Skip to main content

ഡിജിറ്റൽ റീസർവ്വെ: ഭൂവുടമകൾ ശ്രദ്ധിക്കേണ്ടത് 

 

സർവ്വെയും ഭൂരേഖയും വകുപ്പ് മുഖേന സംസ്ഥാനത്ത് നടത്തുന്ന ഡിജിറ്റൽ റീസർവ്വെ പുത്തൂർ  വില്ലേജിൽ ആരംഭിച്ചു.  ആദ്യഘട്ടത്തിൽ  പുത്തൂർ, ആലപ്പാട്, ചിയ്യാരം, വടക്കുമുറി, പുള്ള്, കൂർക്കഞ്ചേരി, കിഴക്കുമുറി, ഇഞ്ചമുടി, കണിമംഗലം, ചാഴൂർ, കിഴുപ്പിള്ളിക്കര, മനക്കൊടി, പടിയം, കുറുമ്പിലാവ്, കാരമുക്ക്, ചിറ്റണ്ട, കോട്ടപ്പുറം, വേലൂർ, തയ്യൂർ, വലപ്പാട്, നാട്ടിക, തളിക്കുളം, എങ്ങണ്ടിയൂർ  വില്ലേജുകളിലാണ് ഡിജിറ്റൽ റിസർവ്വെ നടത്തുന്നത്.

റിസർവ്വെ സമയത്ത് ഭൂമി സംബന്ധിച്ച അവകാശരേഖകൾ ഉദ്യോഗസ്ഥർക്ക് പരിശോധനയ്ക്ക്  നൽകേണ്ടതും സ്ഥലത്തിന്റെ കൈവശാതിർത്തി കൃത്യമായി ബോദ്ധ്യപ്പെടുത്തി കൊടുക്കേണ്ടതുമാണ്. അല്ലാത്ത പക്ഷം റീസർവ്വെ റിക്കാർഡുകളിൽ ഭൂവുടമകളുടെ വിവരം ഉൾപ്പെടുത്തുന്നതിനും കരമടക്കുന്നതിനും സാധിക്കാതെ വരികയും ഭൂമി സംബന്ധമായി എല്ലാ ഇടപാടുകൾക്കും ബുദ്ധിമുട്ടുണ്ടാകുകയും ചെയ്യുമെന്ന് സർവെ (റെയ്ഞ്ച്) അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു. 

ഭൂവുടമകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഓരോ ഭൂവുടമകളുടെയും കൈവശ ഭൂമിയുടെ അതിർത്തികൾ വ്യക്തമായി സ്ഥാപിച്ച് റിസർവ്വെ സമയത്ത് സർവെ ഉദ്യോഗസ്ഥനെ ബോദ്ധ്യപ്പെടുത്തണം.

വസ്തുസംബന്ധമായ അവകാശ രേഖകൾ (ആധാരം, പട്ടയം, പട്ടയസ്കെച്ച് നികുതി രശീതി മുതലായവ) ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ പരിശോധനയ്ക്ക് നൽകണം. 
 

സർവ്വെ ഉദ്യോഗസ്ഥർക്ക് വസ്തുവിനെ സംബന്ധിക്കുന്ന ആവശ്യമായ വിവരങ്ങൾ നൽകണം 
കൈവശ ഭൂമിയുടെ അതിർത്തിയിലുള്ള കാടുകൾ വെട്ടിത്തെളിച്ച് തടസങ്ങൾ നീക്കി സർവ്വെ നടത്തുന്നതിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തണം.

 റിസർവ്വെ പൂർത്തീകരണത്തിന് മുന്നോടിയായി സർവ്വെ റിക്കാർഡുകൾ (കരട്) പരിശോധിച്ച് ശരിയാണെന്ന് ബോദ്ധ്യപ്പെടുന്നതിനും അപാകതയുള്ള പക്ഷം അവ പരിഹരിക്കുന്നതിനും നിശ്ചയ സമയപരിധിക്കുള്ളിൽ നൽകുന്ന അവസരങ്ങൾ ഭൂവുടമസ്ഥർ പ്രയോജനപ്പെടുത്തണം.

date