Skip to main content

കൃഷിദർശൻ പരിപാടിക്ക് നെടുമങ്ങാട് ഇന്ന്(ജനുവരി 24) തുടക്കം

കർഷകരുടെ അടിസ്ഥാന പ്രശ്‌നങ്ങൾ മനസ്സിലാക്കുക , കർഷകരെ നേരിൽ കണ്ട് ചർച്ചകളിലൂടെ പരിഹാരം കാണുക എന്നിവ ലക്ഷ്യമിട്ട് കൃഷി വകുപ്പിന്റെ നേതൃത്വത്തിലുള്ള കൃഷിദർശൻ പരിപാടിക്ക് ഇന്ന് നെടുമങ്ങാട് കാർഷിക ബ്ലോക്കിൽ തുടക്കമാകും. ജില്ലയിലെ ആദ്യ കൃഷിദർശൻ പരിപാടിയുടെ ഭാഗമായുള്ള കാർഷിക പ്രദർശനങ്ങളുടെ ഉദ്ഘാടനം ഭക്ഷ്യ -പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ നിർവഹിക്കും. നെടുമങ്ങാട്, കല്ലിങ്കൽ ജംഗഷന് സമീപം ജനുവരി 28 വരെയാണ് പ്രദർശനം.

വിവിധ കാർഷികപദ്ധതികളുടെ ഏകോപനവും ജില്ലയിലെ കൃഷിക്കൂട്ടങ്ങളിലൂടെയുള്ള കാർഷിക ഉത്പന്നങ്ങളുടെ മൂല്യവർദ്ധനവിന്റെ സാധ്യതകളും കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ് ചർച്ച ചെയ്യും. ഉച്ചയ്ക്ക് രണ്ടു മണിക്ക് നടക്കുന്ന ചർച്ചയിൽ ബ്ലോക്കിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷൻമാർ, ജില്ലാ കളക്ടർ, വകുപ്പ് മേലധികാരികൾ എന്നിവർ പങ്കെടുക്കും. തുടർ ദിവസങ്ങളിൽ പ്രാഥമിക കാർഷിക സഹകരണസംഘങ്ങളുടെ പ്രതിനിധികളുമായി മന്ത്രി കൂടിക്കാഴ്ച നടത്തും.

ജനുവരി 27ന് മന്ത്രിമാരായ പി. പ്രസാദ് , ജി. ആർ. അനിൽ എന്നിവർ ബ്ലോക്കിലെ വിവിധ കൃഷിയിടങ്ങൾ സന്ദർശിച്ച് കർഷകരുമായും കർഷക സംഘങ്ങളുമായും സംവദിക്കും. 28ന് രാവിലെ കർഷക അദാലത്ത് നടത്തും.  കൃഷിക്കൂട്ടസംഗമവും പൊതുസമ്മേളനവും വൈകിട്ട് 3ന് പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് അധ്യക്ഷനാകുന്ന യോഗത്തിൽ ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി. ജി. ആർ. അനിൽ അവാർഡ് ദാനവും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു മാതൃക ഹരിതപോഷക ഗ്രാമ പ്രഖ്യാപനവും നടത്തും.

date