Skip to main content

സംവരണം: റൊട്ടേഷന്‍ ചാര്‍ട്ട് നല്‍കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി -വിവരാവകാശ കമ്മിഷണര്‍

 

കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയിലെ (കുസാറ്റ്) അസിസ്റ്റന്റ്, ഹെവി ഡ്യൂട്ടി ഡ്രൈവര്‍ നിയമനവുമായി ബന്ധപ്പെട്ട കമ്യൂണിറ്റി റൊട്ടേഷന്‍ ചാര്‍ട്ട് ലഭ്യമാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ വിവരാവകാശ കമ്മീഷന്‍  നടപടിയെടുക്കും.  കൊച്ചി സ്വദേശി പുന്നക്കാടന്‍ ഗീരീഷ ബാബു നല്‍കിയ  വിവരാവകാശ അപേക്ഷയില്‍ മറുപടി നല്‍കുന്നതില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ എ അബ്ദുല്‍ ഹക്കീം പറഞ്ഞു. കുസാറ്റിലെ ഒന്നാം അപ്പീല്‍ അധികാരിയായ രജിസ്ട്രാര്‍, വിവര വിതരണകാര്യ വകുപ്പ് ചുമതലയുള്ള ജോയിന്റ് രജിസ്ട്രാര്‍ എന്നിവരെ കമ്മീഷന്‍ മലപ്പുറത്തേക്ക് വിളിച്ചു വരുത്തി. റൊട്ടേഷന്‍ ചാര്‍ട്ട് നഷ്ടപ്പെട്ടെന്ന് ബോധിപ്പിച്ച രജിസ്ട്രാറോട് നടപടിക്രമങ്ങള്‍ പാലിച്ച് ഒരു മാസത്തിനകം റൊട്ടേഷന്‍ ചാര്‍ട്ട് പുനഃസൃഷ്ടിക്കാന്‍ കമ്മീഷന്‍ ഉത്തരവിട്ടു. അല്ലാത്തപക്ഷം വിജിലന്‍സ് അന്വേഷണവും വകുപ്പുതല നടപടികളും വേണ്ടി വരുമെന്നും കമ്മിഷണര്‍ പറഞ്ഞു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ തെളിവെടുപ്പ് നടത്തുകയായിരുന്നു അദ്ദേഹം.

ഇടുക്കി ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസറായിരിക്കെ മരണപ്പെട്ട ടി.സി ജയരാജന്റെ സര്‍വ്വീസ് ആനുകൂല്യങ്ങള്‍ നല്‍കാത്തത് സംബന്ധിച്ച്  അഡ്വ. ജോര്‍ജ് തോമസ് നല്‍കിയ വിവരാവകാശ അപേക്ഷയില്‍ മറുപടി നല്‍കുന്നതില്‍ വീഴ്ച വരുത്തിയ ഇടുക്കി ഡി.എം.ഒ ഓഫീസിലെ  എസ്.പി.ഐ.ഒ, ഒന്നാം അപ്പീല്‍ അധികാരി എന്നിവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കമ്മീഷന്‍ ഉത്തരവിട്ടു. വിവരാവകാശ നിയമത്തിലെ 20(1), 20(2) വകുപ്പുകള്‍ പ്രകാരം ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കും. ടി.സി ജയരാജന്റെ സര്‍വ്വീസ് ബുക്ക് കാണാനില്ലാത്തതാണ് ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് തടസ്സമെന്ന് ഡി.എം.ഒ അധികൃതര്‍ അറിയിച്ചു. തിരുവനന്തപുരം ഏജീസ് ഓഫീസില്‍ നിന്നും ഇടുക്കി ഡി.എം.ഒ ഓഫീസിലേക്ക് 2000 ജൂലൈ 31 ന് അയച്ച സര്‍വ്വീസ് ബുക്ക് നഷ്ടപ്പെടാനിടയാക്കിയത് ഡി.എം.ഒ ഓഫീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയാണെന്ന് കമ്മീഷന്‍ വിലയിരുത്തി.
വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാവണം.  വിവരാവകാശ നിയമത്തിന്റെ മഹത്വം കാത്തുസൂക്ഷിക്കുന്ന രൂപത്തില്‍ ഉദ്യോഗസ്ഥര്‍ ഇടപെടണം. പൗരന്റെ നികുതിപ്പണം ഉപയോഗിച്ച് സര്‍ക്കാരും സര്‍ക്കാര്‍ ഓഫീസുകളും എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് അറിയാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. വിവരങ്ങള്‍ ലഭ്യമാണെങ്കില്‍ 30 ദിവസം കാത്തിരിക്കാനത് അപേക്ഷകന് അവ നല്‍കാമെന്നും കമീഷണര്‍ വ്യക്തമാക്കി.
   ഹിയറിങിന് എന്ന പേരില്‍ ഒന്നാം അപ്പലേറ്റ് അതോറിറ്റി അപേക്ഷകരെ വിളിച്ചു വരുത്തുന്നതും വിവരാവകാശ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. ഉദ്യോഗസ്ഥരോടുള്ള വ്യക്തിവിരോധം തീര്‍ക്കാനും ശത്രുസംഹാരത്തിനുമുള്ള മാര്‍ഗമായി വിവരാവകാശ നിയമത്തെ കാണരുതെന്ന് പൊതുജനങ്ങളോടും കമ്മീഷണര്‍ അഭ്യര്‍ത്ഥിച്ചു.
19 അപേക്ഷകളാണ് വിവരാവകാശ കമീഷന്റെ തെളിവെടുപ്പില്‍ എത്തിയത്.  തിരുവാലി വില്ലേജിലെ റീസര്‍വ്വേയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് യഥാസമയം മറുപടി നല്‍കുന്നതില്‍ വീഴ്ച വരുത്തിയ നിലമ്പൂര്‍ തഹസില്‍ദാറോട് നടപടിക്രമങ്ങളിലെ പിഴവുകള്‍ പരിഹരിച്ച് ഒരു മാസത്തിനകം മറുപടി നല്‍കാന്‍ കമ്മീഷന്‍ ഉത്തരവിട്ടു. നോട്ടീസ് ലഭിച്ചിട്ടും ഹിയറിങിന് ഹാജരാവാതിരുന്ന നിലമ്പൂര്‍ (നോര്‍ത്ത്) ഡി എഫ്.ഒ, എസ്.പി.ഐ.ഒ, എന്നിവര്‍ക്ക് സമന്‍സ് അയക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചു. മെയ് 3 ന് ഇവര്‍ തിരുവനന്തപുരത്തെ വിവരാവകാശ കമ്മീഷന്‍ ആസ്ഥാനത്ത് നേരിട്ട് ഹാജരാവണം.  അപ്പീല്‍ നല്‍കിയിട്ടും വിവരങ്ങള്‍ ലഭ്യമാക്കാതിരുന്ന അഞ്ച് വിവരാവകാശ അപേക്ഷകളുടെ മറുപടി ഹിയറിങില്‍ വെച്ച് ഉദ്യോഗസ്ഥര്‍ കമ്മീഷന് നേരിട്ട് കൈമാറി.

date