Skip to main content

മയക്കുമരുന്നിനെതിരെ ഉയിര്‍പ്പ് കലാജാഥ: പരിശീലന പരിപാടി സമാപിച്ചു

 

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് മയക്കുമരുന്നിനെതിരെ നടത്തിവരുന്ന ബോധവല്‍ക്കരണ പരിപാടികളുടെ ഭാഗമായി സംസ്ഥാന വ്യാപകമായി "ഉയിര്‍പ്പ് " കലാജാഥ ഒരുങ്ങുന്നു. പരിപാടിക്ക് മുന്നോടിയായി തൃശൂർ ജില്ലാ യുവജന കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ കിലയിൽ
3 ദിവസങ്ങളായി നടന്ന പരിശീലന പരിപാടിക്ക് സമാപനം. ഫ്‌ലാഷ് മോബ്, സംഗീതശില്പം, നാടകം, തെരുക്കൂത്ത് എന്നിവ ഉള്‍പ്പെടെ ഒരു മണിക്കൂറോളം നീളുന്ന കലാപരിപാടികളാണ് ക്യാമ്പില്‍ ഉൾപ്പെടുത്തിയത്. 

ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, രാവുണ്ണി, മഞ്ജു വൈഖരി, നാരായണൻ കോലഴി എന്നിവരുടെ രചനകളാണ് ഉയിർപ്പിൽ അവതരിപ്പിക്കുന്നത്. രാജേഷ് അപ്പുക്കുട്ടൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു. പ്രിയനന്ദനൻ, ശ്രീജിത്ത് പൊയിൽക്കാവ്, സുധീർ ബാബുട്ടൻ, കലാമണ്ഡലം അക്ഷയ, താര പോണ്ടിച്ചേരി എന്നിവർ രൂപപ്പെടുത്തിയ കലാപരിപാടികളാണ് ജില്ലാപരിശീലന ക്യാമ്പിൽ ഒരുങ്ങുന്നത്.

വിദ്യാലയങ്ങൾ, കലാലയങ്ങൾ, പൊതു ഇടങ്ങൾ എന്നിങ്ങനെയുള്ള അവതരണ കേന്ദ്രങ്ങളിലൂടെ യുവജനക്ഷേമ ബോർഡിൻ്റെ ജില്ലാ കേന്ദ്രങ്ങളുടെ ചുമതലയിൽ കേരളത്തിലുടനീളം  കലാജാഥകൾ പര്യടനം നടത്തുമെന്ന് സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ് സതീഷ് അറിയിച്ചു. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ  സി ടി സബിത, യുവതി ജില്ലാ കോ-ഓർഡിനേറ്റർ സുകന്യ ബൈജു എന്നിവർ നേതൃത്യം നൽകി. നാടക പരിശീലനം നിപിൻ ഉണ്ണി നിർവഹിച്ചു.

date