Skip to main content

പഠന രംഗത്ത് ഏറ്റവും കുറവ് കൊഴിഞ്ഞുപോക്കുള്ള സംസ്ഥാനം കേരളം: വിദ്യാഭ്യാസ മന്ത്രി

ആലപ്പുഴ: രാജ്യത്ത് പഠന രംഗത്ത് ഏറ്റവും കുറവ് കൊഴിഞ്ഞുപോക്കുള്ള സംസ്ഥാനം കേരളമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. കായംകുളം പുതുപ്പള്ളി കെ. എന്‍. എം. ഗവ. യു. പി. സ്‌കൂളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 

നമ്മുടെ പൊതുവിദ്യാഭ്യാസ മേഖല എല്ലാവര്‍ക്കുമായി തുറന്നു കിടക്കുകയാണ്.  എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. വിദ്യാഭ്യാസ മേഖലയില്‍ കേരളത്തിനു കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ അടക്കം നിരവധി പുരസ്‌കാരങ്ങള്‍ വന്നു കഴിഞ്ഞു. ലോകത്താകമാനം തന്നെ കേരള മോഡല്‍ ഏറെ പ്രശസ്തമാണ്.

പുതിയ വിദ്യാഭ്യാസ മാതൃകയിലേക്കുള്ള പ്രയാണത്തില്‍ ആണ് നാം. അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. പാഠ്യപദ്ധതി പരിഷ്‌കരണ നടപടികള്‍ അടക്കം പുരോഗമിക്കുകയാണ്- മന്ത്രി പറഞ്ഞു.

ചടങ്ങില്‍ യു.പ്രതിഭ എം.എല്‍.എ അധ്യക്ഷത വഹിച്ചു. യു.പ്രതിഭ എം.എല്‍.എയുടെ 2019-20 വര്‍ഷത്തെ മണ്ഡല ആസ്തി വികസന ഫണ്ട് വിനിയോഗിച്ചാണ് നാല് ക്ലാസ് മുറികളുള്ള കെട്ടിടം നിര്‍മ്മിച്ചത്. എ.എം.ആരിഫ് എം.പി മുഖ്യാതിഥിയായി. 

മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി ടീച്ചര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.പവനനാഥന്‍, വികസനകാര്യ സ്റ്റാന്‍ഡിംങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ്.രേഖ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്യാമ വേണു, ലീന രാജു, ഹെഡ്മാസ്റ്റര്‍ ആര്‍.സന്തോഷ് കുമാര്‍, പി.ടി.എ പ്രസിഡന്റ് ജി.ഉണ്ണികൃഷ്ണന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date