Skip to main content

നാലിടത്ത് 'വെള്ളപ്പൊക്കം', കൂട്ടിക്കലിൽ  'മണ്ണിടിച്ചിൽ'; രക്ഷാപ്രവർത്തനമികവായി മോക്ഡ്രിൽ

കോട്ടയം: ജില്ലയിൽ പെയ്ത 'അതിതീവ്രമഴ'യിൽ ഒരേ സമയം നാലു താലൂക്കുകളിൽ 'വെള്ളപ്പൊക്കം' കാഞ്ഞിരപ്പള്ളി താലൂക്കിലെ കൂട്ടിക്കലിൽ 'മണ്ണിടിച്ചിൽ', വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ഒരേ സമയം എല്ലാ സ്ഥലങ്ങളിലും ദുരന്തനിവാരണ പ്രവർത്തനങ്ങൾ... ജില്ലയിൽ വിവിധ വകുപ്പുകളുടെ ദുരന്തനിവാരണ രക്ഷാപ്രവർത്തനങ്ങളുടെ പ്രതികരണശേഷിയും കരുത്തും വ്യക്തമാക്കി മോക്ഡ്രിൽ. ഇതാദ്യമായാണ് എല്ലാ താലൂക്കുകളിലും ഒരേ സമയം മോക്ഡ്രിൽ സംഘടിപ്പിക്കുന്നത്.
രാവിലെ ഒമ്പതിന് പടിഞ്ഞാറൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനെത്തുടർന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ച മുന്നറിയിപ്പ് ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്ററിൽ (ഡി.ഇ.ഒ.സി.) ലഭിച്ചതോടെയാണ് മോക് ഡ്രില്ലിന് തുടക്കമായത്. വിവരം ഉടൻ താലൂക്ക് എമർജൻസി ഓപ്പറേഷൻ സെന്ററുകൾക്ക് കൈമാറി. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയും എ.ഡി.എം. ജിനു പുന്നൂസും ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്ററിലെത്തി ദുരന്തനിവാരണ പ്രവർത്തനങ്ങൾ നിരീക്ഷിച്ചു. മീനച്ചിലിൽ ആർ.ഡി.ഒ.യും മറ്റിടങ്ങളിൽ തഹസിൽദാർമാരും ഇൻസിഡന്റ് റെസ്‌പോൺസ് (ഐ.ആർ.എസ്) ഓഫീസർമാരായി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കോട്ടയത്ത് തിരുവാർപ്പ് പഞ്ചായത്തിലും ചങ്ങനാശേരിയിൽ വാഴപ്പള്ളി പാറാലും വൈക്കത്ത് ഉദയനാപുരം വല്ലകം വാഴമന ഭാഗത്തും പാലായിൽ നഗരസഭയിലുമാണ് 'വെള്ളപ്പൊക്ക'മുണ്ടായത്. കൂട്ടിക്കലിൽ അഞ്ചുമരം ഭാഗത്താണ് 'മണ്ണിടിച്ചിലു'ണ്ടായത്.

തിരുവാർപ്പിൽ 'വെള്ളപ്പൊക്കം'

ഡി.ഇ.ഒ.സി.യിൽ നിന്ന് ലഭിച്ച അറിയിപ്പിനെത്തുടർന്ന് അഗ്‌നി രക്ഷാസേനയും പൊലീസും റവന്യൂ, ആരോഗ്യം, തദ്ദേശസ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥരും തിരുവാർപ്പിലെത്തി. മാധവശേരി കോളനിയിലെ 'വെള്ളംകയറിയ' വീടുകളിൽനിന്ന് 18 കുടുംബങ്ങളെ സുരക്ഷിത സ്ഥാനമായ തിരുവാർപ്പ് ഗവൺമെന്റ് യു.പി. സ്‌കൂളിലേക്ക് മാറ്റി ക്യാമ്പ് ആരംഭിച്ചു. 32 പേരടങ്ങുന്ന ക്യാമ്പിൽ ആരോഗ്യജീവനക്കാരെയടക്കം നിയോഗിച്ചു. രക്ഷപ്പെടുത്തിയ ഗർഭിണിയായ സ്ത്രീയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടെ തിരുവാർപ്പ് ക്ഷേത്രക്കുളത്തിൽ 'വീണ' യുവാവ് ശംഭുവിനെ അഗ്നിരക്ഷാ സേനയും സിവിൽ ഡിഫൻസ് പ്രവർത്തകരും ചേർന്ന് രക്ഷപ്പെടുത്തി. 'വെള്ളപ്പൊക്ക'ത്തിൽ പെട്ടവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി സൗകര്യങ്ങളൊരുക്കി 11.30ന് രക്ഷാപ്രവർത്തനങ്ങൾ അവസാനിച്ചു.
ഇൻസിഡന്റ് കമ്മാൻഡറായ കോട്ടയം തഹസിൽദാർ എസ്. അനിൽകുമാർ ദുരന്തനിവാരണപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ. മേനോൻ, ദുരന്ത നിവാരണ നോഡൽ ഓഫീസറായ സി.ആർ.പി.എഫ് സബ് ഇൻസ്പെക്ടർ എസ്. ശ്രീകുമാർ, ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ് സ്റ്റേഷൻ ഓഫീസർ അനൂപ് രവീന്ദ്രൻ, ഡെപ്യൂട്ടി തഹസിൽദാർ യു. രാജീവ്, തിരുവാർപ്പ് വില്ലേജ് ഓഫീസർ സി.എസ്. സുരേഷ്, സ്പെഷൽ വില്ലേജ് ഓഫീസർമാരായ കെ.കെ. ദീപു, നിമേഷ് എം. നായർ, ദർശന ദാസ്, ബ്രിജിത്ത് കെ. ബാബു, കുമരകം എസ്. ഐ. എം. രാജഗോപാൽ, തിരുവാർപ്പ് പബ്ലിക്ക് ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ ഡോ. അജിത ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

പാലായിലും 'പ്രളയം'
 

പാലാ നഗരത്തിലൂടെ ഒഴുകുന്ന മീനച്ചിലാറിലെ രാജധാനി കടവിന് സമീപം പ്രളയത്തിലകപ്പെട്ട 50 വയസുകാരൻ കല്ലൂർ പുളിക്കൽ വീട്ടിൽ പി.വി. ഷിബുവിനെയും വള്ളിച്ചിറ വേളപ്പറമ്പിൽ വീട്ടിൽ 60 വയസുള്ള ലാലി ജോസഫിനെയും 'രക്ഷപ്പെടുത്തി'യാണ് മീനച്ചിൽ താലൂക്കിൽ മോക്ഡ്രിൽ ആരംഭിച്ചത്. 'വെള്ളപ്പൊക്ക'ത്തിൽ രക്ഷപ്പെട്ടവർക്കുള്ള പ്രാഥമിക ശുശ്രൂഷകൾക്കായി പാലാ മുരിക്കുംപുഴ ഇന്റർനാഷൽ ജിമ്മിൽ പ്രത്യേക മെഡിക്കൽ ക്യാമ്പ് ഒരുക്കിയിരുന്നു. ലാലി ജോസഫിനെ 'വിദഗ്ധ ചികിത്സയ്'ക്കായി പാലാ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മുരുക്കുംപുഴയിൽ 'വെള്ളംകയറിയ' വീടുകളിൽനിന്ന് 26 പേരെ അഗ്നിരക്ഷാ സേനയും പൊലീസും ചേർന്ന് രക്ഷിച്ച് പാലാ സെന്റ് തോമസ് ഹൈസ്‌ക്കൂളിലെത്തിച്ച് ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി. തുടർന്ന് കിടങ്ങൂരിൽ 'വെള്ളംകയറിയ' വീടുകളിൽനിന്നുള്ളവരെ ശിവകുളങ്ങര എൽ.പി. സ്‌കൂളിലെ സുരക്ഷിത ക്യാമ്പിലേക്ക് മാറ്റി. മെഡിക്കൽ സംഘത്തെ ക്യാമ്പുകളിൽ നിയോഗിച്ചു. പാലാ ആർ.ഡി.ഒ പി.ജി. രാജേന്ദ്രബാബുവായിരുന്നു ഐ.ആർ.എസ് ഓഫീസർ.

പാലാ നഗരസഭ ആക്ടിങ്ങ് ചെയർപേഴ്സൺ സിജി പ്രസാദ്, നഗരസഭാംഗം മായാ രാഗിൽ, തഹസിൽദാർ കെ.എസ് സുനിൽകുമാർ, ഡെപ്യൂട്ടി തഹസിൽദാർ എം.ഡി. ജോർജ്ജ്, ലെയ്സൺ ഓഫീസർ പി.കെ. ബാബു, ജോയിന്റ് ആർ.ടി.ഒ. ഡാനി നൈനാൻ, പാലാ താലൂക്ക് ആശുപത്രി ആർ.എം.ഒ. ഡോ. സോളി പി. മാത്യു, മെഡിക്കൽ ഓഫീസർ ഡോ.വി.എസ്. ശശിലേഖ, പാലാ ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ എസ്.കെ. ബിജുമോൻ , വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ മോക് ഡ്രില്ലിന് നേതൃത്വം നൽകി.

വൈക്കത്ത് 'വെള്ളപ്പൊക്കം' വല്ലകത്ത്

വൈക്കത്ത് ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളായ വാഴമന, കൊടിയാട് മേഖലയിലെ രക്ഷാപ്രവർത്തനത്തിൽ 'പ്രളയ ബാധിതരായ' 34 കുടുംബങ്ങളെ ആരോഗ്യ വകുപ്പിന്റെയും ഫയർഫോഴ്സിന്റെയും ആംബുലൻസുകളിൽ വല്ലകം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയാണ് മോക്ഡ്രിൽ ആരംഭിച്ചത്. 'തലകറക്കം അനുഭവപ്പെട്ട' പൊന്നു എന്ന സ്ത്രീയെ സ്ട്രച്ചറിൽ കിടത്തി ക്യാമ്പിലെ മെഡിക്കൽ സംഘത്തിന്റെ അടുത്തെത്തിച്ചു. 46 പേരെ ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചു.  രക്ഷാപ്രവർത്തനത്തിനിടയിൽ 'പരുക്കേറ്റ' ഫയർഫോഴ്സ് ഉദ്യോഗസ്ഥനും ക്യാമ്പിൽ മെഡിക്കൽ സേവനം ലഭ്യമാക്കി. വൈക്കം തഹസിൽദാറും ടി.എൻ. വിജയനായിരുന്നു ഐ.ആർ.എസ് ഓഫീസർ. ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ പുഷ്‌കരൻ, ജനപ്രതിനിധികൾ എന്നിവർ സജീവമായി മോക്ഡ്രില്ലിൽ പങ്കെടുത്തു. ദുരിതാശ്വാസപ്രവർത്തനങ്ങൾ രാവിലെ 10.30ന് അവസാനിച്ചു.

കൂട്ടിക്കലിൽ 'മണ്ണിടിഞ്ഞു'

കൂട്ടിക്കൽ അഞ്ചുമുറിയിൽ 'മണ്ണിടിച്ചിലിൽ' ഒറ്റപ്പെട്ടുപോയ 28 പേരെ രക്ഷപ്പെടുത്തിയാണ് കാഞ്ഞിരപ്പള്ളി താലൂക്കിലെ മോക് ഡ്രില്ലിന് തുടക്കമായത്. രക്ഷപെടുത്തിയവരെ ഏന്തയാർ ജെ.ജെ മർഫി ഹയർ സെക്കൻഡറി സ്‌കൂളിലെ ക്യാമ്പിലേക്ക് മാറ്റി.  
അഗ്നിരക്ഷാസേനയും പൊലീസും ചേർന്ന് 'പരുക്കേറ്റ' മൂന്നുപേരെ രക്ഷപ്പെടുത്തി പ്രാഥമിക ശുശ്രൂഷകൾക്കായി കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിച്ചു.

കാഞ്ഞിരപ്പള്ളി തഹസിൽദാർ കെ.എം. ജോസുകുട്ടിയായിരുന്നു ഐ.ആർ.എസ്. ഓഫീസർ. കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. സജിമോൻ, ഗ്രാമപഞ്ചായത്തംഗങ്ങൾ, ഡെപ്യൂട്ടി തഹസിൽദാർമാരായ എം.എസ്. ബിന്ദു മോൾ, എൻ. ജയപ്രകാശ്, വി.വി മാത്യൂസ്, ബി.ഡി.ഒ. എസ്. ഫൈസൽ, കൂട്ടിക്കൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഗിരിജ കുമാരി, കൂട്ടിക്കൽ പ്രാഥമികാരോഗ്യ കേന്ദ്രം അസിസ്റ്റന്റ് സർജൻ ഡോ. റൂബി തോമസ്, കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ കെ.എസ് ഓമനക്കുട്ടൻ, സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ വേൽ ഗൗതം, ഹെൽത്ത് ഇൻസ്പെക്ടർ ടി.ആർ. ബിജു, കാഞ്ഞിരപ്പള്ളി താലൂക്ക് ഓഫീസ് ക്ലർക്ക് അഖിൽ സുരേഷ്, സി.ആർ.പി.എഫ് ഇൻസ്പെക്ടർ എ.കെ ഭാഗ്യനാഥ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ നേതൃത്വം നൽകി.

ചങ്ങനാശേരിയിൽ സ്‌കൂൾ
കുട്ടികളെ 'രക്ഷപ്പെടുത്തി'

ചങ്ങനാശ്ശേരി താലൂക്കിൽ വാഴപ്പള്ളി പടിഞ്ഞാറ് വില്ലേജ് ഓഫീസ് പരിധിയിലെ പറാൽ വിവേകാനന്ദ സ്‌കൂൾ പരിസരത്തുണ്ടായ 'വെള്ളപ്പൊക്കത്തിൽ' ഒറ്റപ്പെട്ടു പോയ അമ്പതോളം സ്‌കൂൾ കുട്ടികളെ 'രക്ഷപ്പെടുത്തി' സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചതോടെയാണ് ചങ്ങനാശേരിൽ താലൂക്കിൽ മോക്ഡ്രിൽ ആരംഭിച്ചത്. കുമരംകരി പാലത്തിനു സമീപ പ്രദേശങ്ങളിലെ വീടുകളിൽ നിന്നുള്ളവരെയും ചങ്ങനാശ്ശേരി മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ഒരുക്കിയ പ്രത്യേക ക്യാമ്പിൻ പ്രവേശിപ്പിച്ചു. ഭക്ഷണവും മെഡിക്കൽ സഹായവും ലഭ്യമാക്കി. രണ്ടു 'കിടപ്പുരോഗികളെ' മെഡിക്കൽ ടീമിന്റെ സഹായത്തോടെ ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. തഹസിൽദാർ ടി.ഐ. വിജയസേനനായിരുന്നു ഐ.ആർ.എസ്. ഓഫീസർ.

12.30ന് മോക് ഡ്രിൽ പ്രവർത്തനങ്ങൾ അവസാനിച്ചു. അഗ്നിരക്ഷാസേന, റവന്യൂ, തദ്ദേശസ്വയംഭരണം, ആരോഗ്യം, പൊലീസ്, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ്, മോട്ടോർ വാഹന വകുപ്പുകൾ, സിവിൽ ഡിഫൻസ് ഫോഴ്‌സ്, എൻ.സി.സി., ജനപ്രതിനിധികൾ, നാട്ടുകാർ എന്നിവർ മോക്ഡ്രില്ലിന്റെ ഭാഗമായി. മോക്ഡ്രിൽ നിരീക്ഷിക്കുന്നതിനായി ദേശീയ ദുരന്തനിവാരണസേനയുടെ ചെന്നൈയിൽനിന്നുള്ള സബ്ഇൻസ്‌പെക്ടർ ദിനേശ് യാദവും ഉദ്യോഗസ്ഥൻ ബിജോയ് രാജുവും ഡി.ഇ.ഒ.സി.യിലുണ്ടായിരുന്നു. എൻ.സി.സി. കമാൻഡർ മേജർ ജോസഫ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, ദുരന്തനിവാരണ വിഭാഗം ജൂനിയർ സൂപ്രണ്ട് ബിജു മാത്യു, തദ്ദേശസ്വയംഭരണ വകുപ്പ് ദുരന്തനിവാരണ വിഭാഗം കോ-ഓർഡിനേറ്റർ അനി തോമസ്, വിവിധ വകുപ്പ് ജീവനക്കാർ എന്നിവർ ജില്ലാ എമർജൻസി ഓഫീസിൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. മോക്ഡ്രില്ലിനു ശേഷം ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ അവലോകനയോഗം ചേർന്നു.

date