Skip to main content

വാഴൂർ ഫുഡ് പ്രൊഡക്ട്‌സ് പ്രവർത്തനം തുടങ്ങി

 

കർഷകരെ ഉത്പാദനരംഗത്ത് സഹായിച്ചാൽ
കാർഷിക മേഖല സമ്പന്നമാകും: മന്ത്രി കെ. രാധാകൃഷ്ണൻ

കോട്ടയം: തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും ധനകാര്യസ്ഥാപനങ്ങളും സംയുക്തമായി കർഷകരെ ഉത്പാദനരംഗത്ത് സഹായിച്ചാൽ കാർഷിക മേഖല സമ്പന്നമാകുമെന്ന് ദേവസ്വം-പിന്നാക്ക ക്ഷേമവകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. വാഴൂർ ബ്ലോക്ക് പഞ്ചായത്ത്, വാഴൂർ സ്വാശ്രയ കാർഷിക വിപണി, കൃഷി വകുപ്പ് എന്നിവയുടെ സംയുക്ത സംരംഭമായ വാഴൂർ ഫുഡ് പ്രൊഡക്ട്‌സിന്റെ ഉദ്ഘാടനം ചാമംപതാലിൽ നിർവഹിച്ച ശേഷം ബ്ലോക്ക് പഞ്ചായത്തങ്കണത്തിൽ നടന്ന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കർഷകരെ സഹായിക്കണമെങ്കിൽ അവർ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾക്ക് ന്യായമായവില കിട്ടണം. ഉത്പന്നങ്ങൾ കർഷകരിൽനിന്ന് കൃത്യമായി ഏറ്റെടുക്കാനും വിപണി കണ്ടെത്താനും അവയെമൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റാനും കഴിഞ്ഞാൽ കാർഷിക മേഖല സമ്പന്നമാകും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ധനകാര്യസ്ഥാപനങ്ങളും സംയുക്തമായി  ഉത്പാദനരംഗത്ത്   ഇടപെടുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചുവരുന്നതായും മന്ത്രി പറഞ്ഞു.
ഉത്പന്നങ്ങളുടെ വിപണനത്തിന്റെയും ഔട്ട്ലെറ്റിന്റെയും ഉദ്ഘാടനം
സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നിർവഹിച്ചു. ഗുണമേന്മയുള്ള ഉത്പന്നങ്ങളാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും വാഴൂർ ഫുഡ് പ്രൊഡക്ട്‌സ് ഇക്കാര്യത്തിൽ മാതൃകയാകുമെന്നും ചീഫ് വിപ്പ് പറഞ്ഞു.

വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരസമിതി അധ്യക്ഷൻ ഷാജി പാമ്പൂരി പദ്ധതി വിശദീകരിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി.പി. റെജി, കെ.എസ്. റംല ബീഗം, ശ്രീജിഷ കിരൺ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രഞ്ജിനി ബേബി, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ടി.എൻ. ഗിരീഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ പി.എം. ജോൺ, ലതാ ഷാജൻ, പ്രിൻസിപ്പൽ കൃഷി ഓഫീസർ ഗീത വർഗീസ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ബിജു തോമസ്, വാഴൂർ ഫാർമേഴ്‌സ് ബാങ്ക് പ്രസിഡന്റ് ബെജു കെ. ചെറിയാൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ലത ഉണ്ണികൃഷ്ണൻ, ഗീത എസ്. പിള്ള, മിനി സേതുനാഥ്, ബി. രവീന്ദ്രൻ നായർ, ശ്രീജിത്ത് വെള്ളാവൂർ, ഒ.ടി. സൗമ്യാമോൾ, വർഗീസ് ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.എൻ. ബാലഗോപാലൻ നായർ, ഗ്രാമപഞ്ചായത്തംഗം തോമസ് വെട്ടുവേലിൽ, വാഴൂർ സ്വാശ്രയ കാർഷിക വിപണി സെക്രട്ടറി ബിനു പൊടിപാറ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.എൻ. സുജിത്ത്, രാഷ്ട്രീയ പാർട്ടി നേതാക്കൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

വാഴൂർ ബ്ലോക്ക് പഞ്ചായത്ത്, കർഷക സംഘടനയായ വാഴൂർ സ്വാശ്രയ കാർഷിക വിപണി, കൃഷി വകുപ്പ് എന്നിവയുടെ സംയുക്ത സംരംഭമായ വാഴൂർ ഫുഡ് പ്രൊഡക്ട്‌സ് കപ്പ, ഏത്തക്കായ, ചക്ക, പച്ചക്കറികൾ എന്നിവയിൽ നിന്നും മൂല്യവർധിത ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കും. കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രത്തിൽ നിന്നും വൈദഗ്ധ്യം നേടിയ കർഷക സംഘമാണ് ഉത്പാദനം നടത്തുക. ഉപ്പേരി, മധുരസേവ, മിക്‌സ്ചർ, മുറുക്ക്, പക്കാവട, കപ്പപ്പൊടി, എന്നിവ കൂടാതെ ചക്ക ഉത്പന്നങ്ങളായ ചക്കക്കുരുപ്പൊടി, ചക്ക കട്‌ലറ്റ്, ഇടിച്ചക്ക അച്ചാർ, ചക്ക ഹൽവ, പച്ചക്കറി കൊണ്ടാട്ടങ്ങൾ തുടങ്ങി വൈവിധ്യമാർന്ന ഭക്ഷണങ്ങൾ യന്ത്രസഹായത്തോടെ ഉത്പാദിപ്പിക്കും. വാഴൂർ ചാമംപതാലിൽ ഉത്പാദന യൂണിറ്റിനൊപ്പം ആരംഭിച്ച ഔട്ട്‌ലെറ്റിൽനിന്ന് കർഷകർക്കും പൊതുജനങ്ങൾക്കും മിതമായ വിലയിൽ ഉത്പന്നങ്ങൾ ലഭിക്കും.

ഫോട്ടോകാപ്ഷൻ

വാഴൂർ ബ്ലോക്ക് പഞ്ചായത്ത്, വാഴൂർ സ്വാശ്രയ കാർഷിക വിപണി എന്നിവയുടെ സംയുക്ത സംരംഭമായ വാഴൂർ ഫുഡ് പ്രൊഡക്ട്‌സിന്റെ ഉദ്ഘാടനം ദേവസ്വം-പിന്നാക്ക ക്ഷേമവകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിക്കുന്നു. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് സമീപം.

വാഴൂർ ബ്ലോക്ക് പഞ്ചായത്ത്, വാഴൂർ സ്വാശ്രയ കാർഷിക വിപണി, കൃഷി വകുപ്പ് എന്നിവയുടെ സംയുക്ത സംരംഭമായ വാഴൂർ ഫുഡ് പ്രൊഡക്ട്‌സിന്റെ ഉദ്ഘാടനം നിർവഹിച്ച ശേഷം ദേവസ്വം-പിന്നാക്ക ക്ഷേമവകുപ്പ് മന്ത്രി കെ. രാധാകൃഷ്ണനും സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജും ചാമംപതാലിലെ ഉത്പാദന യൂണിറ്റിന്റെ പ്രവർത്തനം നോക്കിക്കാണുന്നു.

(കെ.ഐ.ഒ.പി.ആർ 3252/2022 )

date