Skip to main content
ജോബ് ഫെയർ 2023 വിമല കോളേജിൽ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യുന്നു

ഓരോ കുടുംബത്തിലെയും ഒരു വ്യക്തിക്ക് തൊഴിൽ എന്ന ലക്ഷ്യം കൈവരിക്കും : മന്ത്രി കെ രാജൻ

 

സംസ്ഥാനത്തെ ഓരോ കുടുംബത്തിലെയും ഒരു വ്യക്തിക്ക് തൊഴിൽ എന്ന ലക്ഷ്യം കൈവരിക്കാനുള്ള പ്രവർത്തനങ്ങളുമായാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് റവന്യൂമന്ത്രി കെ രാജൻ. പരമാവധി പേർക്ക് തൊഴിൽ അവസരങ്ങൾ ഒരുക്കാനും സ്വയം തൊഴിൽ സംരംഭങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള ശ്രദ്ധേയമായ പദ്ധതികളാണ് സർക്കാർ വിഭാവനം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് (KASE), ടാലി എജ്യുക്കേഷൻ, ജില്ലാ ഭരണകൂടം, ജില്ലാ സ്കിൽ കമ്മിറ്റി, സംസ്ഥാന യുവജന കമ്മീഷൻ എന്നിവ സംയുക്തമായി ഒരുക്കുന്ന കെയ്സ് ടാലി മെഗാ തൊഴിൽമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രധാനപ്പെട്ട ധനകാര്യ സ്ഥാപനങ്ങളുടെ കേന്ദ്രമായ തൃശൂർ ജില്ലയിൽ 53 ധനകാര്യ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി അക്കൗണ്ടിംഗ് മേഖലയ്ക്ക് മാത്രമായി നടത്തുന്ന മെഗാ തൊഴിൽമേള ഏറെ പ്രാധാന്യം അർഹിക്കുന്നു. ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ എന്ന ലക്ഷ്യത്തെ മുൻനിർത്തി ഓരോ പഞ്ചായത്തുകളുടെയും നേതൃത്വത്തിൽ നിരവധി സംരംഭങ്ങളാണ് സംസ്ഥാനത്ത് ആരംഭിക്കാനായത്. അഞ്ച് വർഷം കൊണ്ട് 20 ലക്ഷം പേർക്ക് തൊഴിൽ നൽകാനുള്ള പ്രവർത്തനങ്ങളാണ് സർക്കാരിന്റെ നേത്യത്വത്തിൽ പുരോഗമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

അക്കൗണ്ടിംഗ് മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ യുവജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ്   മെഗാ തൊഴിൽമേള  സംഘടിപ്പിക്കുന്നത്. 
40ലേറെ കമ്പനികൾ പങ്കെടുക്കുന്ന മേളയിൽ 2000ത്തിലധികം ഒഴിവുകളാണ്  ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത്. 
ടാലി സർട്ടിഫിക്കറ്റ് കോഴ്സുള്ളവർ, അക്കൗണ്ടിംഗ് മേഖലയിൽ പ്രാവിണ്യമുള്ളവർ, അക്കൗണ്ടിംഗ് വിഷയമായി പഠിച്ചവർ എന്നിവർക്ക് മുൻഗണനയുണ്ട്. ടാലി പരിശീലനം പൂർത്തിയാക്കിയ ആദ്യ ബാച്ചിന്റെ അഞ്ച് വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം മന്ത്രി നിർവഹിച്ചു.

വിമല കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന കെയ്സ് ടാലി മെഗാ തൊഴിൽമേളയുടെ ഉദ്ഘാടന ചടങ്ങിൽ  പി ബാലചന്ദ്രൻ എംഎൽഎ  അധ്യക്ഷത വഹിച്ചു .  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, ജില്ലാ കലക്ടർ ഹരിത വി കുമാർ, ജില്ലാ പ്ലാനിംഗ് ഓഫീസർ എൻ കെ ശ്രീലത, വാർഡ് കൗൺസിലർ രാധിക അശോകൻ, താലി എം ടാപ് ഡയറക്ടർ സി ടി വി വിനോദ്, വിമല കോളേജ് പ്രിൻസിപ്പാൾ സിസ്റ്റർ ബീന ജോസ്, കെയ്സ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ വിനോദ് ടിവി, ജില്ല ആസൂത്രണ സമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

date