Skip to main content

'സ്പര്‍ശ് 'കുഷ്ഠരോഗ നിര്‍മാര്‍ജ്ജന പക്ഷാചരണം  ജില്ലാതല ഉദ്ഘാടനം  ഇന്ന് (ഫെബ്രുവരി 1)എരുമേലിയില്‍ 

 

കോട്ടയം: കുഷ്ഠരോഗ നിര്‍മാര്‍ജ്ജനത്തിനായി  ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന സ്പര്‍ശ് കുഷ്ഠരോഗ നിര്‍മാര്‍ജ്ജന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 1) രാവിലെ 10.30ന്  കാഞ്ഞിരപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് അജിതാ രതീഷ് നിര്‍വ്വഹിക്കും.എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന ചടങ്ങില്‍  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ശുഭേഷ് സുധാകര്‍ മുഖ്യാതിഥിയായിരിക്കും. എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോര്‍ജ്കുട്ടി അധ്യക്ഷത വഹിക്കും.  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍. പ്രിയ മുഖ്യപ്രഭാഷണം നടത്തും, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അജയ് മോഹന്‍ വിഷയാവതരണം നടത്തും.  

'പൊരുതാം കുഷ്ഠരോഗത്തിനെതിരെ, ചരിത്രമാക്കാം കുഷ്ഠരോഗത്തെ ' എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. ഫെബ്രുവരി 12 വരെയാണ് കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന പക്ഷാചരണമായി ആചരിക്കുന്നത്.   പക്ഷാചരണത്തിന്റെ ഭാഗമായി  കുഷ്ഠരോഗത്തെക്കുറിച്ചുള്ള ബോധവത്ക്കരണ ക്ലാസുകളും സ്‌ക്രീനിംഗ് ക്യാമ്പുകളും നടത്തും. ജനുവരി 18 മുതല്‍ 31 വരെ രണ്ടാഴ്ചക്കാലം ജില്ലയില്‍ എല്ലാ വീടുകളും സന്ദര്‍ശിച്ച് ആശാ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ശരീരത്തില്‍ പാടുകളുള്ള പതിനായിരത്തിലധികം ആളുകളെ കണ്ടെത്തിട്ടുണ്ട്.  ഇവര്‍ക്കായി ഫെബ്രുവരി 14 വരെ ആരോഗ്യകേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ ത്വക്കുപരിശോധനാ ക്യാമ്പുകള്‍ സംഘടിപ്പിക്കും.രോഗം സ്ഥിരീകരിക്കുന്നവര്‍ക്കു ഉടനടി ആരോഗ്യകേന്ദ്രങ്ങളില്‍ തന്നെ ചികിത്സ ആരംഭിക്കും.  

 
കുഷ്ഠരോഗവുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ നിലനില്‍ക്കുന്ന മിഥ്യാധാരണകള്‍ നീക്കുന്നതിനുമായി വിപുലമായ ബോധവത്ക്കരണവും ഉറപ്പുവരുത്തും.  ജില്ലയില്‍ 2022 ഏപ്രില്‍ മുതല്‍ 23 പേര്‍ക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ചിട്ടുണ്ട്.  ജില്ലയിലെ എല്ലാ ബ്ലോക്കുകളിലും കോട്ടയം, ഏറ്റുമാനൂര്‍, ചങ്ങനാശേരി മുനിസിപ്പാലിറ്റികളിലുമാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.  മുന്‍വര്‍ഷം റിപ്പോര്‍ട്ടുചെയ്ത 6 കുഷ്ഠരോഗികളില്‍ എല്ലാവരും ചികിത്സ പൂര്‍ത്തിയാക്കി.  ശരീരത്തിലെ പാടുകള്‍ പരിശോധിച്ച് രോഗം നേരത്തെ കണ്ടെത്തിയാല്‍ ആറ് മാസം നീണ്ടുനില്‍ക്കുന്ന ചികിത്സയിലൂടെ രോഗം പൂര്‍ണമായി ഭേദമാക്കാനാവും.  ചികിത്സ താമസിച്ചാല്‍ രോഗം ഭേദമാക്കാന്‍ ഒരു വര്‍ഷം വരെ വേണ്ടിവരും.

(കെ.ഐ.ഒ. പി.ആര്‍ 278 / 2023 )

date