമൂഹിക ഇടപെടലുകള്‍ പഠിക്കുന്നത് അംഗന്‍വാടികളില്‍ നിന്നാണ്. ലോകത്തെ കാണുന്നതും സുഹൃത്ത് ബന്ധം സ്ഥാപിക്കുന്നതും അംഗന്‍വാടികളില്‍ നിന്നാണ്. കുട്ടികളുടെ ബൗദ്ധികവും, ശാരീരികവും, മാനസികവുമായ വളര്‍ച്ചയ്ക്ക് അംഗന്‍വാടികള്‍ വളരെ പ്രധാനപ്പെട്ട പങ്കു വഹിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

 

കുന്നന്താനം ഗ്രാമ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 42 -ാം നമ്പര്‍ അങ്കണവാടി 22 വര്‍ഷമായി വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. പാലയ്ക്കക്കുഴി വീട്ടില്‍ അംബികദേവിയും കുടുംബവും സൗജന്യമായി നല്‍കിയ പത്തു സെന്റ് സ്ഥലത്ത് ജില്ലാ പഞ്ചായത്ത് അംഗം സി.കെ. ലതാകുമാരി 20 ലക്ഷം രൂപ വകയിരുത്തിയാണ് കെട്ടിടം നിര്‍മിച്ചത്. 17 കുട്ടികളാണ് അംഗന്‍വാടിയില്‍ പഠിക്കുന്നത്.

 

അഡ്വ. മാത്യു ടി തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം സി.കെ. ലതാകുമാരി, കുന്നന്താനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബു, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹനന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ജിജി മാത്യു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബാബു കൂടത്തില്‍, സി.എന്‍. മോഹനന്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രൊഫ. എം.കെ. മധുസൂദനന്‍ നായര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ വി.സി.മാത്യു, വികസനകാര്യ  സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ വി.എസ്. ഈശ്വരി, ആരോഗ്യ വിദ്യാഭ്യാസ  സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ മിനി ജനാര്‍ദനന്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മറിയാമ്മ കോശി, ഗീതാകുമാരി, ധന്യാ മോള്‍ ലാലി, ഗ്രേസി മാത്യു, സ്മിത വിജയരാജന്‍, വനിതാ ശിശുവികസന ഓഫീസര്‍ പി.എസ്. തസ്‌നീം, മുന്‍ ജില്ലാ പഞ്ചായത്ത് അംഗം എസ്.വി. സുബിന്‍, സ്വാഗത സംഘം കണ്‍വീനര്‍ പി.ടി. സുഭാഷ് വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date