Skip to main content
ഡോ. അംബേദ്കർ മെമ്മോറിയൽ ഗവൺമെൻറ് മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ ഹോസ്റ്റൽ വിശ്രമ കേന്ദ്രം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം  ചെയ്യുന്നു

പട്ടിക ജാതി-വർഗ വിഭാഗങ്ങൾക്ക് സർക്കാർ മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുന്നു - മന്ത്രി കെ. രാധാകൃഷ്ണൻ

ആലപ്പുഴ: പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്ക് ആനുകൂല്യങ്ങളേക്കാൾ  മെച്ചപ്പെട്ട വിദ്യാഭ്യാസമാണ് ഉറപ്പാക്കേണ്ടതെന്ന് പട്ടികജാതി പട്ടിക വർഗ പിന്നാക്ക ക്ഷേമ, ദേവസ്വം, പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ. മികച്ച വിദ്യാഭ്യാസം നൽകുന്നതിലൂടെ ജീവിത നിലവാരം മെച്ചപ്പെടും. പട്ടികജാതി വികസന വകുപ്പിനുകീഴിൽ പുന്നപ്രയിൽ പ്രവർത്തിക്കുന്ന ഡോ. അംബേദ്കർ മെമ്മോറിയൽ ഗവൺമെൻറ് മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ ഹോസ്റ്റൽ വിശ്രമ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കലാകായിക അക്കാദമിക് മേഖലകളിൽ മികച്ച നേട്ടം കൈവരിച്ച വിദ്യാർഥിനികളെ ചടങ്ങിൽ ആദരിച്ചു.  എച്ച്. സലാം എം.എൽ.എ. അധ്യക്ഷനായി. 

ഈ സർക്കാർ അധികാരത്തിലേറിയ ശേഷം രണ്ട് മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾ കൂടി ആരംഭിക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണ്. അവസരം കിട്ടിയാൽ ആരെക്കാളും മുന്നേറാൻ കഴിയുമെന്നാണ് മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലെ (എം.ആർ.എസ്.) വിദ്യാർഥികൾ തെളിയിക്കുന്നത്. സർക്കാർ ചെലവഴിക്കുന്ന പണത്തിന്റെ 100 ശതമാനവും നേട്ടമായി അവർ തിരിച്ചു തരുകയാണ്. അട്ടപ്പാടി മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ എട്ട് വിദ്യാർത്ഥികൾക്കാണ് ഈ വർഷം എം.ബി.ബി.എസ്. പ്രവേശനം ലഭിച്ചത്. പുന്നപ്ര എം.ആർ.എസ്സിലെ മൂന്ന് പേർക്കും പ്രവേശനം ലഭിച്ചു. എസ്.എസ്.എൽ.സി., പ്ലസ് ടു വിജയശതമാനത്തിലും സ്കൂളുകൾ വലിയ നേട്ടമാണ് കൈവരിച്ചത്. ആരെയും മോശക്കാരാക്കാൻ അല്ല അവർ ശ്രമിക്കുന്നത്. ഒപ്പം എത്താൻ വേണ്ടിയുള്ള പ്രയത്നങ്ങളാണ്. ഈ രംഗത്തെ ഓരോ ചുവടും തുല്യതയിലേക്കാണ്. എം.ആർ.എസ്സുകളിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങളും സർക്കാർ ആരംഭിച്ചിട്ടുണ്ട്. സിനിമാ നിർമ്മാണം, അഭിനയം തുടങ്ങിയ മേഖലകളിലും വിദ്യാർഥികൾക്ക് പരിശീലനം നൽകും. ഇങ്ങനെ എല്ലാ മേഖലകളിലും ഈ വിഭാഗക്കാരുടെ സാന്നിധ്യം ഉറപ്പുവരുത്തുകയാണ് സർക്കാർ ലക്ഷ്യം വെക്കുന്നതെന്നും മന്ത്രി പറഞ്ഞു. 
പട്ടികജാതി വിഭാഗത്തിൽ നിന്നും 30,000 കുടുംബങ്ങളും പട്ടികവർഗ വിഭാഗത്തിൽ നിന്നും 3000 കുടുംബങ്ങളും ഉൾപ്പെടെ അതിദാരിദ്ര്യത്തിൽ കഴിയുന്ന  64,006 കുടുംബങ്ങളാണ് സംസ്ഥാനത്തുളളത്. അവരെക്കൂടി ഈ അവസ്ഥയിൽ നിന്നും മാറ്റുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിനായുള്ള പദ്ധതികളാണ് ഇപ്പോൾ ആവിഷ്കരിച്ചു നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

ചടങ്ങിൽ പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡൻറ് സജിത സതീശൻ,  വൈസ് പ്രസിഡന്റ് എ.പി. സരിത, സംസ്ഥാന പട്ടികജാതി ഉപദേശക സമിതി അംഗം രാമചന്ദ്രൻ മുല്ലശ്ശേരി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ ആർ. ജയരാജ്, പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് അംഗം സാജൻ എബ്രഹാം, പട്ടികജാതി ഉപദേശക സമിതി അംഗം ഡി. ലക്ഷ്മണൻ, പി.ടി.എ. പ്രസിഡന്റ് ഡി. സജീവ്, പ്രിൻസിപ്പാൾ ആർ. രഞ്ജിത്ത്, സീനിയർ സൂപ്രണ്ട് പി. ഐ. സിന്ധു, ഹെഡ്മിസ്ട്രസ് എം. ഹൈമ, ജില്ല പട്ടികജാതി വികസന ഓഫീസർ ബി. ബെഞ്ചമിൻ എന്നിവർ സംസാരിച്ചു.

date