Skip to main content

കേരള സ്കൂൾ കലോത്സവം: ഗ്രീൻ ബ്രിഗേഡ് ഓറിയന്റേഷൻ ക്ലാസിന് തുടക്കമായി

അറുപത്തി ഒന്നാമത് കേരള സ്കൂൾ കലോത്സവ വേദികളിൽ ഗ്രീൻ ബ്രിഗേഡുകളായി സേവനമനുഷ്ഠിക്കുന്നവർക്കായി ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓറിയന്റേഷൻ ക്ലാസിന് തുടക്കമായി. മൂന്ന് ദിവസങ്ങളിലായി സെന്റ് ജോസഫ്സ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ, ബി.ഇ.എം ജി.എച്ച്.എസ്.എസ്, ജി.ജി.എച്ച്.എസ്.എസ് നടക്കാവ് എന്നിവിടങ്ങളിലാണ് ക്ലാസ് സംഘടിപ്പിക്കുന്നത്. 

 

ജനുവരി 3 മുതൽ 7 വരെ കോഴിക്കോട് നടക്കുന്ന കേരള സ്കൂൾ കലോത്സവം ഹരിത ചട്ട പ്രകാരം നടത്തുന്നതിന്റെ ഭാ​ഗമായാണ് ഗ്രീൻ ബ്രിഗേഡുകളെ സജ്ജമാക്കുന്നത്. സെന്റ് ജോസഫ്സ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ ഓറിയന്റേഷൻ ക്ലാസിന്റെ ഉദ്ഘാടനം പോലീസ് അസിസ്റ്റന്റ് കമ്മീഷ്ണർ പ്രകാശൻ പടന്നയിൽ നിർവഹിച്ചു. 

 

ചടങ്ങിൽ പ്രിൻസിപ്പൽ ഫാദർ എം.എഫ് ആന്റോ അധ്യക്ഷത വഹിച്ചു.കോഴിക്കോട് കോർപ്പറേഷൻ ആരോ​ഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഡോ.എസ് ജയശ്രീ മുഖ്യാതിഥിയായി. ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റി കൺവീനർ കെ.കെ ശ്രീജേഷ് കുമാർ,ഡോ. ജോഷി ആന്റണി, അഡ്വ.എം രാജൻ, ഹെഡ്മാസ്റ്റർ പി.ടി ജോണി, പ്രമോദ് കുമാർ, പി.ടി.എ പ്രസി‍ഡന്റ് ​ഗിരീഷ് കുമാർ,ടോമി ജോർജ് തുടങ്ങിയവർ സംസാരിച്ചു. 

 

ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ കൃപാ വാര്യർ, നവകേരള മിഷൻ റീസോഴ്സ് പേഴ്സൺ പി.പ്രിയ തുടങ്ങിയവർ ക്ലാസെടുത്തു. നിരഞ്ജന,ഡോണ എന്നിവർ സംബന്ധിച്ചു. ഒമ്പത് സ്കൂളുകളിൽ നിന്നായി 200-ഓളം ആളുകൾ ക്ലാസിൽ പങ്കെടുത്തു. ഇക്കോ ക്ലബ് അം​ഗങ്ങൾ, എൻ.സി.സി കേഡറ്റുകൾ, എൻ.എസ്.എസ്, ജെ.ആർ.സി വളണ്ടിയേഴ്സ്, രക്ഷിതാക്കൾ ഉൾപ്പെടെയുള്ളവരാണ് ക്ലാസിൽ പങ്കെടുത്തത്. 

 

ഡിസംബർ 29 വരെ മൂന്ന് ദിവസങ്ങളിലായാണ് ഓറിയന്റേഷൻ ക്ലാസ് നടക്കുന്നത്. ഓറിയന്റേഷൻ ക്ലാസിന്റെ ഔപചാരിക ഉദ്ഘാടനം ഡിസംബർ 28ന് രാവിലെ 10 മണിക്ക് ബി.ഇ.എം ജി.എച്ച്.എസ്.എസിൽ കലോത്സവത്തിന്റെ സംഘാടക സമിതി ചെയർമാനും ടൂറിസം പൊതു മരാമത്ത് വകുപ്പ് മന്ത്രിയുമായ പി.എ മുഹമ്മദ് റിയാസ് നിർവ്വഹിക്കും.

 

date