Skip to main content

പെരിന്തല്‍മണ്ണ ജില്ലാശുപത്രിയില്‍ പുതിയ ഒ.പി യാഥാര്‍ഥ്യമാകുന്നു

പൊതുജനങ്ങളുടെ ആരോഗ്യസുരക്ഷ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ നവകേരള കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പെരിന്തല്‍മണ്ണ ജില്ലാശുപത്രിയില്‍  പുതിയ ഒ.പി ബ്ലോക്കിന്റെ നിര്‍മാണത്തിന് തുടക്കമാകുന്നു. ആരോഗ്യകുടുംബക്ഷേമ വകുപ്പ് എന്‍എച്ച്എം മുഖേന 1.26 ഒരു കോടി രൂപ വകയിരുത്തി നിര്‍മിക്കുന്ന ഒ.പി ബ്ലോക്കിന്റെ നിര്‍മാണോദ്ഘാടനം ഡിസംബര്‍ 26ന് വൈകീട്ട് നാലിന്  നജീബ് കാന്തപുരം എം.എല്‍എ നിര്‍വഹിക്കും. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ അധ്യക്ഷയാകും.സ്ഥലപരിമിതിമൂലം ഏറെ ബുദ്ധിമുട്ടിലായ പെരിന്തല്‍മണ്ണ ജില്ലാശുപത്രിക്ക് ഏറെ അനുഗ്രഹമാകും ഈ പുതിയ ഒപി കെട്ടിടം. മുന്നൂ നിലകളിലായാണ് കെട്ടിടം നിര്‍മിക്കുക. ഗ്രൗണ്ട് ഫ്‌ളോറില്‍ ചെസ്റ്റ് ഓപി, സര്‍ജറി ഓപി, ജനറല്‍ ഓപി, മെഡിസിന്‍ ഓപി, ഓങ്കോളജി ഓപി, ഓര്‍ത്തോ ഒപി,ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റീഹാബിലിറ്റേഷന്‍, എന്‍സിഡി ക്ലിനിക്ക് ആന്‍ഡ് ഡയറ്റീഷന്‍ തുടങ്ങിയവ ഗ്രൗണ്ട് ഫ്‌ളോറിലും  ഇഎന്‍ടി, ഡെന്റല്‍, ഡെര്‍മറ്റോളജി, ഫിസിയോളജി, ഒഫ്താല്‍മോളജി, ടെലിമെഡിസിന്‍ തുടങ്ങിയവ ഫസ്റ്റ് ഫ്‌ലോറിലും ആണ് തയ്യാറാക്കുക. ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ ഒപി കെട്ടിടം വരുന്നതിനാല്‍ ജനങ്ങള്‍ക്ക് ഉണ്ടാകുന്ന നേട്ടം സ്ത്രീകളുടെയും കുട്ടികളുടെയും ഒപികള്‍ ഒഴിച്ച് എല്ലാ സ്‌പെഷ്യാലിറ്റി ആന്‍ഡ് ജനറല്‍  ഒപി കളുടെയും സേവനം ഒറ്റ കെട്ടിടത്തിലേക്ക് മാറുന്നു എന്നതാണ്. എല്ലാ സ്‌പെഷ്യാലിറ്റി ഒപി കളും      ഇതുവഴി ഒരു സ്ഥലത്ത് കേന്ദ്രീകരിക്കാന്‍ സാധിക്കുന്നു. കെട്ടിടം പണിയാനുദ്ദേശിക്കുന്ന സ്ഥലത്തെ ഉപയോഗ ശൂന്യമായി പേവാര്‍ഡ് പൊളിച്ചാണ് പുതിയ കെട്ടിടം പണിയുക.  പെരിന്തല്‍മണ്ണ ജില്ലാശുപത്രിയില്‍ നടപ്പിലാക്കി വരുന്ന വിവിധ വികസന പദ്ധതികളുടെ ഭാഗമായാണ് ഈ നിര്‍മാണ പ്രവര്‍ത്തനങ്ങളും. ഇതുമൂലം അനിയന്ത്രിതമായ തിരക്ക് കുറക്കാനും അതുവഴി ഗുണനിലവാരം ഉള്ളതും രോഗി കേന്ദ്രികൃതവുമായ ഡോക്ടറുടെ പരിചരണം കൂടുതല്‍ സൗകര്യത്തോടെ രോഗികളിലേക്ക് എത്തിക്കാനും സാധിക്കുന്നു. കാലതാമസം കൂടാതെ ഡോക്ടറെ കാണാനും രോഗനിര്‍ണയം കാര്യക്ഷമമായി നടപ്പിലാക്കാനും സാധിക്കും.
 

date