Skip to main content

ശബരിമല സ്‌പെഷല്‍ ഫണ്ട് വിനിയോഗം: ഒന്‍പത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭേദഗതി പ്രൊജക്ടുകള്‍ക്ക് അംഗീകാരം

ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് നടപ്പാക്കേണ്ട വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച പ്രത്യേക ഫണ്ട് വിനിയോഗിക്കുന്നതിനുള്ള പ്രത്യേക പദ്ധതികള്‍ കൂടി വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് നിര്‍ദേശം ലഭിച്ച ജില്ലയിലെ ഒന്‍പത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതി പ്രോജക്ടുകള്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. ആറന്മുള, മല്ലപ്പുഴശേരി, മെഴുവേലി, അയിരൂര്‍, ചെറുകോല്‍, സീതത്തോട്, ഓമല്ലൂര്‍, റാന്നി പെരുനാട് എന്നീ ഗ്രാമ പഞ്ചായത്തുകളുടെയും പത്തനംതിട്ട നഗരസഭയുടെയും പദ്ധതി ഭേദഗതി പ്രോജക്ടുകള്‍ക്കാണ് ജില്ലാ ആസൂത്രണ സമിതി അംഗീകാരം  നല്‍കിയത്.

 

ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രത്യേക ഫണ്ട് അനുവദിച്ച തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതി പ്രോജക്ടുകള്‍ മാത്രമാണ് ആസൂത്രണ സമിതിയുടെ അംഗീകാരത്തിനായി സമര്‍പ്പിപ്പിച്ചിരുന്നത്. ശബരിമല വികസനത്തിന് സര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ട് അതിന് മാത്രമായി വിനിയോഴിക്കുന്ന തരത്തിലാകണം പദ്ധതികള്‍ തയാറാക്കേണ്ടതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ തുക വിനിയോഗം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ ത്വരിതഗതിയില്‍ സ്വീകരിക്കണം. ബ്ലോക്ക് ആസൂത്രണസമിതികള്‍ സിസംബറില്‍ തന്നെ സമയബന്ധിതമായി ചേര്‍ന്ന് വികസന പദ്ധതികള്‍ അവലോകനം ചെയ്യുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കര്‍ശന നിര്‍ദേശം നല്‍കി.

 

സമ്പൂര്‍ണ ശുചിത്വ മിഷന്‍ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി കെല്‍ട്രോണുമായി എഗ്രിമെന്റ് വയ്ക്കാത്ത ഗ്രാമ പഞ്ചായത്തുകള്‍ അടിയന്തിരമായി അതിനുള്ള നടപടികള്‍ സ്വീകരിക്കണം. അതിദരിദ്ര സര്‍വേയില്‍ പെട്ടവര്‍ക്കും, പട്ടികജാതി പട്ടികവര്‍ഗ ഗുണഭോക്താക്കള്‍ക്കും ആനുകൂല്യം ഉറപ്പാക്കുന്ന തരത്തില്‍ പദ്ധതികള്‍ തയാറാക്കണം. തെരുവുനായ്ക്കളെ പിടികൂടുന്നതിനുള്ള പരിശീലനം ലഭ്യമാക്കുന്നതിനായി എല്ലാ ഗ്രാമപഞ്ചായത്തുകളില്‍ നിന്നും രണ്ടു വ്യക്തികളുടെ വീതം പേരും നല്‍കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

 

പ്രാദേശിക തലത്തില്‍ ജൈവ വൈവിധ്യ പരിപാലനം ഫലപ്രദമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലാതല ജൈവ വൈവിധ്യ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ രൂപീകരിച്ചു. ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായ സാറാ തോമസ്, രാജി പി രാജപ്പന്‍, വി.റ്റി. അജോമോന്‍, സി.കെ. ലതാകുമാരി, ലേഖ സുരേഷ്, ബീന പ്രഭ, ജോര്‍ജ് എബ്രഹാം, സി. കൃഷ്ണകുമാര്‍, ആര്‍. അജയകുമാര്‍, ജിജി മാത്യു, രാജി ചെറിയാന്‍, പി.കെ.അനീഷ്, ആര്‍ ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ജേക്കബ് ടി ജോര്‍ജ്,  ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി. മാത്യു, അസിസ്റ്റന്റ് പ്ലാനിംഗ് ഓഫീസര്‍ ജി. ഉല്ലാസ്, ബസപ്പെട്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാര്‍, നിര്‍വഹണ ഉദ്യേഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date