Skip to main content

ലഹരി വിരുദ്ധ ബോധവല്‍കരണ പരിപാടി സംഘടിപ്പിച്ചു

 

    ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ബോധവല്‍കരണ പരിപാടി സംഘടിപ്പിച്ചു. എറണാകുളം റൂറല്‍ നാര്‍കോട്ടിക് സെല്ലിലെ സീനിയര്‍ സി.പി.ഒയും കേരള പൊലീസിന്റെ ഹോപ്പ് പദ്ധതി കോ ഓഡിനേറ്ററുമായ വി.എസ് ഷിഹാബ് ഉദ്ഘാടനം നിര്‍വഹിച്ചു.

    ലഹരി വിരുദ്ധ പോരാട്ടത്തില്‍ ഓരോരുത്തരും നിര്‍വഹിക്കേണ്ട കടമകളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. കുട്ടികള്‍ ലഹരിയുടെ കെണിയില്‍ വീഴുന്നതു തടയുന്നതിനായി മാതാപിതാക്കള്‍ സൂക്ഷ്മ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ടെന്നും  അദ്ദേഹം പറഞ്ഞു. പത്താം തരം, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളില്‍ തുല്യതാ വിദ്യാഭ്യാസം നല്‍കുന്ന ജില്ലയിലെ 16 കേന്ദ്രങ്ങളിലെയും ക്ലാസ് ലീഡര്‍മാര്‍ക്ക് വേണ്ടിയായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. തുടര്‍ന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

    ക്യാംപയിനോടനുബന്ധിച്ച് ഉപന്യാസ രചന, പ്രസംഗ മത്സരം എന്നിവ സംഘടിപ്പിച്ചു. സാക്ഷരതാ മിഷന്‍ സംസ്ഥാന  കോ-ഓഡിനേറ്റര്‍ നിര്‍മ്മല ജോയ്, എറണാകുളം ജില്ലാ കോ- ഓഡിനേറ്റര്‍ ദീപാ ജയിംസ്, അസി. ജില്ലാ കോ-ഓഡിനേറ്റര്‍മാരായ കെ.എം സുബൈദ, കൊച്ചുറാണി മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.

    പാതിവഴിയില്‍ പഠനം നിലച്ചവര്‍ക്കായി നടത്തുന്ന തുല്യതാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പത്താം ക്ലാസില്‍ 2500 പേരും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 2000 പേരുമാണ് ജില്ലയുടെ വിവിധ കേന്ദ്രങ്ങളിലായി പഠിക്കുന്നത്.

date