Skip to main content
കാട്ടുനായ്ക്ക വിഭാഗത്തിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്കൊപ്പം ക്രിസ്തുമസ് ആഘോഷിച്ച് ചങ്ങാതിക്കൂട്ടം

കാട്ടുനായ്ക്ക വിഭാഗത്തിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്കൊപ്പം ക്രിസ്തുമസ് ആഘോഷിച്ച് ചങ്ങാതിക്കൂട്ടം

ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നേടുന്ന ഭിന്നശേഷി വിദ്യാർത്ഥിയും കാട്ടുനായ്ക്ക വിഭാഗക്കാരനുമായ വിശ്വജിത്തിൻ്റെ വീട്ടിൽ പുൽക്കൂടും ക്രിസ്തുമസ് ആഘോഷങ്ങളുമായി ചങ്ങാതിക്കൂട്ടമെത്തി. പോത്തുകല്ല് പഞ്ചായത്തിലെ അപ്പൻകാപ്പ് പ്രദേശത്ത് താമസിക്കുന്ന വിശ്വജിത്തിൻ്റെ വീട്ടിലാണ് ക്രിസ്തുമസ് ട്രീയും, കരോളും, മധുര പലഹാരങ്ങളും, സമ്മാനങ്ങളുമായി വിശേഷാവസരങ്ങളിൽ മാത്രം നേരിൽ കാണുന്ന സ്കൂളിലെ സഹപാഠികളും അധ്യാപകരും ഉൾപ്പെട്ട ചങ്ങാതിക്കൂട്ടം വിരുന്നെത്തിയത്. പൂർണ്ണമായും കിടപ്പിലായതും ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നേടുന്നതുമായ കുട്ടികൾക്ക് ക്രിസ്തുമസ് - പുതുവത്സരാഘോഷങ്ങളുടെ നേരനുഭവങ്ങൾ നൽകുക, സഹപാഠികളുടെയും പൊതുസമൂഹത്തിൻ്റെയും പിന്തുണ ഉറപ്പു വരുത്തുക എന്നീ ലക്ഷ്യങ്ങളോടെ സമഗ്ര ശിക്ഷാ കേരളമാണ് പദ്ധതി ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നത്. 

പോത്തുകല്ല് ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, നിലമ്പൂർ ബി ആർ സി ജീവനക്കാർ, മുണ്ടേരി ഹൈസ്കൂൾ അധ്യാപകർ, സഹപാഠികൾ എന്നിവരുടെ നേതൃത്വത്തിലുള്ള ചങ്ങാതിക്കൂട്ടമാണ് വിശ്വജിത്തിൻ്റെ വീട്ടിലെത്തിയത്. അപ്പൻകാപ്പ് നിവാസികളും കാട്ടുനായ്ക്ക വിഭാഗക്കാരുമായ രാഹുൽ, രോഹിണി, ശ്രീരാജ് എന്നീ ഭിന്നശേഷി വിദ്യാർത്ഥികളുടെ വീടുകളിലും ചങ്ങാതിക്കൂട്ടത്തിൻ്റെ നേതൃത്വത്തിൽ കരോളും മധുര പലഹാര വിതരണവും നടന്നു. 

പോത്തുകല്ല് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ റുബീന കിണറ്റിങ്ങൽ പരിപാടി ഉദ്ഘാടനം ചെയ്തു. നിലമ്പൂർ ബ്ലോക്ക് പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ എം. മനോജ് കുമാർ അധ്യക്ഷനായി. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എം. എ തോമസ്, വാർഡ് മെമ്പർ കവിത, മുണ്ടേരി ഗവ.ഹൈസ്ക്കൂൾ പ്രധാനാധ്യാപിക എം.ജെ സിസിലി എന്നിവർ ക്രിസ്തുമസ് പുതുവത്സര സന്ദേശങ്ങൾ നൽകി. സ്പെഷ്യൽ എഡ്യൂക്കേറ്റർമാരായ ദീപ ജോസ്, ഉമ്മുഹബീബ, അഞ്ജലി ജോസഫ്, സബിത്ത് ജോൺ, അഖില എന്നിവർ നേതൃത്വ നൽകി.

date