Skip to main content

പാണാവള്ളിയിൽ റോഡുകളുടെ നിർമ്മാണം പൂർത്തീകരണത്തിലേക്ക്

 

ആലപ്പുഴ : ദീർഘനാളായി ശോചനീയാവസ്ഥയിലായിരുന്ന  പാണാവള്ളി ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിലെ റോഡുകൾക്ക് ശാപമോക്ഷം. എം. എൽ. എയുടെയും പഞ്ചായത്തിന്റെയും ഫണ്ടുകൾ വിനിയോഗിച്ച് പുനർ നിർമ്മിക്കുന്ന പനമ്പുകാട് - പള്ളിപ്പാട്,  പള്ളിപ്പാട് - കുഴുവേലി എന്നീ റോഡുകളുടെ നിർമ്മാണമാണ് പൂർത്തീകരണത്തിലേക്ക് എത്തിയിരിക്കുന്നത്.
ദലീമ ജോജോ എം.എൽ.എയുടെ ഫണ്ടിൽ നിന്ന് അനുവദിച്ച 490000 രൂപ വിനിയോഗിച്ചാണ് പനമ്പുകാട്-പള്ളിപ്പാട് റോഡിന്റെ നിർമ്മാണം. പാണാവള്ളി ഗ്രാമപഞ്ചായത്തിന്റെ വികസന ഫണ്ടിൽനിന്ന് അനുവദിച്ച നാല് ലക്ഷം രൂപ വിനിയോഗിച്ചാണ് പള്ളിപ്പാട് - കുഴുവേലി റോഡിന്റെ നിർമ്മാണം.
 ടാറിങ് ഉൾപ്പെടെയുള്ള അവസാനഘട്ട പ്രവർത്തനങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.  വാർഡിലെ  പഞ്ചായത്തിലെ പ്രധാന റോഡായ പള്ളിവെളി- കരാളപ്പതി റോഡുമായി ബന്ധിക്കുന്ന ഈ റോഡുകൾ ദീർഘനാളായി ശോചനീയവസ്ഥയിലായിരുന്നു. റോഡ് പുനർനിർമ്മിക്കുന്നതോടെ വാർഡിലെ ജനങ്ങൾക്ക് യാത്ര കൂടുതൽ സുഗമമാകുമെന്ന് വാർഡ് അംഗം ഹരീഷ്മ വിനോദ് പറഞ്ഞു.

date