Skip to main content

എടവണ്ണ സബ് ട്രഷറി നാടിന് സമര്‍പ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാറിന് നല്‍കി വരുന്ന വിഹിതത്തിലും ഗ്രാന്റ് ഇന്‍ എയ്ഡിലുമുണ്ടായ വെട്ടി ചുരുക്കലുകള്‍ സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നുണ്ടെങ്കിലും ഈ പ്രതിസന്ധികളെയും മറികടന്ന് സംസ്ഥാനത്ത് വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുകയാണെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ഇക്കാര്യങ്ങള്‍ കൊണ്ടാണ് കേരളം എല്ലാ മേഖലകളിലും മറ്റു സംസ്ഥാനങ്ങളെക്കാള്‍ മുന്നിലെത്തുന്നതെന്നും മന്ത്രി പറഞ്ഞു. എടവണ്ണ സബ് ട്രഷറിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  
ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടര കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. എടവണ്ണ ബസ്റ്റാന്റിന് സമീപത്തായി പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസ്, വില്ലേജ് ഓഫീസ് എന്നിവക്കടുത്ത് 10 സെന്റ് റവന്യൂ ഭൂമിയിലാണ് ട്രഷറി കെട്ടിടം യാഥാര്‍ത്ഥ്യമായിട്ടുള്ളത്.
ആധുനിക സൗകര്യങ്ങള്‍ ഉറപ്പു വരുത്തിയാണ് നിര്‍മാണം. ട്രഷറിയിലെത്തുന്നവര്‍ക്കാവശ്യമായ കുടിവെള്ളം, ടോയിലറ്റ് സൗകര്യം, ഭിന്നശേഷിക്കാര്‍ക്ക് ആവശ്യമായ റാമ്പ്, വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങള്‍ തുടങ്ങിയ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഭിന്നശേഷിക്കാരുടെയും മുതിര്‍ന്ന പൗരന്മാരുടേയും സൗകര്യാര്‍ത്ഥം താഴത്തെ നിലയിലാണ് ട്രഷറി പ്രവര്‍ത്തിക്കുന്നത്. കോണ്‍ഫറന്‍സ് ഹാള്‍ ഉള്‍പ്പെടെയുള്ളവ മുകളിലും ഒരുക്കിയിട്ടുണ്ട്. നിലവില്‍ മൂന്ന് പഞ്ചായത്തുകള്‍ ഉള്‍പ്പെടെ 80 സര്‍ക്കാര്‍ സ്ഥാപനങ്ങളാണ് എടവണ്ണ സബ് ട്രഷറിക്ക് കീഴില്‍ വരുന്നത്. നിലവില്‍ 10 ജീവനക്കാര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്.
വര്‍ഷങ്ങളായി പഞ്ചായത്തിന്റെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന സബ് ട്രഷറിക്ക് അസൗകര്യങ്ങള്‍ ഏറെയായിരുന്നു. പുതിയ കെട്ടിടം യാഥാര്‍ത്ഥ്യമായതോടെ ട്രഷറി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാകും.
ചടങ്ങില്‍ പി.കെ ബഷീര്‍ എം.എല്‍.എ അധ്യഷത വഹിച്ചു. അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.റുഖിയ ഷംസു , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ടി. അഭിലാഷ്, കെ.രാമന്‍കുട്ടി, ഇ. സുല്‍ഫിക്കറലി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം ജാഫര്‍ , വി.പി നാസര്‍, വി.പി ലുക്ക്മാന്‍ , ഇ.എ കരീം, അഡ്വ: കെ.പി ബാബുരാജ്, ഇ.എ മജീദ്, അഷറഫ് തൊടുവില്‍, ഹംസ കിണറ്റിങ്ങല്‍, ട്രഷറി വകുപ്പ് ഡയറക്ടര്‍ വി.സാജന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ടി.സി സുരേഷ്, ജില്ലാ ട്രഷറി ഓഫീസര്‍ കെ ജി പ്രവീണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date