Skip to main content

ജില്ലയിലെ നാല് ആശുപത്രികള്‍ക്ക് എന്‍.ക്യു.എ.എസ് അംഗീകാരം

രാജ്യത്തെ ഏറ്റവും മികച്ച ആരോഗ്യസ്ഥാപനങ്ങളുടെ പട്ടികയില്‍ മലപ്പുറം ജില്ലയിലെ നാല് ആരോഗ്യ സ്ഥാപനങ്ങള്‍ കൂടി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ്  (എന്‍.ക്യു.എ.എസ്) പരിശോധനയിലാണ് 90 ശതമാനത്തിലധികം മാര്‍ക്ക് നേടി ജില്ലയിലെ 3 ആരോഗ്യ സ്ഥാപനങ്ങളും 88 ശതമാനം മാര്‍ക്ക് നേടി ഒരു സ്ഥാപനവും അംഗീകാരം നേടിയത്. കരുളായി കുടുംബാരോഗ്യകേന്ദ്രം (സ്‌കോര്‍: 98%), അര്‍ബന്‍ പി.എച്ച്.സി വേട്ടേക്കോട് (സ്‌കോര്‍: 95.3%), അര്‍ബന്‍ പി.എച്ച്.സി മംഗലശ്ശേരി (സ്‌കോര്‍: 95.10%), അര്‍ബന്‍ പി.എച്ച്.സി മുമ്മുളളി (സ്‌കോര്‍: 88.10 %) എന്നീ സ്ഥാപനങ്ങള്‍ക്കാണ് അംഗീകാരം.
ഒ.പി. വിഭാഗം, ലബോറട്ടറി, ഫാര്‍മസി, പൊതുജനാരോഗ്യവിഭാഗം, എന്നിവയുടെ പ്രവര്‍ത്തനം, ദേശീയ ആരോഗ്യ പദ്ധതികളുടെ നടത്തിപ്പ്, പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനം, മാതൃശിശു ആരോഗ്യം, ജീവിതശൈലി രോഗ നിയന്ത്രണം, പ്രതിരോധ കുത്തിവെയ്പ്പ്, ജീവനക്കാരുടെ സേവനം, രോഗികളുടെയും ജീവനക്കാരുടെയും അഭിപ്രായങ്ങള്‍ അനുസരിച്ചുള്ള മികച്ച സേവനം, ഓഫീസ് നിര്‍വ്വഹണം എന്നീ വിഭാഗങ്ങളുടെ മികച്ച പ്രവര്‍ത്തനമാണ് അംഗീകാരം ലഭിക്കാന്‍ കാരണമായത്. പട്ടികയില്‍ ഉള്‍പെട്ടതോടെ ഗുണനിലവാരം നിലനിര്‍ത്തുന്നതിനായി 3 വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ലഭിക്കും.

date