Skip to main content
ഫോട്ടോ- സംസ്ഥാന തദ്ദേശ ദിനാഘോഷം-ലോഗോ

സംസ്ഥാന തദ്ദേശ ദിനാഘോഷം ലോഗോ തയ്യാറാക്കിയത് ശാരീരിക വെല്ലുവിളിയെ തോല്‍പിച്ച തദ്ദേശ സ്ഥാപന ജീവനക്കാരന്‍ മാട്ടി മുഹമ്മദ്

ഫെബ്രുവരി 18,19 തീയതികളിലായി തൃത്താല ചാലിശ്ശേരി  അന്‍സാരി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന സംസ്ഥാനതല തദ്ദേശ ദിനാഘോഷത്തിന്റെ ലോഗോ തയ്യാറാക്കിയത് ഗ്രാമപ്പഞ്ചായത്ത് ഓഫീസ് ജീവനക്കാരനും ശാരീരിക വെല്ലുവിളികളെ കലാ പ്രവര്‍ത്തനം കൊണ്ട് മറികടന്ന ചിത്രകാരനുമായ മാട്ടി മുഹമ്മദ്. മലപ്പുറം ഉമ്മത്തൂര്‍ സ്വദേശിയായ മുഹമ്മദ് തന്റെ തൂലികാ നാമമായി ഉപയോഗിക്കുന്നതാണ് 'മാട്ടി' എന്ന പേര്. ജന്മനാ വലതു കയ്യില്ലാത്ത മുഹമ്മദ് കുട്ടിക്കാലം മുതല്‍ ശാരീരിക വെല്ലുവിളികളെ മറന്നത് തന്റെ ഇഷ്ടമേഖലയായ ചിത്രകലയിലൂടെയാണ്.  വീട്ടുകാരുടെയും കൂട്ടുകാരുടെയുമൊക്കെ പ്രോത്സാഹനം മുഹമ്മദിന് ഊര്‍ജമായി. സ്‌കൂള്‍ പഠനകാലം മുതല്‍ തന്നെ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലുമൊക്കെ പുരസ്‌കാരങ്ങള്‍ നേടി. ചിത്രകലയില്‍ കെ.ജി.ടി.ഇ കോഴ്‌സ് പൂര്‍ത്തിയാക്കി.  തുടര്‍ന്ന് മാട്ടി അഡ്വര്‍ടൈസിങ്ങ് എന്ന സ്ഥാപനം ആരംഭിച്ചു. നിരവധി ചിത്ര പ്രദര്‍ശനങ്ങളും മാട്ടി മുഹമ്മദ് നടത്തിയിട്ടുണ്ട്. 2013 ല്‍ വേങ്ങര ഗ്രാമപ്പഞ്ചായത്ത് ഓഫീസില്‍ ക്ലാര്‍ക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഔദ്യോഗിക തിരക്കുകള്‍ക്കിടയിലും വരയ്ക്കാന്‍ സമയം കണ്ടെത്താറുണ്ട്. നിലവില്‍ പൊന്മള ഗ്രാമപ്പഞ്ചായത്തിലെ എല്‍ ഡി ക്ലാര്‍ക്കായ മുഹമ്മദ് 2010 ല്‍ സ്വകാര്യ മേഖലയിലെ മികച്ച ജീവനക്കാരനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നേടിയിട്ടുണ്ട്. ഭാര്യ മുംതാസ്, മക്കളായ മുര്‍ഷിദ സഫാന്‍, റിയ എന്നിവര്‍ മുഹമ്മദിന്റെ ചിത്രകലാ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി കൂടെയുണ്ട്.  പ്രകൃതി സൗഹൃദ വികസനം, ശുചിത്വം, ജനകീയ കൂട്ടായ്മ എന്നീ ആശയങ്ങളെല്ലാം കോര്‍ത്തിണക്കിയാണ് മാട്ടി മുഹമ്മദ് തദ്ദേശ ദിനാഘോഷത്തിന്റെ ലോഗോ തയ്യാറാക്കിയത്. പാലക്കാട് ജില്ലയില്‍ നടക്കുന്ന പരിപാടിയായതിനാല്‍ കരിമ്പനയും ധോണിയുമൊക്കെ ഉള്‍പ്പെടുത്തി. നിര്‍ണയ സമിതി ഇത് ഔദ്യോഗിക ലോഗോ ആയി തെരഞ്ഞെടുത്തു. ഫെബ്രുവരി 18, 19 തീയതികളില്‍ തൃത്താല ചാലിശ്ശേരിയില്‍ നടക്കുന്ന തദ്ദേശ ദിനാഘോഷ വേദിയില്‍ മാട്ടി മുഹമ്മദിന് ക്യാഷ് അവാര്‍ഡും ഫലകവും സമ്മാനിയ്ക്കും.
 

date