Skip to main content

കണിയാർക്കോട് - പാമ്പാടി ഗ്രൂപ്പ് സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്‌ഘാടനം ചെയ്തു

ഭൂരഹിതരില്ലാത്ത കേരളം ലക്ഷ്യം : മന്ത്രി കെ രാജൻ

പ്രാക്തന ഗോത്രവർഗക്കാർക്കും ഒരു നാട്ടിൽനിന്ന് മറ്റൊരു നാട്ടിലേക്ക് പലായനം ചെയ്യാൻ നിർബന്ധിതമായവർക്കും ഉൾപ്പെടെ ഭൂരഹിതരായ എല്ലാ വ്യക്തികളെയും ഭൂമിയുടെ അവകാശികളാക്കുംവിധം കേരളത്തെ മാറ്റിയെടുക്കുന്നതിനായാണ് പട്ടയ മിഷനുകൾ ആരംഭിക്കുന്നതെന്നും ഏപ്രിലിൽ മിഷൻ പ്രവർത്തനസജ്ജമാകുമെന്നും റവന്യു മന്ത്രി കെ രാജൻ. കണിയാർക്കോട് - പാമ്പാടി ഗ്രൂപ്പ് സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

എല്ലാവർക്കും ഭൂമി എന്നത് വെറും പ്രഖ്യാപനമല്ല. ഓരോ വ്യക്തിയെയും കണ്ട് ഭൂമിയില്ലാത്തവനെ തിരിച്ചറിഞ്ഞ് ഭൂവുടമകളാക്കാനുള്ള തീരുമാനമെടുത്ത സർക്കാരാണിത്. സർക്കാർ രൂപീകരിച്ചതിനു ശേഷം ആദ്യ അജണ്ടയായി സ്വീകരിച്ചത് അതിദരിദ്രരെ കണ്ടെത്തുക എന്നതായിരുന്നു. ഇന്ത്യയിൽ ആദ്യമായാകും ഒരു സംസ്ഥാനം ഇത്തരത്തിലൊരു തീരുമാനമെടുത്തിട്ടുണ്ടാവുക.  അതിന്റെ ഭാഗമായി കുടുംബശ്രീയുടെ സഹകരണത്തോടെ 64835 അതിദരിദ്രരുണ്ടെന്ന് കണ്ടെത്തുകയും അവരെ ദാരിദ്യത്തില്നിന്ന് സ്ഥായിയായി കരകയറ്റുന്നതിനു നടപടിയെടുത്തുവരികയുമാണെന്ന് മന്ത്രി പറഞ്ഞു.

പട്ടികജാതി പട്ടികവർഗ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ അധ്യക്ഷനായി. തിരുവില്വാമല വില്ലേജ് ഓഫീസ് കൂടി സ്മാർട്ട് ആവുന്നതോടെ സമ്പൂർണ സ്മാർട്ട് വില്ലേജ് മണ്ഡലമായി ചേലക്കര മാറുമെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാന നിർമ്മിതികേന്ദ്രം പ്രൊജക്റ്റ് എഞ്ചിനീയർ എ എം സതീദേവി റിപ്പോർട്ട് അവതരിപ്പിച്ചു. തിരുവില്വാല ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ പത്മജ, കൊണ്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ ശശിധരൻ മാസ്റ്റർ, ജില്ലാ പഞ്ചായത്ത് അംഗം  ദീപ എസ് നായർ, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ  പി എം അനീഷ്, ആശാദേവി, വാർഡ് മെമ്പർമാരായ നിഷമോൾ, സ്മിത സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ കളക്ടർ ഹരിത വി കുമാർ സ്വാഗതവും എം സി അനുപമൻ നന്ദിയും പറഞ്ഞു.

date