Skip to main content

ലോക കാൻസർ ദിനം: ജില്ലാതല ഉദ്ഘാടനം നടത്തി

ഫെബ്രുവരി നാല്  ലോക കാൻസർ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസിന്റെയും ദേശീയ ആരോഗ്യദൗത്യത്തിന്റെയും നേതൃത്വത്തിൽ ജില്ലാതല ഉദ്ഘാടനവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. തോട്ടട ഗവ. പോളി ടെക്നിക് കോളേജിൽ ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എം പി ജീജ ഉദ്ഘാടനം ചെയ്തു. കാൻസർ പരിചരണ അപര്യാപ്തതകൾ നികത്താം എന്നതാണ് ഈ വർഷത്തെ ലോക കാൻസർദിന സന്ദേശം. കാൻസർ പരിചരണത്തിൽ നിലനിൽക്കുന്ന വിടവ് മനസ്സിലാക്കുകയും അവ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യുക എന്നതാണ് ലക്ഷ്യമിടുന്നത്.
താഴെ തലം മുതൽ ലഭ്യമായിട്ടുള്ള സേവന സൗകര്യങ്ങളെക്കുറിച്ച് ആളുകളെ ബോധവത്കരിക്കുക എന്നതാണ് ഈ കാൻസർ ദിനത്തിൽ നമുക്ക് ചെയ്യാനുള്ളതെന്ന് ഉദ്ഘാടനം ചെയ്ത് ഡോ. ജീജ പറഞ്ഞു.
ജില്ലാ ആശുപത്രിയിലെ കൺസൽട്ടന്റ് ഓങ്കോളജിസ്റ്റ് ഡോ. എ എം ഉസ്മാൻ കുട്ടി ക്ലാസെടുത്തു. ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി കെ അനിൽകുമാർ, അധ്യാപകൻ സി പി സുനീഷ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ കെ രഞ്ജിത്ത്, സുപ്രിയ, എൻഎച്ച്എം ജൂനിയർ കൺസൽട്ടന്റ് ബിൻസി രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

date