Skip to main content
എൻ്റെ കൺമണിക്ക് ഫസ്റ്റ് ഗിഫ്റ്റ് എന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ ജനറൽ ആശുപത്രിയിൽ കലക്ടർ ഹരിത വി കുമാർ നിർവഹിക്കുന്നു

എൻ്റെ കൺമണിക്ക് ഫസ്റ്റ് ഗിഫ്റ്റ് പദ്ധതിക്ക് ജില്ലാ ജനറൽ ആശുപത്രിയിൽ തുടക്കം 

നവജാത ശിശുക്കൾക്ക് ബേബി കിറ്റുകൾ ആദ്യസമ്മാനമായി നൽകുന്ന എൻ്റെ കൺമണിക്ക് ഫസ്റ്റ് ഗിഫ്റ്റ് എന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കലക്ടർ ഹരിത വി കുമാർ നിർവഹിച്ചു.

ജനിച്ചുവീഴുന്ന കുഞ്ഞിനെ വളർത്താനുള്ള ഉത്തരവാദിത്തം സമൂഹത്തിനാകെയുണ്ടെന്നും അതിനായി ഏറ്റെടുക്കുന്ന ചുവടുവെപ്പെന്ന നിലയിൽ പദ്ധതി ഏറെ പ്രശംസ അർഹിക്കുന്നെന്നും കളക്ടർ പറഞ്ഞു. ഏറ്റവും കൂടുതൽ പ്രസവം നടക്കുന്ന ആശുപത്രിയാണ് ജില്ലാ ജനറൽ ആശുപത്രി. കോവിഡ് കാലത്തുൾപ്പെടെ കർമോത്സുകരായ ഡോക്ടർമാരുടെയും ജീവനക്കാരുടെയും സേവനം ഉറപ്പാക്കാൻ ആശുപത്രിക്കും ഇവിടത്തെ ഗൈനക്കോളജി ഡിപ്പാർട്മെന്റിനും സാധിച്ചുവെന്നും കളക്ടർ കൂട്ടിച്ചേർത്തു. 

കേരളവിഷനും കെവിഎച്ച് ഗ്രൂപ്പും ആരോഗ്യ വകുപ്പിൻ്റെ അംഗീകാരത്തോടെ നടപ്പാക്കുന്നതാണ് എൻ്റെ കൺമണിക്ക് ഫസ്റ്റ് ഗിഫ്റ്റ് പദ്ധതി. ബേബി കിറ്റുകൾ പൊതുജനങ്ങൾക്കും സ്പോൺസർ ചെയ്യാവുന്നതാണ്. ആയിരം രൂപയാണ് ഒരു ബേബി കിറ്റിൻ്റെ വില. പ്രകൃതിദത്ത പഞ്ഞിയിൽ തീർത്ത, കൊതുവലയോടുകൂടിയ രണ്ട് ബെഡ്, 52 ആഴ്ചയുള്ള കുഞ്ഞുങ്ങളുടെ പരിചരണ നിർദ്ദേശങ്ങളടങ്ങിയ രണ്ട് ബുക്ലെറ്റുകൾ, കുഞ്ഞുങ്ങളുടെ പരിചരണ നിർദേശങ്ങളടങ്ങിയ രണ്ട് വീഡിയോകൾ എന്നിവ കിറ്റിലുണ്ടാകും. 9072300070 എന്ന നമ്പറിൽ ഗൂഗിൾപേ വഴി പണമടയ്ക്കാം. 

ചടങ്ങിൽ ആശുപത്രി സൂപ്രണ്ട് ഡോ. താജ് പോൾ പനയ്ക്കൽ അധ്യക്ഷനായി. ആദ്യസമ്മാനം കളക്ടർ ഹരിത വി കുമാറും ഗൈനക്കോളജി വകുപ്പ് തലവൻ ഡോ. എം കെ ഗീതയും ചേർന്ന് സമ്മാനിച്ചു. സമ്മാനങ്ങൾ സ്പോൺസർ ചെയ്ത ബ്രൈറ്റ് അസറ്റ് ട്രാൻസിറ്റ് മാനേജിങ് ഡയറക്ടർ സി എം സുധിൻ, കേബിൾ ഓപ്പറേറ്റർ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ടി ഡി സുഭാഷ് എന്നിവർ മുഖ്യാതിഥികളായി. നഴ്സിങ് സൂപ്രണ്ട് കെ എ ലൈല, സ്റ്റോർ സൂപ്രണ്ട് ടി ഓ മേഴ്‌സി എന്നിവർ സംസാരിച്ചു. ടി എസ് ജ്യോതിഷ് സ്വാഗതവും മീര നന്ദിയും പറഞ്ഞു.

date