Skip to main content

ബാല സൗഹൃദ മണ്ഡലമാകാന്‍ ഒരുങ്ങി പൊന്നാനി; പദ്ധതി ഉദ്ഘാടനം നാളെ

ശിശു സൗഹൃദ മണ്ഡലമാകാന്‍ ഒരുങ്ങി പൊന്നാനി. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളും കുറ്റകൃത്യങ്ങളും തടയുക, കുട്ടികളുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുക, ബാല സാക്ഷരത ഉറപ്പു വരുത്തുക, എന്നി  ലക്ഷ്യത്തോടെയാണ് സംസ്ഥാന ബാലാവകാശ കമ്മീഷന്റെയും  ജില്ലാ വനിതാ ശിശു വികസന വകുപ്പ്,ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെയും  നേതൃത്വത്തില്‍ ബാലസൗഹൃദ കേരളം പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി പൊന്നാനി മണ്ഡലം ബാല സൗഹൃദ പദ്ധതി  പ്രഖ്യാപനം നാളെ (ജനുവരി 14) നടക്കും.
പരിപാടിയുടെ ഉദ്ഘാടനം പൊന്നാനി എം. ഇ. എസ് കോളേജില്‍ രാവിലെ 10ന് കേരള ഹൈകോടതി ജസ്റ്റിസ് ഷാജി പി ചാലി നിര്‍വഹിക്കും. സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ വി മാനേജ് അധ്യക്ഷത വഹിക്കും. പി നന്ദകുമാര്‍ എം എല്‍ എ മുഖ്യാതിഥിയാകും. പൊന്നാനി നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം, ബാലാവകാശ കമ്മീഷന്‍ അംഗങ്ങളായ ബബിത ബല്‍രാജ്, റെനി ആന്റണി, പി.പി. ശ്യാമളാ ദേവി, സി.വിജയകുമാര്‍, ജലജാ ചന്ദ്രന്‍, എന്‍ സുനന്ദാ, സി ഡബ്ലു സി ചെയര്‍മാന്‍ എ.സുരേഷ്, വനിതാ ശിശു ഓഫീസര്‍ അബ്ദുള്‍ റഷീദ്, ഡി.സി.പി.ഒ ഗീതാജ്ഞലി തുടങ്ങിയവര്‍ പങ്കെടുക്കും. വിവിധ സെഷനുകളിലായി കെ. അനുപമ, സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം സി. വിജയകുമാര്‍, ഡോ മോഹന്‍ റോയ് എന്നിവര്‍ ക്ലാസെടുക്കും. തുടര്‍ന്ന് നടക്കുന്ന സമാപന സമ്മേളന ഉദ്ഘാടനവും പൊന്നാനി മണ്ഡലം ബാല സാഹൃദ പദ്ധതി പ്രഖ്യാപനവും  പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. പി.നന്ദകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ബാല സൗഹൃദ പദ്ധതി രൂപരേഖ അവതരണം സി. വിജയകുമാര്‍ നിര്‍വ്വഹിക്കും.
 

date