Skip to main content

സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ മേഖല 3000 കോടി രൂപയുടെ വികസനത്തിന് സാക്ഷ്യം വഹിച്ചു: മന്ത്രി വി.ശിവന്‍കുട്ടി

ആലപ്പുഴ: കേരളത്തിലെ പൊതു വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 3000 കോടി രൂപ നാളിതുവരെ ചിലവഴിച്ചതെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെയും വിദ്യാകിരണം പദ്ധതിയുടെയും ഭാഗമായി സര്‍ക്കാരിന്റെ ആസൂത്രണത്തിന്റെയും നിര്‍വഹണത്തിന്റെയും  ഫലമായാണ് ഈ നേട്ടം കൈവരിക്കാനായതെന്നും മന്ത്രി പറഞ്ഞു. കായംകുളം ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കെട്ടിട സമുച്ചയങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 

എല്ലാ വിഭാഗം ജനതയ്ക്കും വിദ്യാഭ്യാസത്തിന് അവസരമുണ്ട്. തുല്യത, ഗുണത എന്നിവയ്ക്ക് നാം ഊന്നല്‍ നല്‍കുന്നു. വിദ്യാഭ്യാസത്തിന്റെ പ്രസക്തി ഏറെ മുമ്പേ തിരിച്ചറിഞ്ഞ നാടാണ് കേരളം.  പൊതുവിദ്യാലയങ്ങള്‍ക്ക് ഇടര്‍ച്ച സംഭവിച്ച കാലം ഉണ്ടായിരുന്നു. എന്നാല്‍ അതില്‍ നിന്നൊക്കെ മാറി മികവിന്റെ കേന്ദ്രങ്ങളായി മാറുകയാണ് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍. ജനസംഖ്യയോട് ആനുപാതികമായി ഏതാണ്ട് നൂറു ശതമാനം കുട്ടികളും കേരളത്തില്‍ സ്‌കൂളുകളില്‍ എത്തുന്നുണ്ട്.അവര്‍ക്ക് പഠനത്തുടര്‍ച്ചയും ഉണ്ടാക്കുന്നുണ്ട്. ഇതൊരു ചെറിയ കാര്യമല്ല. നമ്മുടെ സമൂഹത്തിന്റെ പുരോഗമനം ആണിത് കാണിക്കുന്നത്്്. വിദ്യാഭ്യാസമേഖല ഇനിയും കൂടുതല്‍ നൂതനമായ പദ്ധതികള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ പോവുകയാണ്. - മന്ത്രി പറഞ്ഞു. 

കായംകുളം ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ കിഫ്ബി ഫണ്ടില്‍ നിന്നും 5.25 കോടി രൂപയും യു പ്രതിഭ എം.എല്‍.എ.യുടെ മണ്ഡല ആസ്തി വികസന ഫണ്ടില്‍ നിന്നും 1.82 കോടി രൂപയും വിനിയോഗിച്ചാണ് കെട്ടിട സമുച്ചയം നിര്‍മ്മിച്ചത്. 100 വര്‍ഷത്തിലധികം പഴക്കമുള്ള ഹൈസ്‌കൂളിലെ പൈതൃക കെട്ടിടങ്ങള്‍ 50 ലക്ഷം രൂപ വിനിയോഗിച്ച് പുനരുദ്ധരിച്ചു. 6071 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ബാല്‍ക്കണിയോട് കൂടിയ ആഡിറ്റോറിയം, ജില്ലയിലെ ആദ്യത്തെ ഹൈടെക് ലാബ് എന്നിവ സജ്ജമാക്കിയിട്ടുണ്ട്   20 ക്ലാസ് മുറികള്‍ ഹൈസ്‌കൂള്‍  ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങള്‍ക്ക് പ്രത്യേകം പ്രത്യേകം ഡൈനിങ് ഹാള്‍, അടുക്കള, ലാബുകള്‍ പെണ്‍കുട്ടികള്‍ക്ക് വിശ്രമം മുറി, ഭിന്നശേഷികാര്‍ക്ക്  പ്രത്യേക ടോയ്‌ലറ്റ് , സ്റ്റാഫ് റൂം എന്നിവയും പുതിയ കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ട്.

ചടങ്ങില്‍ യു.പ്രതിഭ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. എ.എം.ആരിഫ് എം.പി മുഖ്യാതിഥിയായി. നഗരസഭ  വൈസ് ചെയര്‍മാന്‍ ജെ.ആദര്‍ശ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചയര്‍പേഴ്‌സണ്‍  ഷാമില അനിമോന്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മായാദേവി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എസ്.കേശുനാഥ്, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫര്‍സാന ഹബീബ് 
പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.എസ് സുല്‍ഫിക്കര്‍, പി.ടി.എ പ്രസിഡണ്ട് എം.ജെ നിസാര്‍ , പൂര്‍വ്വ അധ്യാപക വിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റ് എന്‍.സുകുമാരപിള്ള,പിന്‍സിപ്പാള്‍ സുനില്‍ ചന്ദ്രന്‍, പൂര്‍വ്വ വിദ്യാര്‍ത്ഥിയും മുന്‍ കര്‍ണ്ണാടക എം.എല്‍.എയുമായ ഐവാന്‍ 
നിഗ്ലീ, പൂര്‍വ്വ വിദ്യാര്‍ത്ഥിയും സ്വാതന്ത്ര്യ സമര സേനാനിയുമായ കെ.എ ബക്കര്‍ തുടങ്ങി സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date