Skip to main content

വകുപ്പുകളുടെ ആഭ്യന്തര പരാതി സംവിധാനം ശക്തിപ്പെടുത്തും: ജില്ലാ കളക്ടര്‍

അഴിമതിക്കെതിരെ പരാതികള്‍ നല്‍കാന്‍ പൊതുജനങ്ങള്‍ക്ക് ആവശ്യമായ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല വിജിലന്‍സ് സമിതി യോഗം തീരുമാനിച്ചു. വിജിലന്‍സ് സമിതി അംഗങ്ങളുടെ സഹകരണത്തോടെയാവും ബോധവത്കണ പരിപാടികള്‍ സംഘടിപ്പിക്കുക. പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്ന ഓണ്‍ലൈന്‍ സേവനങ്ങള്‍ സംബന്ധിച്ച അവബോധം വളര്‍ത്തുന്നതിന് വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ പ്രചാരണ പരിപാടികളും സംഘടിപ്പിക്കും. ഇക്കാര്യത്തില്‍ വകുപ്പുകള്‍ കൈക്കൊണ്ട നടപടികളുടെ വിശദാംശങ്ങള്‍ അടുത്ത വിജിലന്‍സ് സമിതി യോഗത്തെ അറിയിക്കാന്‍ നടപടി വേണമെന്ന്  സമിതി അംഗങ്ങള്‍ ആവശ്യപ്പെട്ടു. നടപടികളുടെ പുരോഗതി ഓരോ മാസവും വിലയിരുത്താന്‍ എ.ഡി.എം, വിജിലന്‍സ് ഡി.വൈ.എസ്.പി എന്നിവരെ ചുമതലപ്പെടുത്തി. എല്ലാ വകുപ്പുകളുടെയും ആഭ്യന്തര പരാതി സംവിധാനം ശക്തിപ്പെടുത്തും. എല്ലാ ഓഫീസുകളിലും വിവരാവകാശം, സേവനാവകാശം, മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനം എന്നിവ സംബന്ധിച്ച അറിയിപ്പുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും യോഗം നിര്‍ദേശിച്ചു. നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്ന റോഡുകളുടെയും കെട്ടിടങ്ങളുടെയും പരിസരത്ത് പ്രവൃത്തി സംബന്ധിച്ച വിശദാംശങ്ങള്‍ അടങ്ങുന്ന ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ പൊതുമരാമത്ത്, തദ്ദേശ ഭരണ വകുപ്പുകള്‍ വീഴ്ച വരുത്തരുതെന്ന് സമിതി അംഗങ്ങള്‍ നിര്‍ദേശിച്ചു.
എ.ഡി.എം എന്‍.എം മെഹറലി, വിജിലന്‍സ് ഡി.വൈ.എസ്.പി ഫിറോസ് എം.ഷെരീഫ്, ജില്ലാ രജിസ്ട്രാര്‍ രാജേഷ് ഗോപാലന്‍, ജില്ലാ സപ്ലൈ ഓഫീസര്‍ എല്‍.മിനി, തദ്ദേശ ഭരണ വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ വി.കെ മുരളി, ആര്‍.ടി.ഒ സി.വി.എം ഷരീഫ്, സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി കെ. ഗംഗാധരന്‍, കെ.എസ്.ഇ.ബി എക്സി. എഞ്ചിനീയര്‍ വി.എ ഷാജിത, പി.ഡബ്ല്യു.ഡി എക്സി. എഞ്ചിനീയര്‍ ജസ്റ്റിന്‍ ഫ്രാന്‍സിസ്, അസി. എഞ്ചിനീയര്‍ വിനോദ് ചാലില്‍, ബില്‍ഡിങ് വിഭാഗം എക്സി. എഞ്ചിനീയര്‍ പി.പി അബ്ദുള്‍ സത്താര്‍, ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. പമീലി, സമിതി അംഗങ്ങളായ അഡ്വ. കെ.പി സുമതി, കെ.ബാബുരാജ്, കെ.പി.എ നസീര്‍, കെ.എ ജബ്ബാര്‍, കുരുണിയന്‍ നജീബ്, കുഞ്ഞാലന്‍ വെന്നിയൂര്‍ തുടങ്ങിയവര്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തു

date