Skip to main content

കൃഷി മുറ്റം, പച്ചക്കറി കൃഷി വികസന പദ്ധതിയുമായി കഞ്ഞിക്കുഴി 

ആലപ്പുഴ:  9200 കുടുംബങ്ങൾക്ക് ആവശ്യമായ പച്ചക്കറി ഉൽപാദനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന കൃഷിമുറ്റം പച്ചക്കറി കൃഷി വികസന പദ്ധതിയുമായി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത്. ജനകീയ ആസൂത്രണം 2022 -23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. 
18  വാർഡിലും കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ തൈ ഉൽപാദന യൂണിറ്റുകൾ രൂപീകരിച്ചിട്ടുണ്ട്. 
പ്രത്യേകം തയ്യാറാക്കിയ മഴമറയ്ക്ക്  അകത്തു ഉൽപ്പാദിപ്പിക്കുന്ന തൈ വിത്തുകൾ കൃഷിഭവൻ മുഖേന  തൈ ഉൽപാദന യൂണിറ്റിൽ നിന്ന് എക്കോ ഷോപ്പ് വഴി വാങ്ങിയാണ് വിതരണം ചെയ്യുന്നത്. വെണ്ട, പീച്ചിൽ, പാവൽ, പടവലം, പയർ  തുടങ്ങിയ  അഞ്ചര ലക്ഷം പച്ചക്കറി തൈകളാണ് വിതരണത്തിനായി ഉത്പാദിപ്പിചിരിക്കുന്നത്.  തൈകൾ രണ്ട് ദിവസം കൊണ്ട്  പഞ്ചായത്തിലെ മുഴുവൻ വീടുകളിലും വിതരണം ചെയ്യും.

പഞ്ചായത്തിൽ ആകെ 150 ജെഎൽജി ഗ്രൂപ്പുകളാണ് ഉള്ളത്. 250 ഹെക്ടറിലെ പച്ചക്കറി കൃഷിയാണ് പഞ്ചായത്ത് പദ്ധതിയിലൂടെ ലക്ഷ്യം ഇടുന്നത്. വിളവെടുക്കുന്ന പച്ചക്കറികൾ പിഡിഎസ് വിപണന കേന്ദ്രം, ആഴ്ച ചന്ത, മൊബൈൽ വെന്ററിങ് സെന്റർ തുടങ്ങിയവ വഴി വിപണനം നടത്തും.

പച്ചക്കറി തൈകളുടെ വിതരണം ഉദ്ഘാടനം നാളെ( 15.1.23) രാവിലെ 9ന് കാർഷിക  വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് നിർവഹിക്കും. ഇല്ലത്തുകാവിൽ നടക്കുന്ന  ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ അധ്യക്ഷത വഹിക്കും. കഞ്ഞിക്കുഴി കൃഷി ഓഫീസർ ജനീഷ് റോസ് ജേക്കബ് പദ്ധതി വിശദീകരണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി രാജേശ്വരി മുഖ്യാതിഥിയാകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ജി മോഹനൻ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് അംഗം വി. ഉത്തമൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം സന്തോഷ് കുമാർ, സെക്രട്ടറി  ഗീതാ കുമാരി, ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിജി അനിൽകുമാർ, 
 ചേർത്തല എഡിഎ  ജീ. വി റെജി, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാർ, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.

date