Skip to main content

സഹകരണ എക്‌സ്‌പോ-2023: സ്വാഗത സംഘം രൂപീകരണയോഗം ചൊവ്വാഴ്ച്ച

 

    സഹകരണ എക്‌സ്‌പോയുടെ നടത്തിപ്പിനായി സ്വാഗത സംഘം രൂപീകരിക്കും. എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോം ഓഡിറ്റോറിയത്തില്‍ ചൊവ്വാഴ്ച്ച(ഫെബ്രുവരി 21) രാവിലെ 10.30 ന് സഹകരണം, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തിലാണ് സ്വാഗത സംഘം രൂപീകരിക്കുന്നത്. 
    
      സഹകരണ എക്‌സ്‌പോയുടെ രണ്ടാമത് എഡിഷന്‍, സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാം 100 ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഏപ്രില്‍ 22 മുതല്‍ 30 വരെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയം ഗ്രൗണ്ടിലാണ് സംഘടിപ്പിക്കുന്നത്. 

    സഹകരണ സംഘങ്ങള്‍ ഉല്പാദിപ്പിക്കുന്ന ഉല്പന്നങ്ങളുടെ പ്രദര്‍ശനവും സഹകരണ വിപണനവും, സഹകരണ പ്രസ്ഥാനത്തിന്റെ ചരിത്രം, വികാസ പരിണാമങ്ങള്‍ എന്നിവയും വകുപ്പ് ഏറ്റെടുത്തു നടത്തിവരുന്ന വിവിധ ജനകീയ പദ്ധതികള്‍ തുടങ്ങിയവ ഉള്‍പ്പെട്ട പ്രത്യേക പവിലിയന്‍, ഇന്ത്യയിലെയും ഏഷ്യന്‍ രാജ്യങ്ങളിലെയും സഹകരണ മാതൃകകള്‍ പരിചയപ്പെടുത്തുന്ന സ്റ്റാളുകള്‍, വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍, സഹകരണ മേഖലയിലെ കാലിക പ്രസക്തിയുള്ള സംഭവവികാസങ്ങളും പൊതുപ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യുന്ന അക്കാദമിക് വിദഗ്ധര്‍, പ്രൊഫഷണലുകള്‍ എന്നിവര്‍ പങ്കെടുക്കുന്ന ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ്, പൊതുജനങ്ങള്‍ക്കായി ദിവസവും സാംസ്‌കാരിക പരിപാടികള്‍, ഫുഡ് കോര്‍ട്ട്, പ്രോഡക്ട് ലോഞ്ചിംഗിനും പുസ്തക പ്രകാശനത്തിനും പ്രത്യേക വേദികള്‍ എന്നിവ എക്‌സ്‌പോയുടെ പ്രത്യേകതകളാണ്. 

    കേരള സമ്പദ്ഘടനയെ സജീവമാക്കുന്ന 100 വര്‍ഷത്തിലേറെ പാരമ്പര്യമുള്ള കേരളത്തിലെ സഹകരണ പ്രസ്ഥാനം ലോകത്തിന് മാതൃകയാണ്. ഈ മേഖല കൈവരിച്ച നേട്ടങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന ബദല്‍ മാതൃകയും ഉല്പാദന രംഗത്തെ ശ്രദ്ധേയമായ ചുവടുവയ്പുകളും പൊതുസമൂഹത്തിനു മുന്നില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് സഹകരണ എക്‌സ്‌പോ സംഘടിപ്പിക്കുന്നത്.

date