Skip to main content

ഇറ്റ്ഫോക്കിനെ സംഗീത സാന്ദ്രമാക്കാൻ വിവിധ ബാന്റുകൾ

അന്താരാഷ്ട്ര നാടകോത്സവത്തെ സംഗീത സാന്ദ്രമാക്കാൻ  റോയ്സ്റ്റൺ ആബേൽ ചിട്ടപ്പെടുത്തിയ മംഗനിയാർ സെഡക്ഷനും. പവലിയൻ തിയേറ്ററിൽ ഫെബ്രുവരി 14ന് രാത്രി 8.45ന് മംഗനിയാർ സംഗീതം ആരാധകർക്ക് മുന്നിലെത്തും. ചുവന്ന നിറമുള്ള 36 ക്യുബിക്കിൾ 43 സംഗീതജ്ഞർ  പവലിയൻ തിയേറ്ററിൽ മാന്ത്രിക സംഗീതനിശ തീർക്കും. സംഗീതത്തോടൊപ്പം വാദ്യോപകരണങ്ങളും ശബ്ദത്തിന്റെ നാടകീയതയും സമന്വയിക്കുമ്പോഴുണ്ടാകുന്ന മാന്ത്രികതയാണ് മംഗനിയാർ സെഡക്ഷന്റെ പ്രത്യേകത. ഈ വർഷത്തെ ഇറ്റ്ഫോക്കിലെ മുഖ്യ ആകർഷണങ്ങളിൽ ഒന്നാണിത്. 

രാജസ്ഥാനിലെ ജയ്സാൽമീർ , ബാർമർ ,ജോധ്പൂർ ജില്ലകളിൽ താമസിച്ചു വരുന്ന മുസ്ലീം സംഗീതജ്ഞരുടെ ഒരു വിഭാഗമാണ് മംഗനിയാർ. ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിന്റെ വേരുകൾ മംഗനിയാർ സംഗീതത്തിലും പ്രകടമാണ്.33 രാജ്യങ്ങളിൽ  മികച്ച പ്രകടനം കാഴ്ചവച്ച ബാന്റ് കൂടിയാണിത്. 2006ൽ ഡൽഹിയിൽ നടന്ന ചലച്ചിത്രോത്സവത്തിലാണ് മാംഗനിയാർ ആദ്യമായി അവതരിപ്പിച്ചത്.

ഇറ്റ്ഫോക്കിന്റെ ഉദ്ഘാടന ദിനത്തെ മനോഹരമാക്കുന്നത് ഇന്ത്യൻ ഓഷ്യൻ ബാൻഡിന്റെ സംഗീത പരിപാടിയാണ്. 
1990ൽ ന്യൂഡൽഹിയിൽ രൂപീകരിക്കപ്പെട്ട ഇന്ത്യൻ റോക്ക് ബാൻഡാണ് ഇന്ത്യൻ ഓഷ്യൻ. പവലിയൻ തിയേറ്ററിൽ രാത്രി 9 മണിക്കാണ് ഇന്ത്യൻ ഓഷ്യൻ സംഗീതം. സൂഫി സംഗീതവും ഹിന്ദുസ്ഥാനിയും ഫോക്കും റോക്കും സമന്വയിപ്പിക്കുന്നതാണ് ഇന്ത്യൻ ഓഷ്യൻ സംഗീതം. 

സംഗീതജ്ഞൻ ജോൺ പി വർക്കിക്ക് ആദരവായി അവിയൽ ബാന്റ് ഒരുക്കുന്ന സംഗീത നിശയും ഇറ്റ്ഫോക്കിലെ പ്രത്യേകതയാണ്. ടൗൺഹാളിൽ ഫെബ്രുവരി 10 ന് വൈകീട്ട് ആറ് മണിക്കാണ് അവിയൽ ബാന്റിന്റെ അവതരണം . മലയാളം വരികളും റോക്ക് സംഗീതവും സമന്വയിപ്പിക്കുന്ന "അൾട്ടർണേറ്റീവ് മലയാളി റോക്ക് " എന്നാണ് അവിയൽ ബാന്റ് അറിയപ്പെടുന്നത്. മലയാളത്തിലെ ഏറ്റവും പഴക്കം ചെന്ന അവിയൽ ബാന്റിനും ആരാധകരേറെയാണ്.

date