Skip to main content

റവന്യൂ പുരസ്‌കാരങ്ങള്‍; മികച്ച നേട്ടവുമായി ആലപ്പുഴ

ആലപ്പുഴ: സംസ്ഥാന റവന്യൂ പുരസ്‌കാരങ്ങളില്‍ ആലപ്പുഴ ജില്ലയ്ക്ക് നേട്ടം. ആലപ്പുഴ അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് എസ്. സന്തോഷ്‌കുമാര്‍ ജനറല്‍ വിഭാഗത്തിലെ മികച്ച ഡെപ്യൂട്ടി കളക്ടറായി തിരഞ്ഞെടുക്കപ്പെട്ടു. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആശ സി. അബ്രഹാം ഈ വിഭാഗത്തിലെ മികച്ച ഡെപ്യൂട്ടി കളക്ടറായും തിരഞ്ഞെടുക്കപ്പെട്ടു. ലാന്‍ഡ് റവന്യൂ, സര്‍വെ, ദുരന്ത നിവാരണ വകുപ്പുകളില്‍ മികച്ച സേവനം കാഴ്ചവയ്ക്കുന്നവര്‍ക്കുള്ള പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. 

2022 മുതല്‍ ആലപ്പുഴ എ.ഡി.എം. സ്ഥാനത്ത് തുടരുന്ന സന്തോഷ്‌കുമാര്‍, കഴിഞ്ഞ വര്‍ഷത്തെ മികച്ച ലാന്‍ഡ് റവന്യൂ ഡെപ്യൂട്ടി കളക്ടര്‍ക്കുള്ള പുരസ്‌കാരവും നേടിയിരുന്നു. 2013-ല്‍ അമ്പലപ്പുഴ ലാന്‍ഡ് റവന്യൂ തഹസില്‍ദാറായിരുന്നു. 2018-ല്‍ ആലപ്പുഴ ലാന്‍ഡ് റവന്യൂ ഡെപ്യൂട്ടി കളക്ടറായി. 
2016-2018 കാലത്ത് അമ്പലപ്പുഴ തഹസില്‍ദാറായിരുന്ന ആശ സി. അബ്രഹാം 2019-ല്‍ ലാന്‍ഡ് റവന്യൂ ഡെപ്യൂട്ടി കളക്ടറായി. 2020 മുതല്‍ ആലപ്പുഴ ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടറായി. 2021-ല്‍ കോട്ടയം എ.ഡി.എം. ആയി പ്രവര്‍ത്തിച്ച അവര്‍ 2022 മുതല്‍ ആലപ്പുഴ ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടറായി തുടരുന്നു. 

ലാന്റ് റവന്യൂ വകുപ്പില്‍ നിന്നും ഓരോ ജില്ലയിലേയും മികച്ച മൂന്ന് വില്ലേജ് ഓഫീസര്‍മാര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ പാണാവള്ളി വില്ലേജിലെ കെ. ബിന്ദു, മുല്ലയ്ക്കല്‍ വില്ലേജിലെ സിനിരാജ്, കൃഷ്ണപുരം വില്ലേജിലെ എന്‍. അനൂപ് എന്നിവര്‍ നേടി. ജില്ലയിലെ മികച്ച വില്ലേജ് ഓഫീസായി ചേര്‍ത്തല താലൂക്കിലെ തണ്ണീര്‍മുക്കം തെക്ക് വില്ലേജ് തിരഞ്ഞെടുക്കപ്പെട്ടു.   

date