Skip to main content

കരിയര്‍ കാരവന്‍; സ്‌കൂളുകളില്‍ പര്യടനം നടത്തും

  പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍ സെക്കണ്ടറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്റ് അഡോളസെന്റ് കൗണ്‍സിലിംഗ് സെല്ലിന്റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ നടത്തുന്ന 'കരിയര്‍ കാരവന്‍' ജില്ലയിലെ വിവധ വിദ്യാലങ്ങളില്‍ പര്യടനം നടത്തും. മീനങ്ങാടി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നാരംഭിച്ച കരിയര്‍ കാരവന്‍ യാത്ര ഉന്നത വിദ്യാഭ്യാസ - സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ അദ്ധ്യക്ഷത വഹിച്ചു.
കരിയര്‍ ക്ലാസ്സുകള്‍, മോട്ടിവേഷന്‍ ക്ലാസ്സുകള്‍, വ്യക്തിത്വ വികസനം, ഉന്നത വിദ്യാഭ്യാസ തൊഴില്‍ സാധ്യതകള്‍ തുടങ്ങിയവ കാരവനിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തും. പ്രത്യേകം തയ്യാറാക്കിയ വാഹനത്തില്‍ ഘടിപ്പിച്ച ഡിസ്പ്ലേ സംവിധാനത്തില്‍ ഒരുക്കിയ കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ് വീഡിയോ പ്രസന്റേഷനും, കരിയര്‍ പ്രദര്‍ശനവും കരിയര്‍ കാരവന്റെ സവിശേഷതയാണ്. ജില്ലയിലെ ഹൈസ്‌ക്കൂള്‍ - ഹയര്‍ സെക്കണ്ടറി വിദ്യാലയങ്ങളിലാണ് കരിയര്‍ കാരവന്‍ സന്ദര്‍ശനം നടത്തുന്നത്.
ജില്ലാ പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയിലെ 69 വിദ്യാലയങ്ങളില്‍ ഈ പദ്ധതിയിലൂടെ ക്ലാസ്സുകള്‍ നല്‍കും. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന ഗോത്രവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കും പിന്നാക്ക വിഭാഗത്തിലെ കുട്ടികള്‍ക്കും പദ്ധതിയിലൂടെ പ്രത്യേക പരിശീലനം നല്‍കും. ജില്ലയിലെ 16 അധ്യാപകര്‍ക്ക് പരിശീലനം നല്‍കിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഫെബ്രുവരി 13 വരെ ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ കരിയര്‍ കാരവന്‍ പര്യടനം നടത്തും.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍, മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഉഷാ തമ്പി, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ സിന്ധു ശ്രീധരന്‍, അമല്‍ ജോയി, ബിന്ദു പ്രകാശ്, ഹയര്‍ സെക്കണ്ടറി ജില്ലാ കോഡിനേറ്റര്‍ ഷിവി കൃഷ്ണന്‍, കരിയര്‍ ഗൈഡന്‍സ് ജില്ലാ കോഡിനേറ്റര്‍ സി.ഇ. ഫിലിപ്പ്, വൈസ് പ്രിന്‍സിപ്പാള്‍ ജോയ് വി. സ്‌കറിയ, പി.ടി.എ പ്രസിഡന്റ് എം.വി പ്രിമേഷ്, എസ്.എം.സി.ചെയര്‍മാന്‍ അഡ്വ. സി.വി. ജോര്‍ജ്, എം.പി.ടി.എ പ്രസിഡന്റ് പ്രീത കനകന്‍, എസ്.പി.ജി ചെയര്‍മാന്‍ പി.കെ ഫൈസല്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ.സി. ബിഷര്‍, ബാവ കെ. പാലുകുന്ന്, കെ.കെ. സുരേഷ്, കെ.ബി. സിമില്‍, മനോജ് ജോണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

date