Skip to main content

പാറശ്ശാല നിയോജക മണ്ഡലം കേരളത്തിലെ ആദ്യ സമ്പൂര്‍ണ തരിശ് രഹിത മണ്ഡലം ആകുന്നു

 

ഹരിത കേരള മിഷനും കേരള കൃഷി വകുപ്പും സംയുക്തമായി പാറശാല നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കിവരുന്ന സമ്പൂര്‍ണ്ണ തരിശ് നിര്‍മ്മാര്‍ജന ജൈവ കാര്‍ഷിക കര്‍മ്മ പദ്ധതിയായ തളിരിന്റെ ഭാഗമായി മണ്ഡലത്തിലെ ഒമ്പത് പഞ്ചായത്തുകളിലെയും തരിശുനിലങ്ങള്‍ കൃഷിയോഗ്യമാക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്.

ഈ മാസം 29 ന് പാറശ്ശാല മണ്ഡലം സമ്പൂര്‍ണ്ണ തരിശു വിമുക്തമായി പ്രഖ്യാപിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായെന്നും  ഇതിനുമുന്നോടിയായി എല്ലാ  പഞ്ചായത്തുകളിലും തരിശ് രഹിത പ്രഖ്യാപനം നടത്തുമെന്നും സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ പറഞ്ഞു.  കുന്നത്തുകാല്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സമ്പൂര്‍ണ്ണ തരിശ് നിര്‍മാര്‍ജന പദ്ധതിയായ തളിരിന്റെ അവലോകന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.12 ഹെക്ടര്‍ മാത്രമുണ്ടായിരുന്ന നെല്‍ കൃഷി നാല്‍പതിലേറെ ഹെക്ടറിലേക്ക് വ്യാപിപ്പിക്കാനായത്  പദ്ധതിയുടെ സമ്പൂര്‍ണ വിജയമാണെന്നും എം.എല്‍.എ പറഞ്ഞു.

മണ്ഡലത്തിലെ മുഴുവന്‍ തരിശിടങ്ങളും പഞ്ചായത്ത് കൃഷി ഓഫീസുകളുടെ നേതൃത്വത്തില്‍ കണ്ടെത്തിയിരുന്നു. ഇത് പ്രകാരം 40 ഹെക്ടര്‍ സ്ഥലത്ത് പുതുതായി കൃഷി ആരംഭിച്ചു. നെല്‍കൃഷിയ്ക്ക് ഏറെ പ്രാധാന്യം നല്‍കിയാണ് പദ്ധതി നടപ്പിപിലാക്കിയത്. മറ്റ് കൃഷികള്‍ക്കായി ഉപയോഗിച്ചിരുന്ന പാഠശേഖരങ്ങളില്‍  നെല്‍കൃഷി പുനരാരംഭിച്ചു.

നെല്‍കൃഷിയ്ക്ക് പുറമെ പച്ചക്കറി കൃഷിയും, വാഴയും ഒപ്പം ജലസേചനം കുറവുള്ള പ്രദേശങ്ങളില്‍ ഫലവൃക്ഷതൈകളും നട്ടുപിടിപ്പിച്ചു.  മണ്ഡലത്തിലാകെ പത്ത് ലക്ഷം  പച്ചക്കറി, കറിവേപ്പില, ഫലവൃക്ഷ തൈകള്‍ എന്നിവ തളിരിന്റെ ഭാഗമായി വിതരണം ചെയ്തു.  ആര്‍.ടി.ടി.സിയുടെ സഹായത്തോടെ ഓരോ പഞ്ചായത്തിലെയും തിരഞ്ഞെടുക്കപ്പെട്ട കര്‍ഷകര്‍ക്ക് ആധുനിക കാര്‍ഷിക ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള പരിശീലനവും നല്‍കി.

കുളങ്ങള്‍, നീര്‍ച്ചാലുകള്‍ പാരമ്പര്യ ജലസ്രോതസ്സുകള്‍ എന്നിവ പദ്ധതിയിലുള്‍പ്പെടുത്തി നവീകരിച്ചു. ജൈവകൃഷി നടത്തുന്നതിനും കാര്‍ഷികമേഖലയിലെ നൂതന സങ്കേതികവിദ്യങ്ങളെ കുറിച്ച് കര്‍ഷകര്‍ക്ക് അറിവ് പകരുന്നതിനുമായി കാര്‍ഷിക വിജ്ഞാന സെമിനാറുകളും സംഘടിപ്പിച്ചു.

 കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.എസ്. അരുണ്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പെരുങ്കടവിള  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുജാതകുമാരി,പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ ആര്‍ സുനിത അമ്പൂരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. ഷാജി, വെള്ളറട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ശോഭകുമാരി, കൊല്ലയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലേഖ, തളിര് മണ്ഡലം കണ്‍വീനറും കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍  പി. വിനയചന്ദ്രന്‍, ഹരിത കേരളം മിഷന്‍  ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഹരിപ്രിയ, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സുരേഷ് കുമാര്‍ ജില്ലാ ലാന്‍ഡ് ബോര്‍ഡ് പ്രതിനിധി അജി, തളിര് നിയോജകമണ്ഡലം കോ ഓര്‍ഡിനേറ്റര്‍ അജിത് സിംഗ്, കൃഷി ഓഫീസര്‍മാര്‍, ഉദ്യോഗസ്ഥര്‍ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.പി. 2021/2018)

date