Skip to main content

അതിദരിദ്രർക്കുള്ള റേഷൻ കാർഡ് വിതരണം പൂർത്തീകരണഘട്ടത്തിൽ: മന്ത്രി ജി.ആർ. അനിൽ

കോൺവെന്റിലെ കിടപ്പുരോഗികൾക്ക് റേഷനുമായി മന്ത്രിയെത്തി

കോട്ടയം: സംസ്ഥാനത്ത് അതിദരിദ്രരായി കണ്ടെത്തിയവരിൽ റേഷൻ കാർഡില്ലാത്ത ഏഴായിരം പേർക്ക് കാർഡ് ലഭ്യമാക്കുന്നത് പൂർത്തീകരണഘട്ടത്തിലാണെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. ആശ്രമങ്ങൾ, അഗതി മന്ദിരങ്ങൾ എന്നിവിടങ്ങളിലെ അന്തേവാസികൾക്ക് പ്രോക്‌സി സംവിധാനത്തിലൂടെയല്ലാതെ റേഷൻ നൽകുന്ന സംവിധാനം ചങ്ങനാശേരി കുരിശുംമൂട് വെരുച്ചിറ ശാന്തിസദൻ കോൺവെന്റിൽ നേരിട്ടെത്തി ലഭ്യമാക്കിയശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിൽ ആരും പട്ടിണി കിടക്കരുതെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. അതിദരിദ്രർക്ക് കാർഡു നൽകുക മാത്രമല്ല റേഷൻ കടയിലെത്തി സാധനങ്ങൾ വാങ്ങാൻ അസൗകര്യമുള്ളവർക്ക് സഞ്ചരിക്കുന്ന റേഷൻ കട വഴി സാധനങ്ങൾ താമസിക്കുന്ന സ്ഥലത്ത് എത്തിക്കുന്ന സൗകര്യമൊരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ശാന്തിസദനിലെ 28 അന്തേവാസികൾ കിടപ്പുരോഗികളായതിനാൽ റേഷൻ വാങ്ങുന്നതിന് സാധിക്കില്ലെന്നു കാട്ടി നൽകിയ പരാതിയെത്തുടർന്നായിരുന്നു മന്ത്രിയുടെ സന്ദർശനം. അന്തേവാസികളെ മന്ത്രി സന്ദർശിച്ചു. അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ., വാഴപ്പള്ളി ഗ്രാമപഞ്ചായത്തംഗം ആർ. തങ്കമണി, ജില്ലാ സപ്ലൈ ഓഫീസർ റ്റി.ജി. സത്യപാൽ, ചങ്ങനാശേരി താലൂക്ക് സപ്ലൈ ഓഫീസർ എൻ.ആർ. ശ്രീലത, റേഷനിംഗ് ഇൻസ്‌പെക്ടർ സിന്ധു വർമ എന്നിവർ സന്നിഹിതരായിരുന്നു.
 

date