Skip to main content

നവോദയ വിദ്യാലയത്തിലേക്ക് ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാം

വേങ്ങര ഊരകം ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2023-24 വര്‍ഷത്തെ ആറാം ക്ലാസ് പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം. മലപ്പുറം ജില്ലയിലെ അംഗീകൃത സ്‌കൂളുകളില്‍ ഈ അധ്യയന വര്‍ഷം അഞ്ചാം ക്ലാസില്‍ പഠിക്കുന്ന 2011 മെയ് ഒന്നിനും 2013 ഏപ്രില്‍ 30 നും (രണ്ടു തിയ്യതികളും ഉള്‍പ്പടെ) ഇടയില്‍ ജനിച്ചതും ജില്ലയിലെ താമസക്കാരും ആയ കുട്ടികളായിരിക്കണം. 75 ശതമാനം സീറ്റുകളിലും ഗ്രാമീണ വിദ്യാര്‍ഥികള്‍ക്കാണ് അഡ്മിഷന്‍. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള റസിഡന്‍ഷ്യല്‍ സ്‌കൂളാണിത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ഹോസ്റ്റല്‍ സൗകര്യം ലഭിക്കും. ആഹാരം, പാര്‍പ്പിടം ഉള്‍പ്പെടെ വിദ്യാഭ്യാസം സൗജന്യമാണ്. എസ്.സി/എസ്.ടി/ഒ.ബി.സി/ഭിന്നശേഷി വിഭാഗങ്ങളില്‍പെടുന്ന വിദ്യാര്‍ഥികള്‍ക്ക് സീറ്റുകളില്‍ സംവരണമുണ്ട്. 1/3 സീറ്റുകളില്‍ പെണ്‍കുട്ടികള്‍ക്കാണ് പ്രവേശനം. വിശദവിവരങ്ങളടങ്ങിയ 'സെലക്ഷന്‍ ടെസ്റ്റ് -2023' പ്രോസ്‌പെക്ടസ് വിജ്ഞാപനം https://navodaya.gov.in ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ഇതേ വെബ്‌സൈറ്റ് വഴി അപേക്ഷ ഓണ്‍ലൈനായി ജനുവരി 31നകം സമര്‍പ്പിക്കേണ്ടതാണ്. പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, കുട്ടിയുടെയും രക്ഷിതാവിന്റെയും ഒപ്പ്, ആധാര്‍ വിവരങ്ങള്‍, ആധാറില്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍, ആധാറില്ലാത്തവര്‍ക്ക് റസിഡന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഓണ്‍ലൈന്‍ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം.
സെലക്ഷന്‍ ടെസ്റ്റ് ഏപ്രില്‍ 29ന് നടത്തും. കേരളത്തിലെ കുട്ടികള്‍ക്ക് മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നട ഭാഷകളില്‍ പരീക്ഷയെ അഭിമുഖീകരിക്കാം. ജൂണില്‍ ഫലപ്രഖ്യാപനമുണ്ടാകും. ആറാം ക്ലാസില്‍ പരമാവധി 80 കുട്ടികള്‍ക്കാണ് പ്രവേശനം.
അപേക്ഷകരെ സഹായിക്കാനായി സ്‌കൂളില്‍ ഹെല്‍പ് ഡെസ്‌ക് സജ്ജീകരിച്ചിട്ടുണ്ട്. നേരിട്ട് ഓണ്‍ലൈനായി അപേക്ഷിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ഹെല്‍പ് ഡെസ്‌കുമായി ബന്ധപ്പെടാം. ഫോണ്‍: 0494 2450350, 9495103124, 9847 320 547.
സ്‌കൂള്‍ പ്രവേശനവുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി കളക്ടര്‍ ഡോ. എം.സി റജിലിന്റെ അദ്ധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ പ്രിന്‍സിപ്പല്‍ കെ. ശ്രീലേഖ, ജില്ലയിലെ വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
 

date