Skip to main content
വെള്ളാങ്ങല്ലൂർ ബ്ലോക്കിന്റെ ഗെയിംസ് ഫെസ്റ്റിവൽ പദ്ധതി ഉദ്ഘാടനം പ്രസിഡന്റ്‌ വിജയലക്ഷ്മി വിനയചന്ദ്രൻ നിർവഹിക്കുന്നു

കായിക കുതിപ്പിന് വെള്ളാങ്ങല്ലൂർ ബ്ലോക്ക്‌ പഞ്ചായത്ത് : ഗെയിംസ് ഫെസ്റ്റിവലിന് തുടക്കം

 

കായിക രംഗത്ത് കുത്തിപ്പിനൊരുങ്ങാൻ തയ്യാറെടുത്ത് വെള്ളാങ്ങല്ലൂർ. ബ്ലോക്ക്‌ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ കായിക ഇനങ്ങൾക്ക് പരിശീലനം നൽകുന്ന ഗെയിംസ് ഫെസ്റ്റിവൽ പദ്ധതിയുടെ ഭാഗമായുള്ള ക്യാമ്പുകൾക്ക് തുടക്കമായി. കേരളോത്സവങ്ങളിൽ ഉൾപ്പെടെ പങ്കെടുക്കുന്നതിന് ബ്ലോക്ക്‌ തല ടീമിനെ സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

നിലവിൽ ഫുട്ബോൾ, വോളിബോൾ, കബഡി, വടംവലി തുടങ്ങിയ ഇനങ്ങളിലാണ് പരിശീലനം. പടിയൂർ ഗ്രാമപഞ്ചായത്തിലെ എടത്തിരിഞ്ഞിയിലാണ് വടംവലി, കബഡി എന്നിവയ്ക്കുള്ള ക്യാമ്പ് നടക്കുന്നത്. അവിട്ടത്തൂർ മഹാദേവക്ഷേത്ര മൈതാനിയിൽ വോളിബോൾ ക്യാമ്പും  നടവരമ്പ് സ്കൂൾ ഗ്രൗണ്ടിൽ ഫുട്ബോൾ ക്യാമ്പും നടക്കും.

15 ദിവസമാണ് പരിശീലനം. സ്പോർട്സ് കൗൺസിൽ അപ്പ്രൂവ് ചെയ്യുന്ന കോച്ചുമാരാണ് പരിശീലനം നൽകുക. ഓരോ ഇനത്തിലും 20 മുതൽ 25 പേർ വരെയാണ് സൗജന്യ പരിശീലനത്തിന് എത്തുന്നത്. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് പാൽ, മുട്ട ഉൾപ്പടെയുള്ള പോഷകാഹാരവും  ജേഴ്സി, ബോൾ, നെറ്റ് എന്നിവയും നൽകും .

അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിന് സമീപം നടന്ന ചടങ്ങിൽ  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ പദ്ധതി ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന അനിൽകുമാർ അധ്യക്ഷത വഹിച്ചു.  ബ്ലോക്ക് മെമ്പർ അസ്മാബി ലത്തീഫ്, ബി ഡി ഒ ദിവ്യ കുഞ്ഞുണ്ണി, പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്ന അവിട്ടത്തൂർ പ്രോഗ്രസീവ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്  സെക്രട്ടറി കിരൺ രാജൻ , പ്രസിഡന്റ് ബിനു ജി കുട്ടി എന്നിവർ പങ്കെടുത്തു

date