Skip to main content

ജില്ലാ വികസനസമിതിയോഗം: പദ്ധതി വിഹിതം പൂർണമായി ചെലവഴിച്ച് ഏഴ് ഓഫീസുകൾ

 

കോട്ടയം: ജില്ലയിൽ സംസ്ഥാന പദ്ധതി വിഹിതം പൂർണമായും ചെലവഴിച്ചത് ഏഴ് ഓഫീസുകൾ. ജലസേചന, വാട്ടർ അതോറിട്ടി വകുപ്പിനു കീഴിലെ ഓഫീസുകളാണ് അനുവദിച്ച തുക മുഴുവനും 2023 ജനുവരി 30 വരെയുള്ള കാലയളവിൽ ചെലവഴിച്ചതെന്നു ജില്ലാവികസനസമിതി യോഗം വിലയിരുത്തി. 75.96 കോടി രൂപയാണ് ചെലവഴിച്ചത്.
മേജർ ഇറിഗേഷൻ കോട്ടയം, മൈനർ ഇറിഗേഷൻ കോട്ടയം, വാട്ടർ അതോറിട്ടി പി.എച്ച്. ഡിവിഷൻ കോട്ടയം , വാട്ടർ അതോറിട്ടി പ്രോജക്ട് ഡിവിഷൻ കോട്ടയം, പി.ഡബ്ല്യു.,ഡി. ബിൽഡിങ്‌സ് ആൻഡ് ലോക്കൽ വർക്ക്‌സ് കോട്ടയം , പി.ഡബ്ല്യു.,ഡി. റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോട്ടയം, വാട്ടർ അതോറിട്ടി കടുത്തുരുത്തി കോട്ടയം എന്നീ ഓഫീസുകളാണ് പദ്ധതി വിഹിതം പൂർണമായി ചെലവഴിച്ചത്.
 കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ മുഴുവൻ സമയ കാർഡിയോളജസ്റ്റിനെ അനുവദിക്കണമെന്നും വൈകുന്നേരത്തെ ഒ.പിയിൽ ഡോക്ടർമാരെ അനുവദിക്കണമെന്നും ജില്ലാ വികസന സമിതി യോഗത്തിൽ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ആവശ്യപ്പെട്ടു.
 കിഫ്ബി മുഖേന തുകയനുവദിച്ച കാഞ്ഞിരപ്പള്ളി-മണിമല-കുളത്തൂർമുഴി റോഡ് അറ്റകുറ്റപ്പണികൾക്ക് അടിയന്തര നടപടിയെടുക്കണമെന്നും ചീഫ് വിപ്പ് യോഗത്തിൽ ആവശ്യപ്പെട്ടു.
ചങ്ങനാശേരി നഗരസഭയിലെ പച്ചക്കറി ചന്തയ്ക്കു സമീപം ആയുർവേദ ആശുപത്രിയ്ക്കായി സ്ഥലം പൂർണമായും വിട്ടുനിൽകുന്നതിന് നഗരസഭാ യോഗം കൂടി തീരുമാനമെടുക്കുമെന്നു അഡ്വ. ജോബ് മൈക്കിൾ എം.എൽ.എയെ ജില്ലാ വികസന സമിതിയോഗം അറിയിച്ചു. എറണാകുളം അടക്കമുള്ള അയൽജില്ലകളിൽ ലഭ്യമായിത്തുടങ്ങിയ സിറ്റി ഗ്യാസ് പദ്ധതി കോട്ടയം ജില്ലയിലും നടപ്പാക്കണമെന്നു തോമസ് ചാഴികാടൻ എം.പിയുടെ പ്രതിനിധി യോഗത്തിൽ ആവശ്യപ്പെട്ടു. ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് എസ്.എസ്.എൽ.സി. പരീക്ഷ എഴുതുന്നതിന് സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുന്നതിനായി ആരോഗ്യവകുപ്പ് പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കണമെന്ന് ജോസ് കെ. മാണി എം.പിയുടെ പ്രതിനിധി യോഗത്തിൽ ആവശ്യപ്പെട്ടു.
 ജില്ലാ പ്ലാനിങ് ഓഫീസർ ലിറ്റി മാത്യൂ യോഗത്തിൽ അധ്യക്ഷത വഹിച്ചു. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ, തോമസ് ചാഴികാടൻ എം.പിയുടെ പ്രതിനിധി അഡ്വ. സിബി വെട്ടൂർ, ജോസ് കെ. മാണി എം.പിയുടെ പ്രതിനിധി ജെയ്‌സൺ മാന്തോട്ടം, ഡെപ്യൂട്ടി കളക്ടർ അനിൽ കെ. ഉമ്മൻ, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ഫോട്ടോക്യാപ്ഷൻ: ജില്ലാ വികസനസമിതി യോഗത്തിൽ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് സംസാരിക്കുന്നു.
 
(കെ.ഐ.ഒ. പി.ആർ 27 2 / 2023 )
 

date