Skip to main content

വിലക്രമം നിശ്ചയിക്കല്‍ നയരൂപീകരണത്തില്‍ നിര്‍ണായകം: ജില്ലാ കളക്ടര്‍

സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന സാധനങ്ങളുടെ വിലക്രമം നിശ്ചയിക്കല്‍ രാഷ്ട്രനിര്‍മ്മാണത്തിന് ചുക്കാന്‍ പിടിക്കുന്ന നയരൂപീകരണത്തില്‍ വലിയ സംഭാവനകള്‍ നല്‍കുന്നതാണെന്ന് ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്.
വിലശേഖരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്താനുമായി സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടര്‍.

നികുതിയടക്കമുള്ള വരുമാനത്തില്‍ നിന്നുമാണ് സര്‍ക്കാര്‍ വികസന പദ്ധതികള്‍ നടപ്പാക്കുന്നത്. സാധനങ്ങളുടെ ആവശ്യകതയും വിപണിയിലെ ലഭ്യതയും അനുസരിച്ച് വിലക്രമം നിശ്ചയിച്ചാലേ രാജ്യത്തിന്റെ
സാമ്പത്തികമേഖലയെ കൃത്യമായി മുന്നോട്ട് കൊണ്ടുപോകാനാകൂ.

സമൂഹത്തില്‍ നിലവിലുള്ള വിലയും അതിലെ മാറ്റങ്ങളും റിപ്പോര്‍ട്ട് ചെയ്യുക യെന്നത് ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട പ്രധാന പ്രവര്‍ത്തനമാണ്. ന്യായമായ വിലയില്‍ ജനങ്ങള്‍ക്ക് സാധന ങ്ങള്‍ ലഭ്യമാകുക യെന്നത് വലിയ വെല്ലുവിളിയാണ്. ഉപഭോഗത്തിന്റെ കാര്യത്തില്‍ രാജ്യത്ത് തന്നെ മുന്നിലുളള കേരളത്തില്‍ ചെറിയ തോതിലുള്ള വിലക്കയറ്റം പോലും സാധാരണ ജനങ്ങളുടെ നിത്യജീവിതം മാറ്റിമറിക്കും. വിലക്കയറ്റം കുടുംബത്തെയും സമൂഹത്തെയും സാരമായി ബാധിക്കും.

കടകളില്‍ വില്‍ക്കുന്ന സാധനങ്ങളുടെ വില കൃത്യമായി കണക്കാക്കേണ്ടത് അത്യാവശ്യമാണ്. വിലശേഖരണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും എല്ലാ പിന്തുണയുമുണ്ടാകുമെന്നും കളക്ടര്‍ പറഞ്ഞു.

സാമ്പത്തിക മേഖലയിലെ വിവിധ സൂചകങ്ങള്‍ തയാറാക്കുന്നതിനും ഉത്പന്നങ്ങളുടെ വില നിയന്ത്രിക്കുന്നതിനും സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് ആവശ്യമായ ഇനങ്ങളുടെ ക്വട്ടേഷന്‍ വില നിശ്ചയിക്കുന്നതിനും വേണ്ടിയാണ് വിലശേഖരണം നടത്തുന്നത്. നിത്യോപയോഗ സാധനങ്ങള്‍, ആഹാര സാധനങ്ങള്‍, കാര്‍ഷിക ഉത്പന്നങ്ങള്‍, ആയുര്‍വേദ മരുന്നുകള്‍, വന വിഭവങ്ങള്‍, വ്യാവസായിക ഉത്പന്നങ്ങള്‍ തുടങ്ങിയ മേഖലകളില്‍ വിലശേഖരണം നടത്തും. വിലശേഖരണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ നേരിടുന്ന പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും കുറിച്ച് പടിച്ച് കാര്യക്ഷമവും കുറ്റമറ്റതുമായ രീതിയില്‍ വിലശേഖരണം നടത്തുന്നതിനുമായാണ് ശില്‍പ്പശാല സംഘടിപ്പിച്ചത്. സംസ്ഥാന സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ അംഗങ്ങളും വകുപ്പിന്റെ തിരുവന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ ഉദ്യോഗസ്ഥരുമാണ് ശില്‍പ്പശാലയില്‍ പങ്കെടുത്തത്.

എറണാകുളം സൗത്ത് റീജന്‍സി ഹോട്ടലില്‍ നടന്ന ചടങ്ങില്‍ സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ബി. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. കേരള സംസ്ഥാന സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ ചെയര്‍മാന്‍ പി.സി. മോഹനന്‍ മുഖ്യപ്രഭാഷണം നടത്തി. സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ ടി.പി. വിനോദന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ എ.പി. ഷോജന്‍, സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

date