Skip to main content

സ്ത്രീകളിലെ വിളര്‍ച്ച പരിഹരിക്കുന്നതിന് വിവ ക്യാംപയിന്‍

 

    സ്ത്രീകളിലെ വിളര്‍ച്ച കണ്ടെത്തി ചികിത്സിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന വിവ (വിളര്‍ച്ചയില്‍ നിന്ന് വളര്‍ച്ചയിലേക്ക്) ക്യാംപയിന് തുടക്കമായി.  ക്യാംപയിന്റെ ഭാഗമായി 19 മുതല്‍ 59 വയസ് വരെയുള്ള സ്ത്രീകളിലെ വിളര്‍ച്ച കണ്ടെത്തുന്നതിന് ഹീമോഗ്ലോബിന്‍ പരിശോധനയാണ് നടത്തുന്നത്.  സര്‍ക്കാര്‍ ലാബുകളില്‍ എത്തുന്നവര്‍ക്ക് സൗജന്യമായി ഹീമോഗ്ലോബിന്‍ പരിശോധന നടത്തും. തദ്ദേശ സ്ഥാപനതലത്തില്‍ പരിശോധന ക്യാംപുകളും ജില്ലയില്‍ സംഘടിപ്പിക്കും. 
    

    പരിശോധനയില്‍ വിളര്‍ച്ച കണ്ടെത്തുന്നവര്‍ക്ക് ആവശ്യമായ ചികിത്സയും ലഭ്യമാക്കും.  സ്ത്രീകളില്‍ വിളര്‍ച്ച കൂടിവരുന്ന സാഹചര്യത്തിലാണ് വിവ കേരള ക്യാംപയിന്‍ ആരംഭിച്ചത്. ഹീമോഗ്ലോബിന്റെ അളവ് കുറയുന്നവര്‍ക്കാണ് ചികിത്സ നല്‍കുന്നതെന്ന് ആര്‍.സി.എച്ച് ജില്ലാ ഓഫീസര്‍ ഡോ. ശിവദാസ് പറഞ്ഞു.  
    
    തദ്ദേശസ്ഥാപന തലത്തില്‍ വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാകും ഹീമോഗ്ലോബിന്‍ പരിശോധന നടത്തുന്നത്. ഇതിനായി തദ്ദേശ സ്ഥാപന അധ്യക്ഷര്‍, സെക്രട്ടറിമാര്‍, വിവിധ സംഘടനാ ഭാരവാഹികളുടെ യോഗം വിളിച്ചു ചേര്‍ക്കുവാനും അസിസ്റ്റന്റ് കളക്ടര്‍ ഹര്‍ഷല്‍ ആര്‍ മീണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. 
    
    ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എസ്.ശ്രീദേവി
ഡെപ്യുട്ടി ഡിഎംഒ ഡോ.കെ.സവിത, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date