Skip to main content

റോഡിലെ കേബിൾ ചുറ്റി അപകടം: ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് എതിരെ  കർശന നടപടിയെന്ന് മന്ത്രി ആന്റണി രാജു

കൊച്ചിയിൽ റോഡിൽ താഴ്ന്ന്കിടക്കുന്ന കേബിളിൽ കുരുങ്ങി 21.02.2023-ൽ ഇരുചക്ര വാഹന യാത്രക്കാരന് അപകടമുണ്ടായ സംഭവത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുവാൻ റോഡ് സുരക്ഷാ അതോറിറ്റി ചെയർമാൻ കൂടിയായ മന്ത്രി ആന്റണി രാജു നിർദ്ദേശം നൽകിയതിനെ തുടർന്ന് റോഡ് സുരക്ഷാ കമ്മീഷണർ എസ്.ശ്രീജിത്ത് ഐ.പി.എസ് എറണാകുളം ജില്ലാ കളക്ടറോടും, എറണാകുളം സിറ്റി പോലീസ് കമ്മീഷണറോടും നിയമ നടപടി ആരംഭിക്കാൻ ആവശ്യപ്പെട്ട് കത്ത് നൽകി. റോഡുകളിലും പാതയോരങ്ങളിലും അലക്ഷ്യമായി കേബിളുകളും വയറുകളും താഴ്ന്ന്കിടക്കുന്നതുമൂലമുണ്ടാകുന്ന അപകടങ്ങൾക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉത്തരവാദികളായിരിക്കുമെന്ന് 14.02.2023-ൽ എറണാകുളത്ത് മന്ത്രി ആന്റണി രാജു വിളിച്ചു ചേർത്ത യോഗത്തിൽ മുന്നറിയീപ്പ് നൽകിയിരുന്നു. സംസ്ഥാനത്തെ റോഡുകളിൽ കിടക്കുന്ന കേബിളുകളും വയറുകളും അലക്ഷ്യമായി താഴ്ന്ന്കിടക്കുന്നതുമൂലം ഇരുചക്രവാഹന യാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും കാൽനടക്കാർക്കും നിരന്തരം ഉണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് കർശന നടപടി. പൊതുനിരത്തിലെ അപകടകരമായ വസ്തുക്കൾ നീക്കുന്നതിന് ഉത്തരവിടാനുള്ള അധികാരം 2007-ലെ കേരള റോഡ് സേഫ്ടി അതോറിറ്റി ആക്ടിലെ 14-ാം വകുപ്പ് പ്രകാരം റോഡ് സുരക്ഷാ അതോറിറ്റിയ്ക്ക് ഉണ്ട്. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് 10 വർഷം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്യേണ്ടിവരും.

പി.എൻ.എക്സ്. 941/2023

date