Skip to main content

എസ്.എ.ടി. ആശുപത്രിയെ സെന്റർ ഓഫ് എക്സലൻസാക്കി ഉയർത്തി

*രാജ്യത്തെ പത്ത് ആശുപത്രികളിലൊന്നായി അപൂർവ നേട്ടം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്.എ.ടി. ആശുപത്രിയെ കേന്ദ്ര ആരോഗ്യ മന്ത്രാലയം അപൂർവ രോഗങ്ങൾക്ക് വേണ്ടിയുള്ള സെന്റർ ഓഫ് എക്സലൻസ് പട്ടികയിൽ ഉൾപ്പെടുത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. കേരളത്തെ സംബന്ധിച്ച് ഇതൊരു വലിയ നേട്ടമാണ്. രാജ്യത്തെ 10 പ്രധാന ആശുപത്രികളുടെ പട്ടികയിലാണ് എസ്.എ.ടി. ആശുപത്രി ഇടം പിടിച്ചിരിക്കുന്നത്. അപൂർവ രോഗങ്ങൾ കണ്ടെത്തുന്നതിലും ചികിത്സയിലും ഗവേഷണത്തിലും വിപ്ലവാത്മക മാറ്റങ്ങൾ ഉണ്ടാക്കാൻ ഇതിലൂടെ സാധിക്കും. സമയബന്ധിതമായി സെന്റർ ഓഫ് എക്സലൻസ് യാഥാർത്ഥ്യമാക്കാനുള്ള തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അപൂർവ രോഗങ്ങൾ കണ്ടെത്തുകചികിത്സിക്കുകപ്രതിരോധിക്കുക എന്നീ ലക്ഷ്യങ്ങളുമായി അപൂർവ രോഗങ്ങൾക്ക് വേണ്ടിയുള്ള നാഷണൽ പോളിസിയനുസരിച്ചാണ് അപൂർവ രോഗങ്ങൾക്ക് വേണ്ടിയുള്ള സെന്റർ ഓഫ് എക്സലൻസ് പട്ടിക തയ്യാറാക്കിയത്. പോളിസിയുടെ ഭാഗമായുള്ള മാനദണ്ഡങ്ങളനുസരിച്ച് കേന്ദ്ര സംഘം നടത്തിയ പരിശോധനയിൽ മികവ് കണ്ടെത്തിയതിനെ തുടർന്നാണ് എസ്.എ.ടി.യെ തെരഞ്ഞെടുത്തത്. ജനിതക രോഗങ്ങളുടെ പരിശോധനരോഗനിർണയംചികിത്സ എന്നിവ എസ്.എ.ടി. ആശുപത്രിയിൽ സാധ്യമാണ്. മാത്രമല്ല മെഡിക്കൽ കോളേജ് ആശുപത്രിയുടെ സഹകരണവും ലഭ്യമാണ്.

ഏതെങ്കിലും ഒരു അപൂർവ രോഗം കണ്ടുപിടിച്ചു കഴിഞ്ഞാൽ സെന്റർ ഓഫ് എക്സലൻസ് പദ്ധതി വഴി ചികിത്സ ലഭിക്കും. കേരളത്തിൽ മറ്റേതെങ്കിലും ആശുപത്രിയിൽ അപൂർവ രോഗം കണ്ടെത്തിയാലും എസ്.എ.ടി. ആശുപത്രിയിലെ സെന്റർ ഓഫ് എക്സലൻസ് വഴിയായിരിക്കണം രജിസ്റ്റർ ചെയ്യേണ്ടത്. സംസ്ഥാന സർക്കാർ ഇതിനായുള്ള അധിക സൗകര്യവും കൂടുതൽ ജീവനക്കാരുടെ സേവനവും ഉറപ്പ് വരുത്തും.

പി.എൻ.എക്സ്. 6374/2022

date