Skip to main content
തെരുവര സ്ട്രീറ്റ് ആർട് ഫെസ്റ്റിവൽ ലളിതകലാ അക്കാദമിയിൽ ജില്ലാ കലക്ടർ ഹരിത വി കുമാർ ഉദ്ഘാടനം ചെയ്യുന്നു

നഗരിയെ കാൻവാസാക്കാൻ 'തെരുവര': സ്ട്രീറ്റ് ആർട്ട് ഫെസ്റ്റിവലിന് തുടക്കം 

 

തൃശൂരിന്റെ സാംസ്‌കാരിക പ്രൗഡിയത്രയും വരയിലും വർണത്തിലും മിഴിവ് പകരുന്ന മനോഹര കലാസൃഷ്ടികളായി ഇനി കൺമുന്നിലുണ്ടാകും. കേരള ലളിതകലാ അക്കാദമി, കേരള സംഗീത നാടക അക്കാദമി, ജില്ലാഭരണകൂടം എന്നിവ സംയുക്തമായി ജനുവരി 31 വരെ  സംഘടിപ്പിക്കുന്ന "തെരുവര" സ്ട്രീറ്റ് ആർട്ട് ഫെസ്റ്റിവലിലൂടെയാണ്  നഗരത്തിലെ തെരുവുകൾ കലയുടെ കാൻവാസാകുന്നത്. സ്ട്രീറ്റ് ആർട്ട്‌ ഫെസ്റ്റിവലിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍  നിര്‍വ്വഹിച്ചു.

സാംസ്കാരികമായും കലാപരമായും മുന്നിട്ട് നിൽക്കുന്ന തൃശൂർ നഗരത്തിന്റെ സാധ്യതകളെ വിപുലമായി ഉപയോഗപ്പെടുത്തുമെന്ന് കലക്ടർ പറഞ്ഞു.        വീഥികളിൽ തെളിയുന്ന വരകൾ ജില്ലയ്ക്ക്  പുതിയ അനുഭവങ്ങൾ സമ്മാനിക്കുന്നതായിരിക്കും. ഓരോ ചിത്രത്തിനും ഓരോ കഥകൾ പറയാനുണ്ടാകുമെന്ന് പറഞ്ഞ കലക്ടർ ഏത് രീതിയിലാണ് നഗരം പരിണമിക്കുന്നത് എന്ന് കാണാൻ കാത്തിരിക്കുകയാണെന്നും കൂട്ടിച്ചേർത്തു. കലാകാരൻമാർക്ക് കിറ്റ് നൽകിയാണ് തെരുവരയുടെ ഉദ്ഘാടനം കലക്ടർ നിർവഹിച്ചത്. 

യുനെസ്‌കോ ലേണിംഗ് സിറ്റിയായി തൃശൂരിനെ തെരഞ്ഞടുത്ത സാഹചര്യത്തില്‍ അക്കാദമി സംഘടിപ്പിക്കുന്ന ഈ വര്‍ണ്ണോത്സവം നഗരത്തെ കൂടുതല്‍ മനോഹരമാക്കും.  നഗരിയിലെ തെരഞ്ഞെടുത്ത പൊതു-സ്വകാര്യ കെട്ടിടങ്ങളുടെ ചുവരുകളും മതിലുകളും ഉപയോഗപ്പെടുത്തിയാണ് 'തെരുവര' നടത്തുന്നത്.

ചിത്രകാരി അന്‍പു വര്‍ക്കി ക്യൂറേറ്ററായി പ്രവര്‍ത്തിക്കുന്ന സ്ട്രീറ്റ് ആര്‍ട്ട് ഫെസ്റ്റിവലില്‍ ആകാശ് രാജ് ഹലന്‍കാര്‍, അലിന ഇഫ്തികര്‍, ആന്റോ ജോര്‍ജ്ജ്, ഫെലിക്‌സ് ജാക്‌സണ്‍, ജോബിന്‍ പ്രകാശ്, ജോഫ്രീ ഒലിവറസ്, കാര്‍ത്തിക എസ് എസ്, മനു മണികുട്ടന്‍, ടി മുഹമ്മദ് അക്വീല്‍ ഹുസൈന്‍, മോന ഇസ, നിബിദ് ബോറഹ്, പ്രിസില്ല കെ, രഘുപതി, റിഥുന്‍ എം, സാറ്റ്ച്ചി ഷെയില്‍ സാദ്‌വെല്‍കര്‍, ഷാൻ്റോ ആൻ്റണി, ശില്പ മേനോന്‍, സിദ്ധാര്‍ത്ഥ് കാരര്‍വാള്‍ എന്നീ കലാകാരൻമാരാണ് ചിത്രരചന നടത്തുന്നത്.

തെരുവരയുടെ ഭാഗമായി അക്കാദമിയുടെ മുഖ്യകാര്യാലയത്തില്‍ പോട്രേയ്റ്റ് ക്യാമ്പ് ആരംഭിച്ചിട്ടുണ്ട്. സാഹിത്യ, നാടക, കലാരംഗത്തെ പ്രശസ്തരായവരുടെ ഛായാചിത്രങ്ങളാണ് ക്യാമ്പില്‍ രചിക്കുന്നത്. കെ ജി ബാബു, സോമന്‍ എം, കെ ജി വിജയന്‍, സുനില്‍, ഗീതു സുരേഷ് എന്നിവരാണ് പോട്രേയ്റ്റ് ക്യാമ്പില്‍ പങ്കെടുക്കുന്നത്.

ലളിതകലാ അക്കാദമിയുടെ മുഖ്യ കാര്യാലയത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങിൽ കേരള ലളിതകലാ അക്കാദമി ചെയര്‍മാൻ മുരളി ചീരോത്ത് അധ്യക്ഷത വഹിച്ചു. സാംസ്കാരിക നഗരത്തെ പുതിയ സംസ്കാരത്തിന്റെ ഭാഗമാക്കി തീർക്കാനുള്ള ശ്രമത്തിനാണ് തുടക്കം കുറിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.  വരകളും ദൃശ്യങ്ങളും വാക്കുകളും കൊണ്ട് ജില്ലയുടെ മറ്റൊരു പാരമ്പര്യം നിർമ്മിക്കുകയാണെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി അഭിപ്രായപ്പെട്ടു. കേരള  ലളിതകലാ അക്കാദമി സെക്രട്ടറി എന്‍ ബാലമുരളീകൃഷ്ണന്‍, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി പി അബ്ദുൾ കരീം, അക്കാദമി മാനേജര്‍ കെ എസ് മനോജ് കുമാര്‍, ചിത്രകാരൻമാർ തുടങ്ങിയവർ പങ്കെടുത്തു.

date