Skip to main content

സംസ്ഥാനതല തദ്ദേശദിനാഘോഷ പരിപാടികള്‍ തികച്ചും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ച്

 

ഫെബ്രുവരി 18,19 തീയതികളിലായി തൃത്താല ചാലിശ്ശേരി  അന്‍സാരി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന സംസ്ഥാനതല തദ്ദേശ ദിനാഘോഷ പരിപാടികളും പ്രദര്‍ശന മേളയും തികച്ചും മാലിന്യമുക്തമായും  ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചും നടത്തുമെന്ന് സംസ്ഥാനതല തദ്ദേശ ദിനാഘോഷം ഗ്രീന്‍ പ്രോട്ടോകോള്‍ സബ് കമ്മിറ്റി കണ്‍വീനര്‍ കൂടിയായ ശുചിത്വമിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ അറിയിച്ചു. ചുവടെ പറയും പ്രകാരമാവും പരിപാടികള്‍ നടക്കുക.

നിര്‍ദ്ദേശങ്ങള്‍ ഇപ്രകാരം

1 തദ്ദേശ സ്വയംഭരണ ദിനാഘോഷത്തോടനുബന്ധിച്ചുള്ള വേദിയിലും പരിസരത്തുമുള്ള അലങ്കാരങ്ങള്‍, തോരണങ്ങള്‍, കമാനങ്ങള്‍ എന്നിവ പൂര്‍ണ്ണമായും പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിക്കും.  പ്ലാസ്റ്റിക്, തെര്‍മോകോള്‍ ഒഴിവാക്കും

2 ബാനറുകള്‍, ബോര്‍ഡുകള്‍ കോട്ടണ്‍ തുണിയിലോ മറ്റ് പ്രകൃതി സൗഹൃദ വസ്തുക്കളിലോ നിര്‍മ്മിക്കും.  അതിഥികള്‍ക്ക് നല്‍കുന്ന ബൊക്കയില്‍ പ്ലാസ്റ്റിക് ആവരണം ഒഴിവാക്കും.

3 നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം വേദിയിലും പരിസരത്തും പൂര്‍ണ്ണമായും ഒഴിവാക്കും.

4 തദ്ദേശ സ്വയംഭരണ ദിനാഘോഷത്തോടനുബന്ധിച്ച് പ്രതിനിധികള്‍ക്കും അതിഥികള്‍ക്കും ആഹാരപാനീയങ്ങള്‍ വിതരണം ചെയ്യുന്നതിന് എല്ലാത്തരം ഡിസ്‌പോസിബിള്‍ (പ്ലാസ്റ്റിക്, പേപ്പര്‍, തെര്‍മോകോള്‍, സ്റ്റെറ്റോ ഫോം) വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിച്ച പാത്രങ്ങള്‍, കപ്പുകള്‍ ഒഴിവാക്കി കഴുകി ഉപയോഗിക്കുന്ന  സ്റ്റീല്‍, ചില്ല്, സെറാമിക് പാത്രങ്ങളും കപ്പുകളും ഉപയോഗിക്കും.

5 തദ്ദേശസ്വയംഭരണ ദിനാഘോഷവേദിയിലും പരിസരത്തും ജൈവ-അജൈവ വസ്തുക്കള്‍ തരംതിരിച്ച് നിക്ഷേപിക്കാന്‍  ബിന്നുകള്‍ (മുള കൊണ്ടുള്ള കുട്ടകള്‍) സ്ഥാപിക്കും.

6 വേദിയില്‍ കുപ്പിവെള്ളം ഒഴിവാക്കി പകരം ചില്ല്, സ്റ്റീല്‍ ബോട്ടിലുകള്‍ ഗ്ലാസ്സുകള്‍ ഉപയോഗിക്കും.

7 വേദിയിലും പരിസരത്തും പ്രതിനിധികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി ബബിള്‍ ടോപ്പുകളില്‍ കുടിവെള്ളം സജ്ജീകരിക്കും.

8  എക്‌സിബിഷന്‍ ഹാളിലെ സ്റ്റാളുകളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ ഉറപ്പാക്കുക. സ്റ്റാളുകളില്‍ സ്ഥാപിക്കുന്ന ബാനര്‍, ബോര്‍ഡ് എന്നിവ നിരോധിത പ്ലാസ്റ്റിക്, പി.വി.സി ഫ്‌ളക്‌സ് ഒഴിവാക്കി പ്രകൃതി സൗഹൃദ വസ്തുക്കള്‍  ഉപയോഗിക്കും.

9 ഗ്രീന്‍ പ്രോട്ടോകോള്‍ പാലനം ഉറപ്പാക്കുന്നതിന് വേദികള്‍ മാലിന്യമുക്തമായി സൂക്ഷിക്കുന്നതിനും ഗ്രീന്‍ പ്രോട്ടോകോള്‍ വളണ്ടിയര്‍മാരുടെ സേവനം (വിദ്യാര്‍ത്ഥികള്‍, ഹരിതകര്‍മ്മസേന) ഉറപ്പാക്കും.

10 വേദിയിലും പരിസരത്തും ഹരിതചട്ടപാലനം സംബന്ധിച്ച സന്ദേശങ്ങള്‍ സ്ഥാപിക്കും.

11 രജിസ്‌ട്രേഷന്‍ സമയത്ത് അതിഥികള്‍ക്കും പ്രതിനിധികള്‍ക്കും നല്‍കുന്ന ബാഡ്ജ്, പേന, ഫയല്‍, ബാഗ്, സര്‍ട്ടിഫിക്കറ്റ്, മൊമെന്റോ എന്നിവ  പ്രകൃതി സൗഹൃദ ഉത്പന്നങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചവ ആയിരിക്കും.

12  ഗ്രീന്‍ പ്രോട്ടോകോള്‍ പാലനം ഉറപ്പാക്കാന്‍ ഗ്രീന്‍ പ്രോട്ടോകോള്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തും.

13 തദ്ദേശസ്വയംഭരണ ദിനാഘോഷത്തോടനുബന്ധിച്ച് രൂപീകരിച്ച വിവിധ കമ്മിറ്റിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഹരിതചട്ടപാലനം ഉറപ്പാക്കുന്നതിന് പ്രത്യേകം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്്.

പ്രദര്‍ശന-വിപണന മേളയില്‍ 66 സ്റ്റാളുകള്‍
പ്രവേശനം സൗജന്യം, പ്രവേശന സമയം രാവിലെ 9 മുതല്‍ രാത്രി 10 വരെ

ചാലിശ്ശേരി, മുല്ലയംപറമ്പ് ക്ഷേത്രമൈതാനിയില്‍ നടക്കുന്ന പ്രദര്‍ശന-വിപണന മേളയില്‍ കരകൗശല-കൈത്തറി വസ്തുക്കള്‍, ഗോത്ര-ഭക്ഷ്യ ഉത്പന്നങ്ങള്‍ ഉള്‍പ്പെട്ട കുടുംബശ്രീയുടെ 25 സ്റ്റാള്‍ ഉള്‍പ്പെടെ വിവിധ വകുപ്പുകളുടെയും പഞ്ചായത്ത്-നഗരസഭാ തലത്തിലുമായി ആകെ 66 സ്റ്റാളുകളാണ് സജ്ജീകരിക്കുന്നത്. ഫെബ്രുവരി 16 മുതല്‍ 19 വരെ രാവിലെ ഒന്‍പത് മുതല്‍ രാത്രി 10 വരെയാണ് പരിപാടികള്‍ നടക്കുക. പ്രവേശനം സൗജന്യമാണ്. ഫെബ്രുവരി 14 മുതല്‍ കലാപരിപാടികള്‍ ആരംഭിക്കും. ഫെബ്രുവരി 14 ന് വെള്ളിയാങ്കല്ല് പൈതൃക പാര്‍ക്കില്‍ ഗസലും 15 ന് വട്ടേനാട് ജി.എല്‍.പി.എസില്‍ സൂഫി സംഗീതംവും 16 മുതല്‍ 19 വരെ മുല്ലയംപറമ്പ് ഗ്രൗണ്ടില്‍ നാടന്‍ പാട്ട്, നാടകം, 101 കലാകാരന്മാരുടെ പഞ്ചവാദ്യം, ചവിട്ടുകളി, സിത്താര കൃഷ്ണകുമാറിന്റെയും സംഘത്തിന്റെയും മെഗാ ഇവന്റ് എന്നിങ്ങനെ വിവിധ പരിപാടികളാകും നടക്കുക. സുസ്ഥിര തൃത്താല പദ്ധതിയുമായി ബന്ധപ്പെട്ട് മണ്ണ്- ജലം-കൃഷി സംരക്ഷണത്തിന് പ്രത്യേക സ്റ്റാളുകളും ഉണ്ട്. തൃത്താലയ്ക്ക് ഉത്സവ പ്രതീതി ഉണര്‍ത്തി കൊണ്ടാണ് സംസ്ഥാനതല തദ്ദേശ ദിനാഘോഷം സംഘടിപ്പിക്കുന്നത്.

date